സി‌പി‌എമ്മിന്റെ നിരാഹാ‍ര സമരം അവസാനിപ്പിച്ചു

Saturday 18 January 2014 2:12 pm IST

തിരുവനന്തപുരം: വിലക്കയറ്റത്തിനും പാചകവാതകവില വര്‍ധനയ്ക്കുമെതിരെ സിപിഎം നടത്തിവന്ന നിരാഹാര സമരം നിര്‍ത്തി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉച്ചയ്ക്ക് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തുമെന്ന തീരുമാനം വന്നതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നടന്ന സമരത്തിനു വന്‍ ജനപിന്തുണയാണു ലഭിച്ചത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കു പിണറായി നന്ദി പറഞ്ഞു. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കു സബ്‌സിഡി നല്‍കിയില്ലെങ്കില്‍ സമരം തുടരുമെന്നും പിണറായി പറഞ്ഞു. അതേസമയം വിലക്കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. സമരം തുടങ്ങി നാലാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. 140 അസംബ്ലി മണ്ഡലങ്ങളില്‍ പത്ത് വീതം സ്ഥലങ്ങളിലായി 1400 കേന്ദ്രങ്ങളിലായാണ് നിരാഹാരസമരം തുടങ്ങിയത്. പെടോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം എണ്ണക്കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. എറണാകുളത്ത് വൈറ്റിലയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തിരുവനന്തപുരത്ത് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് സമരം ഉദ്ഘാടനം ചെയ്തത്. നടത്തുന്ന എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ലെന്ന കോടിയേരിയുടെ പ്രസ്താവന ശ്രദ്ധേയമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.