യുഎഇയില്‍ സൈനികസേവനം നിര്‍ബന്ധിതമാക്കി

Monday 20 January 2014 3:08 pm IST

അബുദാബി: യു.എ.ഇയില്‍ യുവാക്കള്‍ക്ക് സൈനികസേവനം നിര്‍ബന്ധിതമാക്കി. ഇത് രാജ്യത്തിന്റെ സൈനിക ബലം മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ബന്ധിത സൈനിക സേവനം കൊണ്ടുവരുന്നത്. 18നും 30 നും ഇടയില്‍ പ്രായമുള്ള എല്ലാ പൗരന്മാരും അടിയന്തരമായി സൈനിക സേവനത്തിനായി തയ്യാറാകണമെന്ന് യു.എ.ഇ പ്രധാനമന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൊം അറിയിച്ചിട്ടുണ്ട്. വിദ്യഭ്യാസത്തിനനുസരിച്ചാണ് സൈനികസേവനം തീരുമാനിക്കുന്നത്. ഹൈസ്‌ക്കൂള്‍ വിദ്യഭ്യാസം നേടാത്തവര്‍ രണ്ടുവര്‍ഷവും ഡിപ്ലോമ നേടിയവരാണെങ്കില്‍ ഒന്‍പത് മാസവും സൈന്യത്തില്‍ സേവിക്കണം. ഹൈസ്‌കുള്‍ പഠനത്തില്‍ സൈനിക പരിശീലനവും ഉള്‍പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് സൈനിക സേവനക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാവുന്നതാണ്. എന്നാല്‍ പുതിയ നിയമം എന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. സമാധാനത്തിനും ശക്തിക്കും വേണ്ടിയുളള സന്ദേശം എന്നാണ് പുതിയ തീരുമാനത്തെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിശേഷിപ്പിച്ചത്. രാജ്യസുരക്ഷയ്ക്കായും പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കല്‍ രാജ്യത്തിന്റെ ദൗത്യമാണെന്നും പുതിയ നിയമം എല്ലാവര്‍ക്കുമായി നടപ്പിലാക്കുകയാണെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. നിലവില്‍ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രകാരം യു.എ.യിലെ സായുധസേന 51,000 ആണ്. നിര്‍ബന്ധിത സൈനിക സേവനം നടപ്പില്‍ വരുത്തുന്ന രണ്ടാമത്തെ രാഷ്ട്രമാണ് യു.എ.ഇ. നവംബറില്‍ ഖത്തര്‍ 18നും 35നും ഇടയിലുള്ള പൗരന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.