നോവല്‍ 64: പരീക്ഷ

Friday 24 January 2014 6:57 pm IST

പരീക്ഷ നേരിടുന്ന വിദ്യാര്‍ഥികള്‍ പരീക്ഷാസ്ഥാനമായ തറയുടെ അടുത്തേക്ക്‌ നീങ്ങി. അവരുടെ ഹൃദയം മിടിക്കുന്ന ശബ്ദം അവിടെ എല്ലാവരുടെയും ഹൃദയത്തില്‍ പ്രതിധ്വനിച്ചിരുന്നു. വയസ്സുപ്രകാരം ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ഥിക്കാണ്‌ ആദ്യ പരീക്ഷ. പരീക്ഷാര്‍ഥി തറയില്‍ കയറി ഇരുന്ന്‌ അഭിവാദ്യം ചെയ്ത്‌ ഗുരുവിനെ വന്ദിക്കുന്ന മന്ത്രം പതുക്കെ ചൊല്ലി. അപ്പോള്‍ എല്ലാവരെയും അദ്ഭുതപരതന്ത്രരാക്കിക്കൊണ്ട്‌ യോഗിയാര്‍ ക്ഷേത്രത്തിലേക്ക്‌ കയറിവന്നു. എല്ലാവരും അറിയാതെ എണീറ്റുപോയി. അദ്ദേഹം കാരാക്കുളങ്ങര അമ്മയെ നടയ്ക്കല്‍ ചെന്ന്‌ തൊഴുത്‌ പ്രദക്ഷിണം വച്ച്‌ പരീക്ഷ നടക്കുന്നിടത്തേക്കു കയറിച്ചെന്നു. ചൊമാരി യോഗിയാരെ നമസ്കരിച്ച്‌ തറയില്‍ സൗകര്യമായി ഇരിക്കാന്‍ പാകത്തില്‍ പലക വച്ചു കൊടുത്തു. അന്ന്‌ നിശ്ചയിച്ചിരുന്നവരുടെ പരീക്ഷ നടക്കുമ്പോള്‍ യോഗിയാരുടെ ഇടപെടലുകള്‍ സദസ്യരെ അദ്ഭുതപ്പെടുത്തി. മൂന്നു വേദത്തിലും നടന്ന പരീക്ഷകളിലും മറ്റ്‌ പരീക്ഷകര്‍ കണ്ടെത്താത്ത പാകപ്പിഴകള്‍കൂടി അദ്ദേഹം കണ്ടെത്തുകയും അത്‌ തിരുത്തേണ്ട വിധം വിദ്യാര്‍ഥികള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്തു. ചിലയിടത്ത്‌ സ്വരത്തിന്റെ ചെറിയ വ്യത്യാസങ്കൊണ്ടു വരാവുന്ന അര്‍ഥവ്യത്യാസങ്ങള്‍ വ്യക്തമാക്കുന്നതു കേട്ടപ്പോള്‍ ചൊമാരിയും കേശവനും അദ്ഭുതത്തിന്റെ പാരമ്യത്തില്‍ എത്തി. മൂന്നു വേദത്തിലും ഇത്ര അഗാധമായ പാണ്ഡിത്യം യോഗിയാര്‍ക്കുണ്ട്‌ എന്നുള്ളത്‌ സകലര്‍ക്കും പുതിയ അറിവായിരുന്നു.
തേജസ്സുകെട്ട അഗ്നിദത്തന്‍ നമ്പൂതിരി വടക്കേച്ചുറ്റില്‍ ഒരു തൂണിനു മറവിലിരുന്ന്‌ യോഗിയാരെ ഒളിച്ചു നോക്കി. മുമ്പ്‌ അവമാനിച്ച്‌ ഇറക്കിവിട്ട യോഗിയാരാണ്‌ വേദത്തിന്റെ മറുകര കണ്ടവര്‍ക്കുകൂടി അദ്ഭുതം പകര്‍ത്തിക്കൊണ്ട്‌ തറയില്‍ ഇരിക്കുന്നത്‌. പെട്ടെന്ന്‌ യോഗിയാര്‍ അഗ്നിദത്തന്‍ നമ്പൂതിരി ഇരിക്കുന്നിടത്തേക്ക്‌ നോക്കി. യോഗിയാരുടെ മുഖത്ത്‌ അപ്പോള്‍ ഉണ്ടെന്നു തോന്നിയ പ്രകാശത്തില്‍ ബാക്കി എല്ലാ കാഴ്ചകളും മങ്ങിപ്പോകുന്നതായി അഗ്നിദത്തന്‍ നമ്പൂതിരിക്ക്‌ അനുഭവപ്പെട്ടു. അങ്ങനെ എത്ര നേരം ഇരുന്നു എന്നറിയില്ല. പരീക്ഷകഴിഞ്ഞ്‌ ഭക്ഷണത്തിനുള്ള ഇല വച്ചു. പതിതരല്ലാത്ത നമ്പൂതിരിമാര്‍ക്ക്‌ വലിയയമ്പലത്തിലും പതിതരായ ഊരുഗ്രാമക്കാര്‍ക്ക്‌ വടക്കേ ചുറ്റിലുമാണ്‌ ഇല വച്ചത്‌. അഗ്നിദത്തന്‍ നമ്പൂതിരിയുടെ മുന്നിലും ആരോ ഇല വച്ച്‌ ഇലയ്ക്കു വെള്ളം എന്നു പറഞ്ഞപ്പോഴേ നമ്പൂതിരി ബോധത്തിലേക്ക്‌ തിരിച്ചു വന്നുള്ളൂ.
മുമ്പ്‌ കുറുങ്കൂര്‍ വാഴുന്നവരുടെ നമസ്കാരത്തിന്‌ എന്ന പോലെ തന്നെയാണ്‌ വലിയമ്പലത്തില്‍ ഇലവച്ചത്‌. യോഗിയാര്‍ക്ക്‌ മാന്യസ്ഥാനം. തുടര്‍ന്ന്‌ ചൊമാരി, കുന്നം ഓതിക്കന്‍ പാറാക്കര കൃഷ്ണശര്‍മ തുടങ്ങി പ്രധാനപ്പെട്ടവരെല്ലാം ഇരുന്നു. വലിയമ്പലത്തിലും വടക്കേ ചുറ്റിലും വച്ചിരുന്ന എല്ലാ ഇലകളിലേക്കും ആളുകള്‌ തികഞ്ഞപ്പോള്‍ വിളമ്പാന്‍ ആരംഭിച്ചു. ചോറുവിളമ്പി കുടിക്കുനീര്‍ വീഴ്ത്തുന്നതിന്ന്‌ മുമ്പ്‌ യോഗിയാര്‍ വിളമ്പാന്‍ നിന്നിരുന്ന അനിയനോട്‌ യോഗിയാരുടെ ഇല എടുക്കുവാന്‍ അപേക്ഷിച്ചു. പരിഭ്രമിച്ചുപോയ അനിയനോട്‌ ചൊമാരി സമ്മതഭാവം പ്രകടിപ്പിച്ചു. അനിയന്‍ ഇലയെടുത്തപ്പോള്‍ യോഗിയാര്‍ ചൊമാരിക്ക്‌ വച്ചിരുന്ന ഇലയെടുത്ത്‌ ചൊമാരിയോട്‌ കൂടെ പോരാന്‍ പറഞ്ഞ്‌ വടക്കേ ചുറ്റിലേക്ക്‌ നടന്നു. അനുസരണയുള്ള വിദ്യാര്‍ഥികളെപ്പോലെ അനിയനും ചൊമാരിയും അദ്ദേഹത്തെ പിന്തുടര്‍ന്നു. ആരും പറയാതെത്തന്നെ വിളമ്പാന്‍ ചോറും ഉപ്പേരിയും എടുത്തവരും ഉപസ്തരിക്കാനും കുടിക്കുനീര്‍ വീഴ്ത്താനും ഉള്ളവരും മറ്റു വിഭവങ്ങള്‍ എടുത്തവരും ആരോ നിയോഗിച്ചപോലെ അനുഗമിച്ചു. വരിയില്‍ അഗ്നിദത്തന്‍ നമ്പൂതിരിക്ക്‌ പിന്നീട്‌ ഇരുന്നിരുന്ന രണ്ടുപേരോട്‌ എണീക്കാന്‍ യോഗിയാര്‍ അപേക്ഷിച്ചു. അവര്‍ എണീറ്റു മാറിയപ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരിയുടെ അടുത്ത്‌ യോഗിയാരും അതിനുശേഷം ചൊമാരിയും ഇരുന്നു. ചൊമാരിയുടെ ഇല ചൊമാരിയുടെ മുന്നില്‍ വച്ച്‌ യോഗിയാര്‍ ഇല മുന്നില്‍ വയ്ക്കാന്‍ അനിയനോട്‌ പറഞ്ഞു. യോഗിയാര്‍ പറഞ്ഞതനുസരിച്ച്‌ നമ്പൂതിരിക്കും വിളമ്പി കുടിക്കുനീര്‍ വീഴ്ത്തിയപ്പോള്‍ യോഗിയാരും തുടര്‍ന്ന്‌ ചൊമാരിയും കുടിക്കുനീരിനു കൈകാട്ടി. യോഗിയാരുടെ നിര്‍ദ്ദേശപ്രകാരം ബാക്കി എല്ലാവരും ഭക്ഷണം കഴിച്ചു.
അന്നത്തെ ഭക്ഷണം മുമ്പൊരിക്കലും ഇല്ലാത്ത വിധം നിശ്ശബ്ദമായിരുന്നു. ഭക്ഷണശേഷം യോഗിയാര്‍ ചൊമാരിയെയും അഗ്നിദത്തന്‍ നമ്പൂതിരിയെയും കൂട്ടി നാലമ്പലത്തിന്റെ പിന്നിലേക്ക്‌ നടന്നു. യോഗിയാരെ അവമാനിച്ച ദിവസം അടയ്ക്കുകയും പിന്നെ തുറക്കുകയേ ചെയ്യാത്തതും ആയ വാതില്‍ ചൊമാരിയും അഗ്നിദത്തന്‍ നമ്പൂതിരിയും കൂടി തുറന്നു. പിന്നെ അവര്‍ മൂന്നു പേരും കൂടി ഗംഗ കുടിയിരിക്കുന്ന കുളത്തിലേക്ക്‌ ഇറങ്ങിപ്പോകുന്നത്‌ പിന്നാലെ ചെന്ന അനിയനും കുഞ്ചുവും രവിയും അകലെനിന്ന്‌ കണ്ടു. പക്ഷേ അവര്‍ കുളത്തിലെത്തിയപ്പോള്‍ യാതൊരു ഇളക്കവും കൂടാതെ തെളിഞ്ഞു കിടക്കുന്ന വെള്ളം മാത്രമേ കാണാനൊത്തുള്ളൂ. അപ്പോള്‍ അങ്ങകലെ കാശിയില്‍ കാശിവിശ്വനാഥന്‍ രണ്ട്‌ പരിപൂതാത്മക്കള്‍ക്ക്‌ താരകാ മന്ത്രം ഉപദേശിച്ചു കൊടുക്കുകയായിരുന്നു. കാരാക്കുളങ്ങര കുളവും കാശിയും തമ്മില്‍ ബന്ധമുണ്ടെന്നാണല്ലോ ശ്രുതി. അനിയന്‍ സ്വയം പറഞ്ഞു. മലയിറങ്ങിയാല്‍ കാശിതന്നെ ഗതി. പകുതി തീയ്യിലും പാതി വെള്ളത്തിലും കലക്കും.?
ആ സമയത്ത്‌ കാരാക്കുളങ്ങര നടയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയുടെ ചുവടു വച്ച കളിയായിരുന്നു. അടിയുടെയുള്ളിലെ തടയാണു ഗോവിന്ദന്‍. തടയുള്ളിലെ അടിയാണു ഗോവിന്ദന്‍ കയറിട്ടു കെട്ടി മുറുക്കുന്നു ഗോവിന്ദന്‍ കെട്ടിയതൊക്കെയറുക്കുന്നു ഗോവിന്ദന്‍ കാണ്മോര്‍ക്കിരുട്ടത്തു നില്‍ക്കുന്നു ഗോവിന്ദന്‍ കേള്‍പ്പോര്‍ക്കു ദൂരത്തെവിടെയോ ഗോവിന്ദന്‍. (അവസാനിച്ചു) കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.