ടി പി വധത്തിലെ വിധി വരുമ്പോള്‍

Tuesday 21 January 2014 8:52 pm IST

ഒഞ്ചിയത്തിന്റെ വികാരമായി ഒരു വിഭാഗം ചൂണ്ടിക്കാട്ടിയ ടി പി ചന്ദ്രശേഖരനെ പ്രതിയോഗികള്‍ നിര്‍ദ്ദയം വധിച്ചിട്ട്‌ 20 മാസമായി. ആ കേസിന്റെ വിധി ഇന്ന്‌ വരാനിരിക്കുകയാണ്‌. വിധി പ്രോസിക്യൂഷന്‌ അനുകൂലമായാലും പ്രതികള്‍ക്ക്‌ അനുകൂലമായാലും പ്രത്യാഘാതങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അത്‌ കണക്കിലെടുത്ത്‌ ജില്ലാഭരണകൂടവും പോലീസും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ കോഴിക്കോട്‌ അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജി ആര്‍. നാരായണ പിഷാരടിയുടെ വിധിന്യായത്തിലേക്ക്‌ കേരളം മാത്രമല്ല അതിനപ്പുറത്തുള്ള ബഹുശതം ജനങ്ങളും കാതുകൂര്‍പ്പിച്ചിരിക്കുകയാണ്‌. അത്രമാത്രം ജനഹൃദയങ്ങളിലേക്ക്‌ ഈ കേസും തദനുബന്ധമായ നടപടി ക്രമങ്ങളും ഇറങ്ങിച്ചെന്നിട്ടുണ്ട്‌. സ്വാഭാവികമായി ചന്ദ്രശേഖരന്‍ വധം വിരല്‍ചൂണ്ടുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാര്‍ക്സിസ്റ്റിന്റെ നേരെയാണ്‌. അതെന്തു കൊണ്ടാണെന്നതിനെക്കുറിച്ച്‌ ആഴത്തില്‍ ചിന്തിച്ച്‌ പ്രവര്‍ത്തിക്കേണ്ടതിനുപകരം എന്തുകൊണ്ട്‌ ഞങ്ങള്‍ക്കെതിരെ എന്ന ധാര്‍ഷ്ട്യ സമീപനമാണ്‌ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്‌. സ്കൂളിന്റെ വാതില്‍ കാണാത്തവര്‍ പോലും സിപിഎം ജിഹ്വയിലൂടെ വരുന്ന കഥകള്‍ വായിക്കുന്നതിലൂടെ പ്രതികള്‍ അവര്‍ തന്നെയെന്ന്‌ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്‌. അതു മാത്രം മതി ചന്ദ്രശേഖരന്റെ ശരീരത്തില്‍ ഏല്‍പ്പിച്ച വെട്ടിന്റെ ആഴമറിയാന്‍. എന്തൊക്കെ വ്യാഖ്യാനങ്ങളും വിശകലനങ്ങളും വന്നാലും ഒഞ്ചിയത്തെ ചോരക്കറ കഴുകിക്കളയാന്‍ സിപിഎമ്മിനാവില്ല. വി.എസ്‌. അച്യുതാനന്ദന്‍ പലതവണ പാര്‍ട്ടിയുടെ ക്രിമിനല്‍ കൈക്കെതിരെ രംഗത്തുവന്നിട്ടുണ്ട്‌. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം പ്രതിപക്ഷത്തേക്കാള്‍ പാര്‍ട്ടി ഭയന്നത്‌ ആ തലമുതിര്‍ന്ന സഖാവിനെത്തന്നെയായിരുന്നു എന്നത്‌ വസ്തുതയാണ്‌. ഏറ്റവും ഒടുവില്‍, ഒഞ്ചിയം വിധി വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പും പാര്‍ട്ടിയെ അച്യുതാനന്ദന്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്‌. പാര്‍ട്ടിയുടെ ക്രിമിനല്‍മുഖം ഏറ്റവും അടുത്ത്‌ നിന്ന്‌ മനസ്സിലാക്കുകയും അതിന്‌ തന്റേതായ സംഭാവനകള്‍ നല്‍കുകയും ചെയ്ത നേതാവാണ്‌ അച്യുതാനന്ദന്‍ എന്ന്‌ ഇതേയവസരത്തില്‍ ഓര്‍ക്കുകയും വേണം. ഇപ്പോള്‍ കമ്മ്യൂണിസ്റ്റിന്റെ നന്മയിലേക്ക്‌ വിരല്‍ചൂണ്ടുന്ന അദ്ദേഹം ഒട്ടേറെ ചന്ദ്രശേഖരന്മാര്‍ തന്റെ പാര്‍ട്ടിയുടെ കാട്ടാളത്തത്തിന്‌ വിധേയരായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്‌. ചന്ദ്രശേഖരനെപ്പോലെയോ അതിനെക്കാള്‍ ഉപരിയോ ആയ നവയൗവ്വനങ്ങളെ ചുരികത്തലപ്പിലും ബോംബിന്റെ ചീളിലും നശിപ്പിച്ച പാര്‍ട്ടി ഓരോ കൊലപാതകവും അടുത്തതിന്റെ റിഹേഴ്സല്‍ ആയാണ്‌ വിലയിരുത്താറുള്ളത്‌. ഒഞ്ചിയത്ത്‌ ചന്ദ്രശേഖരനെ വെട്ടിക്കീറും മുമ്പ്‌ പലതവണ ഭീഷണിമുഴക്കിയിട്ടുണ്ട്‌. തല തെങ്ങിന്‍ പൂക്കുലപോലെ ചിതറുമെന്നും മുഖം തിരിച്ചറിയാത്തവിധത്തിലാക്കുമെന്നും അവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്‌. നേരിട്ട്‌ പാര്‍ട്ടിയുടെ കൈയില്‍ ചോരക്കറ പുരളാതിരിക്കാന്‍ വിദഗ്ധ ക്വട്ടേഷന്‍ സംഘത്തെ തന്നെ അതേല്‍പ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു പാര്‍ട്ടിയുടെ ശാസ്ത്രീയമായ ഉന്മൂലന നടപടിക്രമങ്ങള്‍. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്‌ ഉത്തരവാദികളായവര്‍ കണിശമായും ഒരുനാള്‍ തുറന്നു കാട്ടപ്പെടുമെന്ന്‌ താന്‍ വിശ്വസിക്കുന്നതായാണ്‌ അച്യുതാനന്ദന്‍ പറയുന്നത്‌. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ പുറത്തിറക്കുന്ന ഒരു ഡോക്യുമെന്ററിയിലാണ്‌ വി.എസ്‌ ഇങ്ങനെ പറഞ്ഞത്‌. അത്‌ എല്ലാവര്‍ക്കും അറിയുന്ന ഒരു വസ്തുതയാണെങ്കിലും പാര്‍ട്ടിയിലെ ഏത്‌ പ്രബലഹസ്തമാണ്‌ ടി പി ഉന്മൂലനത്തിന്‌ മുമ്പിലുണ്ടായതെന്ന്‌ വിഎസ്സിന്‌ ബോധ്യമുണ്ട്‌. ഒരുപക്ഷേ, പ്രതികള്‍ക്ക്‌ കനത്ത ശിക്ഷ കിട്ടിക്കഴിയുമ്പോള്‍ അതിനെക്കുറിച്ച്‌ അദ്ദേഹം ഒന്നുകൂടി വ്യക്തമായി മനസ്സു തുറക്കുമെന്ന്‌ പ്രതീക്ഷിക്കാം. പാര്‍ട്ടിയുടെ ഉന്മൂലന രാഷ്ട്രീയത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ വി.എസ്സിനാവില്ലെങ്കിലും അത്തരമൊരു ചിന്തയെങ്കിലും ഉയരുന്നത്‌ ആശ്വാസമല്ലേ? ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക്‌ കടുത്ത ശിക്ഷ കിട്ടിയാലും അത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ക്രൗര്യരാഷ്ട്രീയത്തിന്‌ തരിമ്പും കോട്ടമുണ്ടാക്കില്ല എന്ന്‌ നമുക്കറിയാം. ക്ലാസ്‌ മുറിയില്‍ പാഠം ചൊല്ലിക്കൊടുക്കുന്ന അധ്യാപകനെ തുണ്ടം തുണ്ടമാക്കാന്‍ നേതൃത്വം കൊടുത്ത പ്രതിയെ അതേ സ്കൂളിന്റെ പിടിഎ പ്രസിഡണ്ടാക്കി മ്ലേച്ഛതാണ്ഡവമാടി അഭിമാനിക്കുന്ന ആ പാര്‍ട്ടിയില്‍ മനുഷ്യത്വം എന്നൊന്നില്ല. പാര്‍ട്ടിയുടെ ഈ ക്രൂരമുഖവും അഴിമതി- സ്വജനപക്ഷപാതങ്ങളും കണ്ട്‌ മനസ്സുമടുത്താണല്ലോ ചന്ദ്രശേഖരന്‍ 'യഥാര്‍ത്ഥ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി'യുമായി രംഗത്തു വരുന്നത്‌. അപകടം മണത്ത പാര്‍ട്ടി അത്‌ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്തു. ഇനി കടുത്ത ശിക്ഷാവിധി ഇന്ന്‌ കോടതിയില്‍ നിന്നുണ്ടായാലും അവരുടെ സ്വത്വം മാറില്ല; മാറ്റാന്‍ നേതൃനിര തയ്യാറാവില്ല. കൊലപാതകപരമ്പരകളുടെ നിണച്ചാലുകളില്‍ കാല്‍മുഖം കഴുകി ആയുധത്തിന്‌ മൂര്‍ച്ച കൂട്ടുന്ന ഈ പാര്‍ട്ടിയെ ജനങ്ങള്‍ എന്നെങ്കിലും കൊക്കയിലേക്ക്‌ വലിച്ചെറിയും എന്ന്‌ പ്രതീക്ഷിക്കാനേ കഴിയൂ. ആ പ്രതീക്ഷയ്ക്ക്‌ ഊര്‍ജം പകരുന്ന ഒരു വിധി കോഴിക്കോട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ നിന്നുണ്ടായെങ്കില്‍ എന്ന്‌ നിഷ്പക്ഷമതികള്‍ക്കൊപ്പം ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.