സ്വന്തം വ്യക്തിത്വത്തെ സമൂലം രൂപാന്തരപ്പെടുത്തുകയും ഒരു നല്ല മനുഷ്യനായിത്തീരുകയും ചെയ്യണെങ്കില് ഒരു ഉപാസകന് ആദ്യമായി വേണ്ടത് സ്വന്തം മനസ്സിനെ ആത്മനിയന്ത്രണത്തില്‍ കൊണ്ടുവരികയെന്നുള്ളതാണ്. ഒരു നദിയെ സ്വേച്ഛാനുരൂപം മെരുക്കിയെടുക്കാന്‍ അതിലെ ജലപ്രവാഹത്തെ സ്വേച്ഛയ്ക്ക് അധീനമാക്കുകയാണ് വേണ്ടത്. അതുപോലെ മനസ്സിനെ അധീനപ്പെടുത്താന്‍ മൂന്ന് നിശ്ചിതപരിപാടികളോടുകൂടിയ ഒരു ‘സ്കീം’ നടപ്പിലാക്കേണ്ടതുമുണ്ട്. നിലവിലുള്ള വ്യക്തിത്വത്തിന്റെ ഘടനാസ്വഭാവത്തേയും രൂപത്തേയും പൂര്‍ണമായും മാറ്റുന്നതിനുവേണ്ടി നമ്മിലൊഴുകുന്ന വിചാരധാരയുടെ (1) ഗുണവും (2) പരിണാമവും (3) മാര്‍ഗ്ഗവും നമുക്ക് മാറ്റേണ്ടതുണ്ട്. ഇതാണ് ആന്തരികമായ പുനഃരുത്ഥാപനത്തിന്റെ രഹസ്യം.
നമ്മുടെ മനസ്സില്‍ ഏന്തിത്തള്ളിവരുന്ന വിചാരങ്ങളുടെ ഗുണം നമ്മുടെ അന്തര്വ്വിചാരങ്ങള്ക്ക് രൂപംനല്കുന്ന അവരെ ഉദ്ദീപിപ്പിക്കുന്ന – ദ്രവ്യവിശേഷത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. സദ്ഗ്രന്ഥങ്ങളുടെയും സജ്ജനങ്ങളുടെയം ശക്തിമത്തായ അഭിലാഷത്തിന്റെയും ആവേശകരമായ ആദര്‍ശങ്ങളുടെയും സമ്പര്‍ക്കം സാധകന്റെ ഹൃദയത്തില്‍ കുടികൊള്ളുന്ന വിചാരാകാരത്തിന്റെ വര്ണത്തെത്തന്നെ മാറ്റാന്‍ ശക്തമാണ്. തന്റെ ‘ഹൃദയനാഥ’ന് തികച്ചും അടിപണിയുകയും ഈശ്വരനേയും ഈശ്വരന്റെ ഗുണഗണങ്ങളെയും സര്‍വ്വോത്തമമായ പ്രേമത്തെയും അനന്തമായ മാഹാത്മ്യത്തെയും ദിവ്യമായ നീതിബോധത്തെയും മറ്റും പറ്റി സദാ അനുസ്മരിക്കുകയും ചെയ്യുകവഴി ഉപാസകന്റെ ‘വിചാരഗുണം’ സമ്പര്ക്കഗുണത്താല് തെളിഞ്ഞുയരുകതന്നെ ചെയ്യുന്നു. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഈശ്വരനോടുള്ള വിധേയത്വം, അതേ ഭക്തിയാണ് വിചാരങ്ങളുടെ ഗുണസ്വഭാവത്തെ മാറ്റാനുതകുന്ന ഒരേയൊരു മാര്‍ഗം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: