വയലാ വാസുദേവന്‍പിള്ള അന്തരിച്ചു

Monday 29 August 2011 10:52 pm IST

കൊച്ചി: പ്രസിദ്ധ നാടകകാരന്‍ വയല വാസുദേവന്‍പിള്ള അന്തരിച്ചു. എറണാകുളത്ത്‌ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന്‌ കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്നു. വയലാ സ്കൂള്‍ ഓഫ്‌ ഡ്രാമ ഡയറക്ടറായിരുന്നു.
ജി. ശങ്കരപ്പിള്ളയുടെ ശിഷ്യനായിട്ടാണ്‌ നാടകരംഗത്തേക്ക്‌ കടന്നുവന്നത്‌. ഏറെക്കാലം നാടകവുമായി ബന്ധപ്പെട്ട്‌ അക്കാദമിക്‌ രംഗത്ത്‌ പ്രവര്‍ത്തിച്ചു. നാടകക്കളരിയുമായി ബന്ധപ്പെട്ട്‌ 1984ലാണ്‌ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ അസോസിയേറ്റ്‌ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്‌. 1990-ല്‍ റോ യൂണിവേഴ്സിറ്റിയില്‍ ഒരുവര്‍ഷം നാടക പഠനത്തിനായി പോയി. ന്യൂയോര്‍ക്ക്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫുള്‍ ബ്രൈറ്റ്സ്‌ സ്കോളര്‍ഷിപ്പോടെ പോസ്റ്റ്‌ ഡോക്ടര്‍ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്‌. തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളേജില്‍ ഇംഗ്ലീഷ്‌ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. വിശ്വദര്‍ശനം, തുളസീവരം, രംഗഭാഷ, അഗ്നി, വരവേല്‍പ്‌, കുചേലഗാഥ, സൂത്രധാരാ ഇതിലേ ഇതിലേ, കുഞ്ഞിച്ചിറകുകള്‍, സ്വര്‍ണ്ണക്കൊക്കുകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. മൂന്ന്‌ ദേശീയ പുരസ്കാരങ്ങളും ഒമ്പത്‌ സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്‌.