താമര വീണ്ടും വിടരാനൊരുങ്ങി ഗുജറാത്ത്

Friday 24 November 2017 11:21 am IST

ന്യൂദൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചൂട് അടുത്ത് വരികയാണ്. 22 വർഷമായി അധികാരത്തിലേറുന്ന ബിജെപിയെ തകർക്കാന്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് കഴിയുമോ എന്ന സംശയം രാജ്യത്തെ പൗരന്മാർക്കിടയിൽ തെല്ലും കുറവില്ലാതെ നിലനിൽക്കുന്നു. എന്നാൽ ഏറെ ജനസമ്മതനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപിക്ക് രാഹുൽ ഗാന്ധിയുടെ ഇന്നലെ പൊട്ടിമുളച്ച തന്ത്രങ്ങൾ വളരെ നിഷ്പ്രയാസം തച്ചുടയ്ക്കാൻ കഴിയുമെന്നതിൽ സംശയമില്ല,.

തെരഞ്ഞെടുപ്പോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 27,29 തിയതികളിൽ ഗുജറാത്തിൽ പ്രചാരണത്തിനെത്തുകയാണ്. സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലും അദ്ദേഹം എട്ടോളം റാലികളില്‍ പങ്കെടുക്കും. ഡിസംബറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഒൻപതാം തിയതിക്ക് മുൻപായിട്ട് മോദിക്കൊപ്പം രാജ്യത്തെ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിരവധി മന്ത്രിമാരും കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് കൊഴുപ്പേകാൻ ഗുജറാത്തിൽ എത്തിച്ചേരും.

നവംബർ 27ന് എത്തുന്ന മോദി കച്ച്, രാജ്കോട്ട്, ധാരി, സൂററ്റ് ഇതിനു പുറമെ സൗരാഷ്ട്ര ഭാഗങ്ങളിലെ പ്രചാരണപരിപാടികളിലും പങ്കെടുക്കും. തുടർന്ന് 29ന് അദ്ദേഹം തെക്കൻ ഗുജറാത്തിലെ നവസാരി, ഭാവ്‌നഗർ സൗരാഷ്ട്രയിലെ സോമ്നാഥ്, മോർബി എന്നിവിടങ്ങളിലും പ്രചാരണം നയിക്കും. അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികൾക്ക് മുന്നോടിയായി നിരവധി ബിജെപി നേതാക്കൾ 26,27 തിയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലികൾ സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ 89 മണ്ഡലങ്ങളിലെ അൻപതിനായിരത്തോളം ബൂത്തുകളിൽ “ചായ് പേ ചർച്ച” നടത്തും. തുടർന്ന് ഇവിടങ്ങളിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് റേഡിയോ സന്ദേശവും കേൾക്കും. “മൻ കി ബാത്ത് -ചായ് കെ സാത്ത്” എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അരുൺ ജെയ്‌റ്റ്‌ലി, സുഷമ സ്വരാജ്, ഉമാ ഭാരതി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജ്സ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൻ സിങ് തുടങ്ങിയവർ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.