സഹകരണ വകുപ്പ്‌ വിഭജനം: സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്‌

Monday 29 August 2011 10:40 pm IST

കോഴിക്കോട്‌: സംസ്ഥാന സഹകരണ വകുപ്പ്‌ വിഭജനവുമായിബന്ധപ്പെട്ട്‌ സര്‍ക്കാരിന്റെ പിടിവാശി അയയുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച്‌ പ്രശ്നം പരിഹരിക്കുമെന്ന്‌ മന്ത്രിയുടെ ഉറപ്പ്‌. ഇതോടെ വകുപ്പ്‌ വിഭജനം അധികം വൈകാതെ പൂര്‍ത്തിയാകുമെന്ന്‌ സൂചന.
വകുപ്പിനെ രണ്ടാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഓപ്ഷന്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിലെ അവ്യക്തത നീക്കുന്നതിന്‌ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പിടിവാശികാണിക്കുകയായിരുന്നു. ഭരണ-സേവന സൗകര്യം മുന്‍നിര്‍ത്തി വകുപ്പിനെ ഓഡിറ്റ്‌, ജനറല്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതി. ജീവനക്കാരുടെ അഭിപ്രായം ആരായാതെ ഓപ്ഷന്‍ നല്‍കാന്‍ നിര്‍ബന്ധിക്കുക, സീനിയോറിറ്റി സംബന്ധിച്ച്‌ വ്യക്തമായ നിലപാട്‌ സ്വീകരിക്കാതിരിക്കല്‍ എന്നീ മുഖ്യവിഷയങ്ങളാണ്‌ വകുപ്പ്‌ വിഭജനത്തെ തര്‍ക്കത്തിലെത്തിച്ചത്‌.
വകുപ്പിനെ രണ്ടാക്കുമ്പോള്‍ ജീവനക്കാര്‍ ഏത്‌ വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു (ഓപ്ഷന്‍) എന്നത്‌ അറിയിക്കാനാണ്‌ സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തിയത്‌. ഓഡിറ്റ്‌, ജനറല്‍ വിഭാഗത്തിലേക്ക്‌ പോകുമ്പോള്‍ തങ്ങളുടെ സര്‍വ്വീസ്‌ സീനിയോറിറ്റി എപ്രകാരമായിരിക്കുമെന്ന കാര്യമാണ്‌ ജീവനക്കാരെ അലട്ടിയത്‌. ഇതു സംബന്ധിച്ച്‌ വ്യക്തമായ ഉത്തരവുണ്ടാകണമെന്ന്‌ സര്‍വ്വീസ്‌ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.
ഇതെത്തുടര്‍ന്ന്‌ കേരള കോ-ഓപ്പറേറ്റീവ്‌ ഇന്‍സ്പെക്ടേഴ്സ്‌ ആന്റ്‌ ഓഡിറ്റേഴ്സ്‌ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട്‌ മറ്റ്‌ സംഘടനകളും കക്ഷിചേര്‍ന്നു. സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുക, നിലവിലുള്ള ജീവനക്കാരുടെ കാര്യത്തില്‍ കോമണ്‍ സീനിയോറിറ്റി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്‌. കോടതി ജീവനക്കാരുടെ വാദം അംഗീകരിക്കുകയും സര്‍ക്കാരിന്റെ അഭിപ്രായം തേടുകയുമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച വകുപ്പ്‌ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയതാണ്‌ പ്രശ്നപരിഹാരത്തിന്‌ കളമൊരുക്കിയത്‌.
കോമണ്‍ സീനിയോറിറ്റി നിലനിര്‍ത്തുന്ന കാര്യത്തില്‍ മന്ത്രി ഉറപ്പ്‌ നല്‍കിയതായി സംഘടന നേതാക്കള്‍ പറഞ്ഞു. പുതിയതസ്തികകള്‍ സൃഷ്ടിച്ച്‌ വകുപ്പ്‌ വിഭജനം ശാസ്ത്രീയവും കാര്യക്ഷവുമാക്കും. ഓഡിറ്റിംഗ്‌ സംബന്ധിച്ച പ്രത്യേക ഉത്തരവ്‌ പുന:പരിശോധിക്കും. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചായിരിക്കും സര്‍ക്കാര്‍ വിഭജനകാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞതായി ഇന്‍സ്പെക്ടേഴ്സ്‌ ആന്റ്‌ ഓഡിറ്റേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ്‌ കെ.ആര്‍.രാജേഷ്കുമാര്‍ അറിയിച്ചു. പത്തോളം സംഘടനകളാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.