ഡോക്ടര്‍മാരുടെ സമരം; സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

Thursday 16 January 2014 11:15 am IST

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതിനെതിരെയാണ് ഡോക്ടര്‍മാരുടെ സമരം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുകയാണ് ഡോക്ടര്‍മാര്‍. ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത വിധമായിരിക്കും സമരമെന്ന് കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും സമരത്തിനായി തിരുവനന്തപുരത്തെത്തുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നതോടെ മെഡിക്കല്‍ കോളേജുകളും ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒ.പി. പ്രവര്‍ത്തനം മുടങ്ങി. അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ മുഴുവന്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ എത്തണമെന്നാണ് കെ.ജി.എം.ഒ.എ. നിര്‍ദ്ദേശിച്ചിരുന്നത്. അശാസ്ത്രീയമായ പുതിയ ഷിഫ്റ്റ് പരിഷ്‌കാരം ജനുവരി 26നകം പിന്‍വലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. 26ന് കോട്ടയത്ത് ചേരുന്ന കെ.ജി.എം.ഒ. എ. സംസ്ഥാന സമ്മേളനത്തില്‍ ഭാവി സമരപരിപാടികള്‍ തീരുമാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.