ട്വന്റി 20 പരമ്പരയും ന്യൂസിലാന്റിന്‌

Wednesday 15 January 2014 10:58 pm IST

വെല്ലിംഗ്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാ ട്വന്റി 20യിലും ന്യൂസിലാന്റിന്‌ മികച്ച വിജയം. നാല്‌ വിക്കറ്റിനാണ്‌ കിവീസ്‌ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്‌. ഇതോടെ രണ്ട്‌ മത്സരങ്ങളുടെ പരമ്പര ന്യൂസിലാന്റ്‌ സ്വന്തമാക്കി. ആദ്യ ട്വന്റി 20യില്‍ ന്യൂസിലാന്റ്‌ 81 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നലെ ആദ്യം ബാറ്റ്‌ ചെയ്ത വെസ്റ്റിന്‍ഡീസ്‌ 20 ഓവറില്‍ 5 വിക്കറ്റ്‌ നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ്‌ ഒരു ഓവര്‍ ബാക്കിനില്‍ക്കേ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 163 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.28 പന്തില്‍ നിന്ന്‌ പുറത്താകാതെ 51 റണ്‍സെടുത്ത റോഞ്ചിയുടെ മികച്ച ബാറ്റിംഗാണ്‌ ന്യൂസിലാന്റിന്‌ മികച്ച വിജയം സമ്മാനിച്ച്‌. റോഞ്ചിയാണ്‌ മാന്‍ ഓഫ്‌ ദി മാച്ചും. വിന്‍ഡീസിന്‌ വേണ്ടി ജാസണ്‍ ഹോള്‍ഡര്‍ അരങ്ങേറ്റം നടത്തി.
ആദ്യം ബാറ്റ്‌ ചെയ്ത വിന്‍ഡീസ്‌ രാംദിന്റെയും (55നോട്ടൗട്ട്‌) ഫ്ലച്ചറുടെയും (40) സിമണ്‍സിന്റെയും (29) മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ്‌ 159 റണ്‍സ്‌ അടിച്ചുകൂട്ടിയത്‌. 31 പന്തുകളില്‍ നിന്ന്‌ മൂന്നുവീതം ബൗണ്ടറികളും സിക്സറുകളുമുള്‍പ്പെട്ടതായിരുന്നു രാംദിന്റെ ഇന്നിംഗ്സ്‌.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ്‌ തുടക്കത്തിലെ തകര്‍ച്ചക്കുശേഷമാണ്‌ മികച്ചവിജയം കൊയ്തത്‌. ഒരുഘട്ടത്തില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 79 റണ്‍സ്‌ എന്ന നിലയില്‍ നിന്നാണ്‌ ടെയ്‌ലറും റോഞ്ചിയും ചേര്‍ന്ന്‌ ന്യൂസിലാന്റിനെ വിജയതീരത്തെത്തിച്ചത്‌. റോഞ്ചി28 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുകളുമടക്കം പുറത്താകാതെ 51 റണ്‍സെടുത്തപ്പോള്‍ ടെയ്‌ലര്‍ 39 റണ്‍സും നേടി. 14 റണ്‍സെടുത്ത നീഷാം പുറത്താകാതെ നിന്നു. ജെസ്സി റൈഡര്‍ 23 റണ്‍സെടുത്തു. വിന്‍ഡീസിന്‌ വേണ്ടി അരങ്ങേറ്റക്കാരന്‍ ഹോള്‍ഡര്‍, സുനില്‍ നരേയ്ന്‍, റസ്സല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.