ഹസാരെ വഴികാട്ടുന്നു

Monday 29 August 2011 9:45 pm IST

ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടി പതിമൂന്ന്‌ ദിവസം നിരാഹാരമനുഷ്ഠിച്ച നിരാഹാരസമരം പിന്‍വലിച്ചത്‌ പാര്‍ലമെന്റ്‌ ഹസാരെ ആവശ്യപ്പെട്ടവിധം ശബ്ദവോട്ടോടെ അല്ലെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതിനാലാണ്‌. നിരാഹാരം അവസാനിപ്പിച്ചെങ്കിലും സമരം തുടരുമെന്ന അണ്ണാ ഹസാരെയുടെ പ്രഖ്യാപനം യുപിഎ സര്‍ക്കാര്‍ മുള്‍മുനയില്‍ത്തന്നെ തുടരേണ്ടി വരുമെന്നതിന്റെ മുന്നറിയിപ്പാണ്‌. അണ്ണാ ഹസാരെ ഇനി ആവശ്യപ്പെടുന്നത്‌ തെരഞ്ഞെടുപ്പ്‌ പരിഷ്ക്കാരമാണ്‌. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത്‌ ഉയരാത്ത ജനപ്രതിനിധികളെ ജനങ്ങള്‍ക്ക്‌ തിരിച്ച്‌ വിളിക്കാനുള്ള അവകാശം ലഭിക്കണം. താന്‍ നേടിയത്‌ പകുതി വിജയമാണെന്ന്‌ അംഗീകരിച്ച്‌ അണ്ണാ ഹസാരെ പറയുന്നത്‌ ജനങ്ങളുടെ പാര്‍ലമെന്റാണ്‌ ഏറ്റവും വലിയത്‌ എന്നാണ്‌.
ഇന്ത്യയില്‍ പാര്‍ലമെന്റാണ്‌ ഏറ്റവും വലുത്‌ എന്ന വാദം ഉയരുന്നുണ്ട്‌. പക്ഷേ ഭരണഘടനയാണ്‌, പാര്‍ലമെന്റല്ല ഏറ്റവും വലുത്‌ എന്ന സത്യം അംഗീകരിക്കപ്പെടുന്നില്ല. പാര്‍ലമെന്റംഗങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും അവരില്‍ വിരമിച്ച ന്യായാധിപന്മാരും അഭിഭാഷകരുംവരെ ഉണ്ടെന്ന്‌ വാദിക്കുമ്പോഴും 1,74,000 കോടി രൂപയുടെ അഴിമതി നടത്തിയ എ.രാജയും ഒരു മുന്‍ അഭിഭാഷകനാണെന്ന കാര്യം മറക്കരുത്‌. 543 ലോക്സഭാംഗങ്ങളില്‍ പലരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്നും കോടിപതികളാണെന്നും നമുക്കറിയാം. ഒരുപക്ഷേ വിദേശ നിക്ഷേപംപോലും ഉള്ളവരായിരിക്കാം.
ലോക്സഭാംഗങ്ങള്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങുന്നതും പണം നല്‍കി വോട്ട്‌ വാങ്ങുന്നതും അഴിമതിക്കാരനാണെങ്കിലും ഒരു പ്രത്യേക സമുദായാംഗമെന്ന പേരില്‍ പിന്തുണ ലഭിച്ച്‌ വിജയിച്ച്‌ വരുന്നവരുമുണ്ടെന്നത്‌ വസ്തുതയാണ്‌. അഴിമതിക്കെതിരെ അണ്ണാ ഹസാരെ സമരം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്നും ഉന്നത നീതിപീഠത്തെയും പാര്‍ലമെന്റ്‌ അംഗങ്ങളെയും ബ്യൂറോക്രസിയേയും ഒഴിവാക്കിയത്‌ തങ്ങള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന അഴിമതി അന്വേഷണം തടയാനാണ്‌. അണ്ണാ ഹസാരെ ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌.
അണ്ണാ ഹസാരെയുടെ സമരം പൂര്‍ണ വിജയം തന്നെയാണെന്ന്‌ അവകാശപ്പെടാവുന്നതാണ്‌. ഈ സമരത്തിന്‌ കിട്ടിയ പിന്തുണ തെളിയിക്കുന്നത്‌ അഴിമതിക്കെതിരെ രൂക്ഷമായ പ്രതിഷേധം നെഞ്ചിലേറ്റുന്നവരാണ്‌ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും എന്നാണ്‌. അണ്ണാ ഹസാരെയുടെ സമരത്തിലേക്ക്‌ കര്‍ഷകരും ടെക്നോക്രാറ്റുകളും എല്ലാം കടന്നുവരുന്നത്‌ അവരെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഴിമതിക്കിരയായവരാണ്‌ എന്നാണ്‌. ഇന്ത്യയില്‍ അഴിമതിവിരുദ്ധ വികാരം ഏകോപിപ്പിച്ചതിന്‌ അണ്ണാ ഹസാരെ അഭിനന്ദനം അര്‍ഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ ദരിദ്രസമൂഹവും അഴിമതിയുടെ ഇരകളാണ്‌. ഒരു റേഷന്‍കാര്‍ഡ്‌ ലഭിക്കുന്നതിനും ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ലഭിക്കുന്നതിനും വരെ കൈക്കൂലി കൊടുക്കേണ്ടിവരുന്നുണ്ടല്ലോ. ഇന്ത്യാ മഹാരാജ്യത്ത്‌ അനേകം നിയമങ്ങളുണ്ട്‌. പക്ഷേ നിയമങ്ങളെപ്പോലും അഴിമതികൊണ്ട്‌ തടയാമെന്നും കറപ്ഷന്‍ ഇന്‍ഡക്സില്‍ മുന്നില്‍നില്‍ക്കുന്ന ഇന്ത്യ തെളിയിക്കുന്നു. സ്ത്രീകളുടെ സുരക്ഷക്ക്‌ അനേകം നിയമങ്ങളുണ്ടെങ്കിലും സുരക്ഷിതത്വം സ്ത്രീക്ക്‌ ഇന്നും അപ്രാപ്യമാണ്‌.
ഭരണം സുതാര്യവും ഫലപ്രദവും ആകണമെങ്കില്‍ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന ജനങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തണം. തങ്ങളുടെ കടമകള്‍ നീതിപൂര്‍വം നിര്‍വഹിക്കാന്‍ തയ്യാറാകണം. അണ്ണാ ഹസാരെ സമരം അരാഷ്ട്രീയത കൊണ്ടുവരുന്നുവെന്ന്‌ ആക്ഷേപിക്കുമ്പോഴും തിരിച്ചറിയേണ്ടത്‌ ഇന്ന്‌ രാഷ്ട്രീയത്തില്‍ അധാര്‍മികത പടരുകയാണെന്നാണ്‌. പണത്തിനും സ്വാധീനത്തിനും വേണ്ടിയാണ്‌ ജനപ്രതിനിധികള്‍ രാഷ്ട്രീയം കളിക്കുന്നത്‌. ലാഭേഛ, ഉന്നത രാഷ്ട്രീയ പദവി മുതലായവ ലക്ഷ്യമിട്ട്‌ കളിക്കുന്ന കളിയായി രാഷ്ട്രീയം മാറുമ്പോള്‍ ഒരു അണ്ണാ ഹസാരെ അവതരിച്ച്‌ അഴിമതിയെപ്പറ്റി അവബോധം വളര്‍ത്തിയെന്നത്‌ സ്വാഗതാര്‍ഹം തന്നെയാണ്‌. ഈ സമരം വിജയിച്ചപ്പോലെ അയോഗ്യരോ അഴിമതിക്കാരോ ആയ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും അദ്ദേഹം ജനങ്ങള്‍ക്ക്‌ നേടിക്കൊടുക്കട്ടെ.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.