പട്ടാളമാര്‍ച്ചിനെതിരെ പ്രതിഷേധം ഉയരുന്നു; രാജ്യദ്രോഹക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ബിജെപി

Wednesday 15 January 2014 10:42 pm IST

കാസര്‍കോട്‌: നബിദിനാഘോഷത്തില്‍ കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും നടത്തിയ പട്ടാള മാര്‍ച്ചിനെതിരെ പ്രതിഷേധമുയരുന്നു. രാജ്യദ്രോഹകുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. പട്ടാളമാര്‍ച്ച്‌ ഇസ്ലാമിനും നിയമവാഴ്ചയ്ക്കും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നടന്ന പട്ടാളവേഷമാര്‍ച്ച്‌ ജില്ലയില്‍ മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ്‌. ആഘോഷങ്ങളില്‍ പ്രകോപനങ്ങള്‍ ഇല്ലാതെ സംയമനം പാലിക്കണമെന്നും ശ്വേതവസ്ത്രം മാത്രമേ ധരിക്കാവു എന്ന സംയുക്ത ജമാഅത്തുകളുടെ തീരുമാനങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ തയ്യാറാകണമെന്നും ശ്രീകാന്ത്‌ ആവശ്യപ്പെട്ടു.
2012 നബിദിന റാലിയില്‍ പട്ടാള വേഷമണിഞ്ഞവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന്‌ കേസെടുത്ത പോലീസ്‌, തങ്ങളുടെ കണ്‍മുന്നില്‍ തന്നെ ഇത്തരത്തില്‍ മാര്‍ച്ച്‌ നടന്നപ്പോള്‍ പ്രതികളെ പിടികൂടുന്നതിനുപകരം സംരക്ഷണം നല്‍കുകയാണ്‌ ചെയ്തത്‌. അന്ന്‌ മൂന്ന്‌ പേരെ അറസ്റ്റ്‌ ചെയ്തതല്ലാതെ കുറ്റപത്രം നല്‍കിയിട്ടില്ല. പോലീസിന്റെ നിഷ്ക്രിയത്വവും പ്രതികളുടെ ഭരണസ്വാധീനവുമാണ്‌ ഇതിനുപിന്നില്‍. മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ആഭ്യന്തരമന്ത്രി രമേഷ്‌ ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന്‌ കേസ്‌ അട്ടിമറിക്കുകയാണ്‌ ചെയ്തത്‌. രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട്‌ വ്യക്തമാക്കണമെന്നും രാജ്യദ്രോഹികളായ പ്രതികളെ പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ശ്രീകാന്ത്‌ മുന്നറിയിപ്പ്‌ നല്‍കി.
കാസര്‍കോട്‌ അണങ്കൂരിലും കാഞ്ഞങ്ങാട്‌ ആറങ്ങാടിയിലും ഇന്ത്യന്‍ പട്ടാളക്കാര്‍ ധരിക്കുന്ന പ്രത്യേക ഓപ്പറേഷനുകളില്‍ ധരിക്കുന്ന യൂണിഫോം അണിഞ്ഞ്‌ ഒരു സംഘം മതതീവ്രവാദികളാണ്‌ വെല്ലുവിളിച്ചുകൊണ്ട്‌ നബിദിന റാലി നടത്തിയത്‌.
പ്രകോപനപരമായ മുദ്രാവാക്യങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷത്തിന്‌ ഇടയാക്കുന്നതരത്തിലുള്ള റാലികളാണ്‌ പല സ്ഥലങ്ങളിലും നടന്നത്‌. മതതീവ്രവാദ സംഘടനകളോട്‌ സാമ്യമുള്ള വസ്ത്രം ധരിച്ച്‌ കുട്ടികളെ അടക്കം പങ്കെടുപ്പിച്ചാണ്‌ റാലി നടത്തിയത്‌. സംഘര്‍ഷ സാധ്യത പലസ്ഥലത്തും ഉണ്ടായിട്ടും പോലീസ്‌ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. പട്ടാളവേഷം ധരിച്ചെന്ന ആക്ഷേപം ശക്തമായതോടെയാണ്‌ സംഭവത്തില്‍ പോലീസ്‌ കേസെടുക്കാന്‍ തയ്യാറായത്‌.
പട്ടാളയൂണിഫോമിനോട്‌ സാദൃശ്യമുള്ള വേഷം ധരിച്ചെത്തിയെന്നും സംഘം ചേര്‍ന്നു എന്ന നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ്‌ പോലീസ്‌ കേസെടുത്തത്‌. കാഞ്ഞങ്ങാട്‌ 25 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും അണങ്കൂരില്‍ നടന്ന മാര്‍ച്ചില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ്‌ കേസ്‌. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ്‌ രാജ്യദ്രോഹക്കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്യാതെ കണ്ടാലറിയാവുന്ന പേരില്‍ പോലീസ്‌ കേസെടുത്തത്‌.
2012-ല്‍ ഇതിനുസമാനമായ പട്ടാള മാര്‍ച്ചാണ്‌ നടന്നത്‌. അന്നും കേസെടുക്കാന്‍ പോലീസ്‌ തയ്യാറായില്ല. വ്യാപക പ്രക്ഷോഭത്തെ തുടര്‍ന്നാണ്‌ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പിന്നീട്‌ കേസെടുക്കാന്‍ പോലീസ്‌ തയ്യാറായത്‌. ഇതിനെതിരെ യൂത്ത്ലീഗ്‌ നേതൃത്വം പ്രക്ഷോഭം നടത്തുമെന്ന്‌ പറഞ്ഞപ്പോള്‍ രമേശ്‌ ചെന്നിത്തല ഇടപ്പെട്ട്‌ കേസ്‌ പിന്‍വലിക്കാമെന്ന ഉറപ്പ്‌ നല്‍കിയിരുന്നു. തുടര്‍ന്ന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതോടെ പരിപാടിയില്‍ അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തതും വിവാദമായിരുന്നു. പ്രച്ഛന വേഷം എന്നാണ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ന്യായീകരിച്ചത്‌. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസ്‌ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം നടന്ന പട്ടാളമാര്‍ച്ച്‌. കര്‍ശന നടപടികള്‍ സ്വീകരിക്കാത്തത്‌ മതതീവ്രവാദികള്‍ക്ക്‌ അഴിഞ്ഞാടാന്‍ പ്രേരണ നല്‍കുന്നു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.