ടോളിവുഡിലെ ഇതിഹാസ താരം നാഗേശ്വര റാവു അന്തരിച്ചു

Wednesday 22 January 2014 11:26 am IST

ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തെ ഇതിഹാസ താരം എ. നാഗേശ്വര റാവു (91) അന്തരിച്ചു. തെലുങ്ക് സിനിമയില്‍ എ.എന്‍.ആര്‍‌ എന്നറിയപ്പെട്ടിരുന്ന റാവു ദീര്‍ഘകാലമായി കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രോഗം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് മണിയോടെ മരണം സംഭവിച്ചു. 75 വര്‍ഷത്തോളം തെലുങ്ക് ചലച്ചിത്ര ലോകത്ത് സജീവമായ സാന്നിധ്യമായിരുന്നു എ.എന്‍.ആര്‍. ഏതാണ്ട് 256 ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. 1988ല്‍ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചു. 2011ല്‍ ഇദ്ദേഹത്തിന് രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഒപ്പം ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദ സാഹിബ് ഫാല്‍ക്കേ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മുന്‍ ആന്ധ്ര മുഖ്യമന്ത്രി എന്‍.ടി രാമറാവുവിനൊപ്പം തെലുങ്ക് സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ നടനാണ് നാഗേശ്വര റാവു. അനുപമ സ്റ്റുഡിയോസ് എന്ന പേരില്‍ ഒരു നിര്‍മ്മാണ സ്റ്റുഡിയോ ഇദ്ദേഹത്തിനുണ്ട്. ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ഞ്ജുന മകനാണ്. ഈ കുടുംബത്തിലെ നിരവധിപേര്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.