ശാസ്ത്രിയുടെ മരണത്തെക്കുറിച്ച്‌ വിദേശരാജ്യം അപവാദം പ്രചരിപ്പിക്കുന്നു

Thursday 23 June 2011 10:30 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി നാല്‌ പതിറ്റാണ്ട്‌ മുമ്പ്‌ താഷ്ക്കന്റില്‍വെച്ച്‌ മരിച്ചതിനെക്കുറിച്ച്‌ ഭാരതവുമായി നല്ല ബന്ധമുള്ള ഒരു വിദേശരാജ്യം അപവാദപ്രചാരണം നടത്തുകയാണെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കേന്ദ്ര വിവരാവകാശ കമ്മീഷന്‌ നല്‍കിയ രേഖയില്‍ പറയുന്നു. 1966 ല്‍ താഷ്ക്കന്റിലുണ്ടായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടുകൊണ്ട്‌ അനുജ്‌ ധര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. 'സിഐഎയ്സ്‌ ഐസ്‌ ഓണ്‍ സൗത്ത്‌ ഏഷ്യ' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്‌ അനുജ്‌ ധര്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട്‌ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ സത്യാനന്ദമിശ്ര പ്രധാനമന്ത്രിയുടെ ഓഫീസിനോടാവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു കിട്ടിയ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ച കമ്മീഷന്‍ ഒരു വിദേശരാജ്യം മുന്‍ പ്രധാനമന്ത്രിയുടെ മരണത്തെക്കുറിച്ച്‌ അപവാദ പ്രചാരണം നടത്തുന്നതായി പല സ്രോതസ്സുകളില്‍നിന്നും ലഭിച്ച രഹസ്യവിവരങ്ങളാണ്‌ കണ്ടത്‌. ഈ രേഖകള്‍ക്ക്‌ ശാസ്ത്രിയുടെ മരണവുമായി നേരിട്ട്‌ ബന്ധമില്ലെന്ന്‌ കമ്മീഷന്‍ കണ്ടെത്തി. രേഖകളില്‍ പ്രതിപാദിക്കപ്പെട്ട വിദേശരാജ്യങ്ങളുമായി അക്കാലത്ത്‌ നമുക്ക്‌ വഷളായ ബന്ധങ്ങളായിരുന്നു. പക്ഷേ അവരുമായി ഇപ്പോള്‍ സൗഹൃദത്തിലാണ്‌. രേഖകളിലെ പരാമര്‍ശം വെളിപ്പെടുത്തുന്നത്‌ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ ഉലച്ചിലുണ്ടാക്കിയേക്കും, കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രിയുടെ മരണത്തിനുപിന്നില്‍ ഗൂഢാലോചനയെന്ന സംശയത്തിന്‌ സര്‍ക്കാര്‍ ഒരു ധവളപത്രത്തിലൂടെ അറുതിവരുത്തേണ്ടതാണെന്ന്‌ മിശ്ര ചൂണ്ടിക്കാട്ടി. ഇതിനിടെ പാക്കിസ്ഥാനേയും അന്തര്‍ദ്ദേശീയ സമൂഹത്തേയും എന്തിനും കുറ്റപ്പെടുത്തുന്ന പ്രവണത ഇന്ത്യയിലുണ്ടായിരുന്നുവെന്ന്‌ സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ച ബിജെപി നേതാവും ശാസ്ത്രിയുടെ പൗത്രനുമായ സിദ്ധാര്‍ത്ഥ്‌ സിംഗ്‌ ചൂണ്ടിക്കാട്ടി. നാലുദശാബ്ദങ്ങളായി മരണത്തെക്കുറിച്ച്‌ ദുരൂഹതകളുണ്ട്‌. സര്‍ക്കാരിന്‌ എന്തുകൊണ്ട്‌ രേഖകള്‍ പുറത്തുവിട്ടുകൂടാ. സംശയം കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല. സംശയാസ്പദമായ സാഹചര്യങ്ങളിലാണ്‌ ശാസ്ത്രിജിയുടെ മരണം, സിംഗ്‌ തുടര്‍ന്നു. ഇതൊരു സാധാരണ മരണമല്ലെന്ന്‌ ചൂണ്ടിക്കാട്ടാന്‍ ധാരാളം കാരണങ്ങളുണ്ട്‌. ശരീരം നീലനിറമായി. പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. പാചകക്കാരന്‍ പാക്കിസ്ഥാനിലേക്ക്‌ കടന്നുവെന്ന വിവരം, എന്തിന്‌ പ്രധാനമന്ത്രിക്കായി ഒരുക്കിയ മുറിപോലും അവസാന നിമിഷം മാറി, സിംഗ്‌ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.