മള്ളിയൂര്‍ ജയന്തി ആഘോഷങ്ങള്‍ 23 ന്

Tuesday 21 January 2014 12:31 am IST

കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 93-ാം ജയന്തി ആഘോഷങ്ങള്‍ 23 ന് ആറ് മണിക്ക് തൃശ്ശൂര്‍ നാരായണാശ്രമ തപോവനത്തിലെ  സ്വാമി ഭൂമാനന്ദ തീര്‍ത്ഥ  ഉദ്ഘാടനം ചെയ്യും. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ ആരംഭിക്കുന്ന നാരായണീയ സ്‌തോത്രമാലികയുടെ സമര്‍പ്പണവും വിവിധ ക്ഷേത്രങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നിഷ്‌കാമ കര്‍മ്മികള്‍ക്കുള്ള 'ക്ഷേത്രപതി ശ്രീ' പുരസ്‌കാരദാനവും സ്വാമി ഭൂമാനന്ദ തീര്‍ത്ഥ നിര്‍വ്വഹിക്കും. വൈകുന്നേരം ഭാഗവതരഥ ഘോഷയാത്രയുടെ സ്വീകരണത്തിന് ശേഷമാണ് ഭാഗവതസമാരംഭസഭ ആരംഭിക്കുന്നത്. 23 മുതല്‍ മള്ളിയൂര്‍ ജയന്തി ദിനമായ ഫെബ്രുവരി രണ്ട് വരെ നീളുന്ന പരിപാടികളില്‍ പ്രമുഖം പത്തു ദിവസത്തെ ഭാഗവതാമൃത സത്രമാണ്. സത്രത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യ ശ്രോതാവാകും. വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, പെരുമ്പിള്ളി കേശവന്‍ നമ്പൂതിരി, കിഴക്കേടന്‍ ഹരിനാരായണന്‍ നമ്പൂതിരി, കുറുവല്ലൂര്‍ ഹരി നമ്പൂതിരി, മോഴികുന്നം മുരളി നമ്പൂതിരി എന്നിവര്‍ യജ്ഞാചാര്യന്മാരായിരിക്കും. പാരായണത്തിനും പ്രഭാഷണത്തിനും ഒരു പോലെ പ്രധാന്യം നല്‍കുന്ന സത്രത്തില്‍ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാഗവത പണ്ഡിതന്മാര്‍ പങ്കെടുക്കും. പത്തു ദിവസങ്ങളിലായി 54 പ്രഭാഷണങ്ങള്‍ നടക്കും. പത്രസമ്മേളനത്തില്‍ മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രം ട്രസ്റ്റി ദിവാകരന്‍ നമ്പൂതിരി, മാനേജര്‍ അജീഷ് രാധാകൃഷ്ണന്‍, ശ്രീകുമാര്‍ മേച്ചേരില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.