മന്‍മോഹന്‍ അരങ്ങൊഴിയുമ്പോള്‍

Sunday 19 January 2014 7:48 pm IST

തന്റെ ഇടക്കാല ദൗത്യം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി പദം ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്‌ മന്‍മോഹന്‍സിംഗ്‌. പദവിയുടെ ഔന്നത്യം പോലും മനസ്സിലാക്കാതെ രാഹുല്‍-സോണിയ നേതൃത്വത്തിനു മുന്നില്‍ അനുസരണയുള്ള ഒരു ഭൃത്യനെപ്പോലെ വിനീത വിധേയനായി നില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയെയാണു ഇന്ത്യന്‍ ജനത കഴിഞ്ഞ 10 വര്‍ഷമായി കണ്ടു കൊണ്ടിരിക്കുന്നത്‌. ധനമന്ത്രി ആയകാലം മുതല്‍ അതിരുകളില്ലാത്ത ഉദാരവല്‍ക്കരണത്തിന്‌ ചുവന്ന പരവതാനി വിരിച്ച ആളാണ്‌ മന്‍മോഹന്‍സിംഗ്‌. 2004 ആയപ്പോള്‍ ഇടതുപക്ഷത്തിന്റെ സഹായത്തോടെ ഈ നയങ്ങള്‍ ശക്തമായി നടപ്പാക്കി ഇന്നു ഭരണം വിടാന്‍ തയ്യാറാകുമ്പോള്‍ പശ്ചാത്യമാധ്യമങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ പട്ടം "അണ്ടര്‍ അച്ചീവര്‍, ട്രാജിക്‌ ഫെയ്‌ലുവര്‍" തുടങ്ങിയവയാണ്‌. ലോകത്ത്‌ അധികാരം ദുര്‍വിനിയോഗം നടത്തിയ പ്രധാന പത്ത്‌ സംഭവങ്ങളെക്കുറിച്ച്‌ ടൈം മാസിക നടത്തിയ സര്‍വ്വെയില്‍ ഇന്ത്യയിലെ ടുജി അഴിമതി ഉള്‍പ്പെട്ടിട്ടുണ്ടെന്നറിയുമ്പോള്‍ കോണ്‍ഗ്രസ്സും മന്‍മോഹനനും ഇന്ത്യയെ എവിടെ കൊണ്ടു ചെന്നെത്തിച്ചു വെന്നുള്ളത്‌ ഈ വിടവാങ്ങലില്‍ ഓര്‍മ്മിക്കുന്നത്‌ നന്നായിരിക്കും. അഴിമതിക്കെതിരെ നടപടി സ്വീകരിക്കും എന്ന്‌ രാഹൂല്‍ ഗാന്ധി പറയുന്നത്‌ തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ നടപടി എടുക്കും എന്നു പറയുന്ന തമാശ പോലെയാണ്‌ ജനങ്ങള്‍ കരുതുന്നത്‌. 1998 മുതല്‍ 2004 വരെ എന്‍ഡിഎ ഭരണം ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളുടെ നന്മകളും കഴിഞ്ഞ 10 വര്‍ഷം കൊണ്ടു മന്‍മോഹനും കോണ്‍ഗ്രസ്സ്‌ തച്ചുതകര്‍ത്തു. നരേന്ദ്രമോദിയെ എതിര്‍ക്കാന്‍ മന്‍മോഹന്‌ അവകാശമുണ്ട്‌. എന്നാല്‍ സത്യത്തെ മറക്കുന്നത്‌ കൊടും പാതകമാണ്‌. ഈ തിരിച്ചറിവാണ്‌ കോണ്‍ഗ്രസ്സ്‌ നഷ്ടപ്പെട്ടിരിക്കുന്നത്‌. സാധനവില റോക്കറ്റിനേക്കാള്‍ വേഗത്തില്‍ കുതിക്കുകയാണ്‌, കൂടെ അഴിമതിയും. ഒരു ദിവസം 20 രൂപ കൊണ്ടു ജീവിച്ചു കൊള്ളണം എന്ന്‌ ആജ്ഞാപിക്കുന്ന ആസൂത്രണവിദഗ്ദ്ധരും പട്ടിണി ഒരു മാനസ്സിക അവസ്ഥയാണെന്നു കരുതുന്ന യുവരാജാക്കന്മാരും കോടികളുടെ കഥകള്‍ മാത്രം കേട്ടു ശീലിച്ചിട്ടുള്ള ധനമന്ത്രിമാരും, ജനങ്ങളും യാഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കാന്‍ ശ്രമിക്കാത്ത പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതൃത്വത്തിനും ഇതില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല. ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത, തന്റേതല്ലാത്ത കുറ്റം കൊണ്ട്‌ പ്രധാനമന്ത്രിയായിപ്പോയ ഒരു പാവം സര്‍ക്കാരുദ്യോഗസ്ഥനില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചു കൂടാ. തന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമായി മന്‍മോഹന്‍ കാണുന്നത്‌. അമേരിക്കയുമായി ഉണ്ടാക്കിയ ആണവകരാറാണ്‌. ഈ കരാര്‍ ഭാവിയില്‍ ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കും എന്നുള്ള കാര്യം സാമ്പത്തിക സാക്ഷരത തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ക്കുവരെ അറിയാം. തുടരെ തുടരെ മൂന്നു പ്രാവശ്യം യുറേനിയം സംസ്ക്കരിക്കാന്‍ കഴിവുള്ള ഇന്ത്യന്‍ റിയാക്ടര്‍ മാറ്റി ഒറ്റത്തവണ മാത്രം യുറേനിയം സംസ്ക്കരിക്കുവാനുള്ള റിയാക്ടര്‍ വാങ്ങുമ്പോള്‍ കൂടുതല്‍ യുറേനിയം ഇറക്കുമതിയിലൂടെ സാമ്പത്തിക മേഖല തകരുമെന്നതും സംശയമില്ല. മാത്രമല്ല പൊഖ്‌റന്‍ അണുപരീക്ഷണത്തിന്‌ സഹായം നല്‍കിയ ആണവ റിയാക്ടറുകള്‍ അടച്ചിടാം എന്നു കരാര്‍ ഉറപ്പിച്ച മന്‍മോഹന്‍സിംഗ്‌ രാജ്യത്തിനു തന്നെ അപമാനമാണ്‌. ഈ അപമാനമാണ്‌ മന്‍മോഹന്‍സിംഗ്‌ അഭിമാനമായി കാണുന്നത്‌. അമേരിക്കന്‍ മുന്‍ സ്റ്റേറ്റ്‌ അണ്ടര്‍ സെക്രട്ടറി നിക്കോളസ്‌ ബേണ്‍സ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌:- "ഒരു പക്ഷേ നെഹ്‌റു ജിവീച്ചിരുന്നെങ്കില്‍ ഈ കരാര്‍ ഒപ്പിടില്ലായിരുന്നു." ഒരു നല്ല രാഷ്ട്രീയവും ഒരു നല്ല സാമ്പത്തിക ശാസ്ത്രവും തമ്മില്‍ ഒരുമിച്ചു പോകില്ലായെന്നറിയാമെങ്കിലും ക്രിയാത്മക രാഷ്ട്രീയത്തിനു മാത്രമേ ശക്തമായ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പെടുക്കാന്‍ കഴിയൂ. അവിടെയാണ്‌ കോണ്‍ഗ്രസ്സും മന്‍മോഹനനും പരാജയപ്പെട്ടത്‌. ഇന്ത്യയിലെ സമസ്ത മേഖലയിലുമുണ്ടായ തകര്‍ച്ച യുപിഎയുടെ വികലമായ നയങ്ങളെയാണ്‌ വെളിവാക്കുന്നത്‌. 2004 -ജൂണ്‍ മാസം 24-ാ‍ം തീയതി മന്‍മോഹന്‍സിംഗ്‌ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. "നിങ്ങള്‍ എന്ത്‌ നിയമം നടപ്പിലാക്കുമ്പോഴും നിലപാടുകള്‍ സ്വീകരിക്കുമ്പോഴും അത്‌ ഇവിടത്തെ സാധാരണക്കാരനെ ( ആം ആദ്മി) എങ്ങനെ ബാധിക്കുമെന്ന്‌ ചിന്തിക്കണം." നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ ഓര്‍മ്മപ്പെടുത്തലാണ്‌ കഴിഞ്ഞ പത്ത്‌ വര്‍ഷം മന്‍മോഹന്‍സിംഗ്‌ മറന്ന്‌ പോയത്‌. പരിഷ്ക്കാരങ്ങള്‍ നല്ലതാണ്‌ എന്നാല്‍ നിലവിലുള്ള വ്യവസ്ഥിതിയിലെ പോരായ്മകള്‍ പരിഹരിക്കുന്നതായിരിക്കണം പരിഷ്ക്കാരങ്ങള്‍. മന്‍മോഹന്‍ നടപ്പില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍ നിലവിലെ വ്യവസ്ഥിതിയെ കൂടുതല്‍ വഷളാക്കുകയാണ്‌ ചെയ്തത്‌. മന്‍മോഹന്റെ ഭരണത്തില്‍ ഇന്ത്യയിലെ സാമ്പത്തിക, കാര്‍ഷിക, വ്യാവസായിക മേഖലകള്‍ കൂപ്പുകുത്തി. 2004-ല്‍ ദേശീയ ജനാധിപത്യ സംഖ്യം ഭരണത്തിന്റെ താക്കോല്‍ മന്‍മോഹനെ ഏല്‍പ്പിക്കുമ്പോഴുണ്ടായിരുന്ന ഇന്ത്യ ഇന്നു അപ്രത്യക്ഷമായിരിക്കുന്നു. 125 കോടി ജനങ്ങളില്‍ 65 ശതമാനം പേര്‍ ദാരിദ്ര്യ രേഖയ്ക്ക്‌ താഴെ ജീവിക്കുന്നവര്‍ 10 കോടിയില്‍ കൂടുതല്‍ ആളുകള്‍ ചേരിയില്‍ താമസിക്കുന്നവര്‍, 12 കോടിയിലധികം ജനങ്ങള്‍ ഒരു ദിവസം 20 രൂപയ്ക്ക്‌ താഴെ ചെലവഴിക്കാന്‍ വിധിക്കപ്പെട്ടവര്‍, നഗരങ്ങളില്‍ 10 ശതമാനം പേര്‍ 27 രൂപ മാത്രം ഒരു ദിവസം ചെലവഴിക്കാന്‍ കഴിയുന്നവര്‍, പ്രായപൂര്‍ത്തിയയവരില്‍ 15 ശതമാനം തൊഴില്‍ രഹിതര്‍, ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയെക്കാള്‍ കൂടുതല്‍ ആളുകള്‍ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നവര്‍. അഞ്ചു വയസ്സിന്‌ താഴെയുള്ള കുട്ടികളില്‍ 4.5 കോടി കുട്ടികള്‍ വളര്‍ച്ച മുരടിച്ചവര്‍, മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക്‌ പ്രാഥമിക ആവശ്യങ്ങള്‍ക്ക്‌ സൗകര്യമില്ലാത്തവര്‍, അതിശൈത്യത്തിലും കൊടുംചൂടിലും മരിച്ചു വീഴുന്ന തെരുവിന്റെ മക്കള്‍ക്കു കണക്കില്ല. ഇതൊക്കെ ആകുമ്പോഴും ഈ രാജ്യത്തിന്റെ 25 ശതമാനം സ്വത്ത്‌ നൂറില്‍പരം വലിയ കുത്തകകളുടെ കയ്യില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇതാണ്‌ കോണ്‍ഗ്രസ്സ്‌ മന്‍മോഹന്‍സിംഗ്‌ ഭരണത്തിന്റെ ബാക്കി പത്രം, ഇവിടെ നിന്നും വേണം ഈ രാജ്യത്തിന്റെ വികസനത്തെ വിലയിരുത്താന്‍. അടല്‍ ബിഹാരി വാജ്പെയ്‌ നേതൃത്വം നല്‍കിയ ദേശീയ ജനാധിപത്യ സംഖ്യത്തിന്റെ ഭരണം കൂടി കണക്കുകളുടെ പിന്‍ബലത്തില്‍ പരിശോധിക്കുന്നത്‌ ഈ അവസരത്തില്‍ നന്നായിരിക്കും. 2004-ല്‍ എന്‍ഡിഎ അധികാരത്തില്‍നിന്നു പോകുമ്പോള്‍ ദേശീയ വളര്‍ച്ചാ നിരക്ക്‌ 8.4 ശതമാനമായിരുന്നു. ഇപ്പോള്‍ അഞ്ചു ശതമാനത്തിന്‌ താഴെയാണ്‌. പണപ്പെരുപ്പം അന്നു 3.2 ശതമാനമായിരുന്നെങ്കില്‍ ഇന്നു 12 ശതമാനമാണ്‌. കറണ്ട്‌ അക്കൗണ്ട്‌ ബാലന്‍സ്‌ പോസിറ്റീവായിരുന്നത്‌ ഇന്നു നെഗേറ്റെവായി മാറിയിരിക്കുന്നു. ബാലന്‍സ്‌ ഓഫ്‌ പേമെന്റ്‌ 2004-ല്‍ 31.4 ബില്യണ്‍ ആയിരുന്നത്‌ 2012-ല്‍ -12.8 (നെഗേറ്റെവ്‌ ) ബില്യണ്‍ ആയി മാറി. ജിഎഫ്ഡി (ഗ്രോസ്‌ ഫിസിക്കല്‍ ഡെപ്പോസിറ്റ്‌) 2003-ല്‍ 1,23,200 കോടി ആയിരുന്നു. 2012-ആയപ്പോള്‍ 5,21,900 കോടിയായി മാറി. വിദേശ കടം 2003-ല്‍ 4,98,804 കോടി ആയിരുന്നത്‌ 2012-ല്‍ 20,60,904 കോടിയായി മാറി. വിദ്യാഭ്യാസ മേഖലയ്ക്കു ജിഡിപി യുടെ 12.7 ശതമാനം എന്‍ഡിഎ നീക്കിവെച്ചപ്പോള്‍ മന്‍മോഹന്‍ 10.5 ശതമാനമാക്കി കുറച്ചു. (2012) പ്രതിരോധ ചെലവിനു 200-ല്‍ മൂന്നു ശതമാനം വിലയിരുത്തിയപ്പോള്‍ 2012-ല്‍ വെറും 2.6 ശതമാനം മാത്രം. കാര്‍ഷിക മേഖയ്ക്കു 26 ശതമാനം നീക്കിവെച്ചപ്പോള്‍ മന്‍മോഹന്‍ വെറും 17 ശതമാനമാണ്‌ മാറ്റിവെച്ചത്‌. വ്യാവസായിക വളര്‍ച്ച 2000-ല്‍ 5.96 ശതമാനമായിരുന്നത്‌ 2013-ല്‍ വെറും1.50 ശതമാനമായി മാറി. ഇന്ത്യയുടെ രൂപ ഡോളറുമായി മൂല്യം തട്ടിച്ചുനോക്കുമ്പോള്‍ 2000-ല്‍ 45.9 രൂപ ആയിരുന്നത്‌ 2013-ല്‍ 68.51 രൂപയായി മാറി. ഇത്‌ എല്ലാം വെളിവാക്കുന്നത്‌ മന്‍മോഹന്‍സിംഗ്‌ ഭരണം പ്രതീക്ഷകളെക്കാലെറെ ആശങ്കളാണ്‌ വര്‍ദ്ധിപ്പിക്കുന്നത്‌. മറ്റൊരു ശ്രദ്ധേയമായ കാര്യം മന്‍മോഹന്‍സിംഗിനു ഭരണത്തില്‍ അതിനുമുമ്പു കോണ്‍ഗ്രസ്‌ ഭരണകാലത്തുണ്ടായിരുന്ന ചെറിയ അഴിമതികളെല്ലാം വലിയ കുംഭകോണങ്ങളായി മാറി. കല്‍ക്കരി കുംഭകോണം (1.87 ലക്ഷം കോടി രൂപ) ടുജി സ്പെക്ട്രം (1.76 കോടി), ഹെലികോപ്ടര്‍ അഴിമതി (88000 കോടി), ഗ്രാമീണ തൊഴില്‍ ദാന പദ്ധതി അഴിമതി (157000 കോടി), ടെട്ര വാഹന അഴിമതി(5500 കോടി) തുടങ്ങി നിരവധി അഴിമതികളാണ്‌ ഈ കാലഘട്ടത്തില്‍ പൊന്തി വന്നത്‌. പുറമേയാണ്‌ സോണിയാഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ഭൂമിതട്ടിപ്പ്‌. ഒരു ഇന്ത്യക്കാരനെ 17215 രൂപയുടെ വിദേശകടക്കാരനാക്കി മാറ്റി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ്സും. അഡ്വ.ജെ.ആര്‍. പത്മകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.