ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം: മോദി

Wednesday 15 January 2014 10:54 pm IST

ഗാന്ധിനഗര്‍: രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യണമെന്ന്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമ്രാദി അഭിപ്രായപ്പെട്ടു. അച്ചടക്കമില്ലാത്ത സാമ്പത്തിക നയങ്ങളായിരുന്നു യുപിഎയുടെ പത്ത്‌ വര്‍ഷത്തെ ഭരണകാലത്തുണ്ടായിരുന്നതെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രികുടിയായ മോദി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ യുപിഎ പരാജയപ്പെട്ടെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ പിന്നോട്ടു നയിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവാത്തതാണ്‌ ഏറ്റവും വലിയ നിരാശയെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ ആസൂത്രണം ഇല്ലാത്തതാണ്‌ ഇന്ത്യയുടെ മുഖ്യ വികസന പ്രശ്നം. അതുകൊണ്ടു തന്നെ ഇന്ത്യ പ്രതീക്ഷക്കൊത്ത്‌ ഉയരാത്ത രാജ്യങ്ങളുടെ പട്ടികയിലാണെന്നും മോദി കുറ്റപ്പെടുത്തി. ശരിയായ ആസൂത്രണം ഉണ്ടെങ്കില്‍ നമുക്ക്‌ ഉയരത്തില്‍ എത്താന്‍ സാധിക്കും. ഇന്ന്‌ ഇന്ത്യ വികസനം എത്തിയിട്ടില്ലാത്ത രാജ്യമാണ്‌. രാജ്യത്തെ വ്യവസായ വളര്‍ച്ചക്ക്‌ അവസരങ്ങളുടെ അഭാവം ഇല്ല. എന്നാല്‍ സമ്പദ്‌ വ്യവസ്ഥയുടെ വികാസത്തിന്‌ ശരിയായ അന്തരീക്ഷവും ആത്മവിശ്വാസവും പ്രധാനമാണെന്ന്‌ മോദി അഭിപ്രായപ്പെട്ടു. ഗാന്ധിനഗറില്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ചേംബേഴ്സ്‌ ഓഫ്‌ കൊമേഴ്സ്‌ (ഫിക്കി) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ആഭ്യന്തര വളര്‍ച്ചയെക്കുറിച്ച്‌ പ്രധാനമന്ത്രി പറഞ്ഞത്‌ എങ്ങനെ സാധിക്കും. ധാതുലവണങ്ങള്‍ കയറ്റി അയക്കുന്നുണ്ട്‌ എന്നാല്‍ രാജ്യത്ത്‌ തൊഴിലും വികസനവും സൃഷ്ടിക്കപ്പെടുന്നില്ല. എല്ലാത്തിനോടും സത്യസന്ധമായ സമീപനം അനിവാര്യമാണെന്നും മോദി വ്യക്തമാക്കി.
വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്ന പ്രധാന ഘടകം ഊര്‍ജ്ജ ഉറവിടമാണ്‌. ഇന്ധനത്തിന്റെ അഭാവംമൂലം നമ്മുടെ വ്യവസായമേഖല തളര്‍ച്ചയിലാണ്‌. ആരെങ്കിലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും മോദി ചോദിച്ചു. രാജ്യത്തെ ഇത്തരം പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല എന്നതാണ്‌ നിരാശയ്ക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, സേവനം എന്നീ രണ്ട്‌ മേഖലകളാണ്‌ പ്രധാനമായും ഉള്ളത്‌. ഗ്രാമീണ മേഖലകളിലെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്ക്‌ ഈ മേഖലകളിലെ ഉത്പാദന പുരോഗതിയില്‍ ശ്രദ്ധ ചെലുത്തണം. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച്‌ ഭൂമിയുടെ വിസ്തൃതി കുറയുകയാണ്‌. പുരോഗതിയില്‍ സാധാരാണക്കാരനാണ്‌ ഓഹരിഉടമകള്‍. അതുകൊണ്ടുതന്നെ ചെറുകിട വ്യവസായങ്ങള്‍ നാം ആരംഭിക്കണം. രാജ്യത്തിന്റെ പുരോഗതിക്ക്‌ ചെറുകിട സംരംഭങ്ങള്‍ അനിവാര്യമാണ്‌.
ആരോഗ്യ മേഖലയിലേയും സ്ഥിതി മോശമാണ്‌. വളരെ മോശം ചികിത്സയാണ്‌ ഓരോ സാധാരണക്കാരനും ലഭിക്കുന്നത്‌. ഇന്ത്യയിലെ ആശുപത്രികള്‍ ലോകത്ത്‌ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നാല്‍ ഇന്‍ഷുറന്‍സ്‌ പോളിസിയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്‌. ഇന്‍ഷുറന്‍സ്‌ നല്‍കാന്‍ നമുക്ക്‌ സാധിക്കുമെങ്കില്‍ വിദേശികള്‍ പോലും ഇവിടെ ചികിത്സക്കായെത്തും. റെയില്‍വേ, പ്രതിരോധ മന്ത്രാലയം തുടങ്ങിയ മേഖലകളിലെ ഒഴിവുകള്‍ നികത്തണമെന്നും മോദി പഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.