അവര്‍ മൂവരും പ്രാര്‍ത്ഥനയിലാണ്‌

Tuesday 30 August 2011 12:22 pm IST

തൃശൂര്‍: ദുരന്ത മുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മൂവര്‍ സംഘം പ്രാര്‍ത്ഥനയിലാണ്‌. ഇന്നലെ പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട ഗള്‍ഫ്‌ എയറിന്റെ യാത്രാവിമാനത്തിലുണ്ടായിരുന്ന തൃപ്രയാര്‍ പെരിങ്ങോട്ടുകര ചെമ്മാപ്പിള്ളി സ്വദേശികളായ കായംപിള്ളി ഇരിക്കാലി കുട്ടന്‍നായരുടെ മകന്‍ വിനോദ്‌, കഴുപറമ്പില്‍ റിട്ട.എസ്‌ഐ അരവിന്ദാക്ഷന്‍ മേനോന്റെ മകന്‍ രാജീവ്‌, പൊക്കാലത്ത്‌ മുഹമ്മദിന്റെ മകന്‍ സലീം എന്നിവര്‍.
സൗദിയിലെ എഐഎഫ്‌ കമ്പനിയിലെ ജോലിക്കാരും കൂട്ടുകാരുമാണ്‌ അയല്‍വാസികള്‍ കൂടിയായ ഈ മൂവര്‍സംഘം. അവധിക്ക്‌ നാട്ടില്‍ വരുമ്പോഴാണ്‌ ഗള്‍ഫ്‌ എയര്‍ വിമാനം അപകടത്തില്‍ പെട്ടത്‌. വിമാനം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ലാന്റ്‌ ചെയ്യാന്‍ പോകുന്നുവെന്ന അറിയിപ്പ്‌ ലഭിച്ചപ്പോള്‍ സീറ്റ്‌ ബെല്‍റ്റൊക്കെ മുറുക്കി ഇറങ്ങാന്‍ തയ്യാറായി ഇരിക്കുന്നതിനിടയിലാണ്‌ മരണത്തെ മുഖാമുഖം കണ്ടതെന്ന്‌ ഇവര്‍ ഞെട്ടലോടെ ഓര്‍ക്കുന്നു. വിമാനം പതിവ്‌ പോലെ പതിയെ റണ്‍വേയില്‍ തൊട്ട്‌ ലാന്റ്‌ ചെയ്യുന്നതും അറിയാന്‍ കഴിഞ്ഞെന്ന്‌ ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പെട്ടെന്ന്‌ എല്ലാം മാറിമറിയുകയായിരുന്നു. ലാന്റ്‌ ചെയ്ത്‌ നിമിഷങ്ങള്‍ക്കകം പെട്ടെന്ന്‌ വിമാനത്തിനുള്ളിലുളള എല്ലാവരും കുലുങ്ങുന്നതായി കണ്ടു. വല്ലാത്ത കുലുക്കമായിരുന്നു അനുഭവപ്പെട്ടതെന്ന്‌ രക്ഷപ്പെട്ടവര്‍ പറഞ്ഞു. കുലുക്കത്തിന്‌ തൊട്ടുപിന്നാലെ വിമാനത്തിനുളളില്‍ പുകയും നിറഞ്ഞു. ഇതോടെ വിമാനത്തിനുള്ളില്‍ കൂട്ടനിലവിളിയുയര്‍ന്നു. അപ്പോഴേക്കും എമര്‍ജന്‍സി വാതിലുകള്‍ തുറക്കുകയും എല്ലാവരോടും ഓടി രക്ഷപ്പെടാന്‍ നിര്‍ദ്ദേശം കിട്ടിയതായും വിനോദും രാജീവും സലിമും പറഞ്ഞു. രക്ഷപ്പെടാന്‍ നിര്‍ദ്ദേശം ലഭിച്ചതോടെ മൂന്നുപേരും എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക്‌ ചാടുകയായിരുന്നു. ഇതിനിടയില്‍ വിനോദിന്റെ പാസ്പോര്‍ട്ടും മൊബെയിലും ചളിയില്‍ വീണു. പിന്നീട്‌ ഏറെ കഴിഞ്ഞാണ്‌ ചളിപുരണ്ട പാസ്പോര്‍ട്ട്‌ കയ്യില്‍ ലഭിച്ചത്‌. ഏറെ നേരത്തിന്‌ ശേഷം മൊബെയിലും ലഭിച്ചു. എങ്ങനെ ചാടിയെന്നൊന്നും ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന്‌ ഇവര്‍ ജന്മഭൂമിയോട്‌ പറഞ്ഞു.
എമര്‍ജന്‍സി എക്സിറ്റ്‌ വഴി പുറത്ത്‌ ചാടിയപ്പോഴാണ്‌ വിമാനം റണ്‍വേയിലല്ല പാടത്തെ ചളിക്കുണ്ടിലാണെന്ന്‌ മനസ്സിലായത്‌. ഇതേസമയം ഇവരെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയ ബന്ധുക്കള്‍ എയര്‍പോര്‍ട്ടിന്‌ പുറത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. വിമാനം അപകടത്തില്‍പെട്ടെന്ന വാര്‍ത്ത അപ്പോഴേക്കും എയര്‍പോര്‍ട്ടില്‍ പരന്നിരുന്നു. ആശങ്കയോടെ മൂവരുടേയും ബന്ധുക്കള്‍ ദൈവത്തെ വിളിച്ച്‌ പ്രാര്‍ത്ഥനയോടെ നില്‍ക്കുമ്പോഴാണ്‌ ആര്‍ക്കും കുഴപ്പമൊന്നുമില്ലെന്ന്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ അറിയിച്ചത്‌. അപ്പോഴേക്കും യാത്രക്കാര്‍ ഓരോരുത്തരായി ടെര്‍മിനലില്‍ എത്തിത്തുടങ്ങിയിരുന്നു.
ആപത്തൊന്നും കൂടാതെ ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ്‌ വിനോദും രാജീവും സലിമും. വീട്ടിലെത്തിയപ്പോഴാണ്‌ ടി.വിയില്‍ വിമാന അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഒഴിഞ്ഞുപോയ വന്‍ദുരന്തത്തിന്റെ ചിത്രം വ്യക്തമായത്‌.
സ്വന്തം ലേഖകന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.