സ്ഥാനാര്‍ത്ഥിയാകാന്‍ ആളില്ല; സിപിഐ ആശയക്കുഴപ്പത്തില്‍

Wednesday 15 January 2014 10:39 pm IST

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ തേടി സിപിഐ പരക്കം പായുന്നു. ഇടതുമുന്നണി ലോകസഭയിലേക്ക്‌ സിപിഐക്ക്‌ നല്‍കിയിരിക്കുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലാണ്‌ ഈ ഗതികേട്‌. തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ സിപിഐയില്‍ ഇനിയും തീരുമാനമായിട്ടില്ല. സ്ഥാനാര്‍ത്ഥിയാകാമോ എന്നു ചോദിച്ച്‌ പലരെയും സമീപിച്ചെങ്കിലും ജയസാധ്യത തീരെ കുറവാണെന്ന കാരണത്താല്‍ സമീപിച്ചവരെല്ലാം ഒഴിയുകയാണ്‌. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നതിനെതിരെ ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സിപിഐ യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമുയര്‍ന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിമാരുടെ യോഗമാണ്‌ ഇന്നലെ നടന്നത്‌.
തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ തേടിയാണ്‌ സിപിഐ കൂടുതല്‍ വിഷമിക്കുന്നത്‌. തിരുവനന്തപുരത്ത്‌ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ത്ഥികളെ നേരിടാന്‍ തക്ക കരുത്തുള്ള ആരും പാര്‍ട്ടിക്കുള്ളിലില്ലെന്ന വിലയിരുത്തലാണ്‌ സിപിഐക്കുള്ളത്‌. അതിനാല്‍ പാര്‍ട്ടിക്കു പുറത്തുനിന്നുള്ളയാളെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ്‌ നീക്കം. മലയാള സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ കെ.ജയകുമാറിനെയാണ്‌ സിപിഐ ആദ്യം സമീപിച്ചത്‌. എന്നാല്‍ അദ്ദേഹം സിപിഐയുടെ നിര്‍ദ്ദേശം നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. പിന്നീട്‌ ചില മാധ്യമപ്രവര്‍ത്തകരെ സമീപിച്ചു. തിരുവനന്തപുരത്ത്‌ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നായിരുന്നു ഇവരുടെയും നിലപാട്‌. മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥരായ സി.പി.നായര്‍, ടി.എന്‍.ജയചന്ദ്രന്‍, ജെ.ലളിതാംബിക എന്നിവരെയും പിഎസ്സി അംഗം ബെഞ്ചമിന്‍ എബ്രഹാമിനെയും സമീപിച്ചു. അവരും താല്‍പര്യമില്ലെന്ന്‌ തുറന്നു പറഞ്ഞു. ബിനോയ്‌ വിശ്വത്തെ തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കാമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ആരെയും കിട്ടിയില്ലെങ്കിലും ബിനോയ്‌ വേണ്ടെന്ന നിലപാടാണ്‌ തിരുവനന്തപുരം ജില്ലാ ഘടകം സ്വീകരിച്ചത്‌. നാടാര്‍ വിഭാഗത്തിന്‌ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വാധീനമുണ്ടെന്നും അതിനാല്‍ ആ വിഭാഗത്തില്‍പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും സിപിഐയില്‍ അഭിപ്രായമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സിഎസ്‌ഐ സഭാ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണിപ്പോള്‍ സിപിഐ നേതാക്കള്‍. എ ന്നാല്‍ സഭാനേതൃത്വത്തിന്‌ ഇടതുമുന്നണിയോട്‌ അടുപ്പമില്ലാത്തത്‌ പ്രതിസന്ധിയായിരിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ത്ഥിയാവാനുണ്ടോ എന്നു ചോദിച്ച്‌ പരക്കം പായുന്ന അവസ്ഥയിലാണ്‌ സിപിഐ. സിപിഐ മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ മാവേലിക്കരയിലും സ്ഥാനാര്‍ത്ഥിയാരെന്ന്‌ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശ്ശൂരില്‍ സിഎന്‍.ജയദേവന്‍ സ്ഥാനാര്‍ത്ഥിയാകാനാണ്‌ സാധ്യത. അടുത്ത രണ്ട്‌ ദിവസങ്ങളില്‍ തിരുവനന്തപുരത്തു ചേരുന്ന സിപിഐ ഉന്നതതല യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ്‌ സിപിഐ നേതാക്കളുടെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.