ഫഹദ് ഫാസിലും നസ്‌റിയയും വിവാഹിതരാകുന്നു

Monday 1 September 2014 9:50 pm IST

കൊച്ചി: മലയാളത്തിന്റെ യുവനായകന്‍ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ നായിക നസ്‌റിയയും വിവാഹിതരാകുന്നു. ഫാസിലാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. പ്രണയ വിവാഹം അല്ലെന്നും ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റിലായിരിക്കും വിവാഹമെന്നും ഫാസില്‍ അറിയിച്ചു. ഒന്നര മാസം മുമ്പ് വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച ശേഷം ഇരുവരുടെയും താത്പര്യം ആരായുകയായിരുന്നു. ഇരുവരും നായികാനായകന്മാരായി അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ ചിത്രീകരണം ബംഗളുരുവില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വിവാഹ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. നേരത്തെ നസ്‌റിയ ബാലതാരമായി അഭിനയിച്ച പ്രമാണി എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും വേഷമിട്ടിരുന്നു. തിരുവനന്തപുരം ചിന്നക്കൂട് വീട്ടില്‍ നസിമുദ്ദീന്റെയും ബീഗം ബീനയുടെയും മകളായ നസ്‌റിയ മാര്‍ ഇവാനിയോസ് കോളേജില്‍ ഒന്നാംവര്‍ഷം ബികോം വിദ്യാര്‍ത്ഥിനിയാണ്. സംവിധായകനായ ഫാസിലിന്റെയും നസീറാ ഫാസിലിന്റെയും മകനായ ഫഹദിന്റെ സ്വദേശം ആലപ്പുഴയാണ്. വിവാഹശേഷം അഭിനയം തുടരുന്ന കാര്യം ഇരുവരും ചേര്‍ന്ന് തീരുമാനിക്കുമെന്ന് നസ്‌റിയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.