തിരുവനന്തപുരം: ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഡോ.അനില്‍കുമാര്‍ വടവാതൂരിന്റെ ശാസ്ത്രവിചാരം പംക്തിക്ക് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പുരസ്കാരം. ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്കാരമാണ് ഡോ.അനില്‍കുമാര്‍ വടവാതൂരിന് ലഭിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ പബ്ലിക് റിലേഷന്‍സ,് പബ്ലിക്കേഷന്‍സ് വിഭാഗത്തില്‍ ഡയറക്ടറാണ് അദ്ദേഹം.
കൗണ്‍സില്‍ നല്‍കിവരുന്ന 2011, 12 വര്‍ഷങ്ങളിലെ ശാസ്ത്രസാഹിത്യ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഇ.എന്‍.ഷീജ, എസ്.ശാന്തി, കെ.കെ.വാസു, ഡോ. അനില്‍കുമാര്‍ വടവാതൂര്‍ എന്നിവര്‍ക്ക് 2011ലെ പുരസ്കാരങ്ങള്‍ ലഭിച്ചപ്പോള്‍ പി.ആര്.മാധവ പണിക്കര്‍, ഡോ.എം.എന്‍.ശ്രീധരന് നായര്‍ ഡോ. കെ.ശ്രീകുമാര്‍, വി.ഡി.ശെല്‍വരാജ് എന്നിവര്‍ക്കാണ് 2012ലെ പുരസ്കാരങ്ങള്‍. 25000 രൂപയും, ഫലകവും, പ്രശസ്തിപത്രവുമാണ് പുരസ്കാരം.
2011ലെ കുട്ടികള്‍ക്കുള്ള മികച്ച ശാസ്ത്രപുസ്തകത്തിനുള്ള പുരസ്കാരത്തിനാണ് ഇ.എന്‍. ഷീജ അര്‍ഹയായത്. മലപ്പുറം സ്വദേശിയായ ഷീജ പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപികയും ‘യുറീക്ക’ പത്രാധിപയുമാണ്.പോപ്പുലര്‍ സയന്‍സില്‍ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം നേടിയ എസ്.ശാന്തി മലപ്പുറം ജില്ലയിലെ വനമേഖലയിലുള്ള ആദിവാസികളുടെ അധ്യയനകേന്ദ്രങ്ങളെപ്പറ്റിയുള്ള വിലയിരുത്തലിലും രേഖീകരണത്തിലും വ്യാപൃതയാണ്.ശാസ്ത്രവിഷയത്തെ ആഴത്തില്‍ പ്രതിപാദിക്കുന്ന ഗ്രന്ഥത്തിനുള്ള പുരസ്കാരം കെ.കെ.വാസുവിന്റെ ‘മിന്നലില്‍ നിന്നു രക്ഷ’യ്ക്കു ലഭിച്ചു. കേരള സര്‍ക്കാരിന്റെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയാണ്. 2012ലെ കുട്ടികള്‍ക്കുള്ള മികച്ച ശാസ്ത്രപുസ്തകമായി പി.ആര്.മാധവ പണിക്കരുടെ ‘വിരല്‍തുമ്പിലെ വെളിച്ചം’ തെരഞ്ഞെടുക്കപ്പെട്ടു. ഐഎസ്ആര്‍ഒയില്‍ നിന്നു വിരമിച്ച പണിക്കര്‍ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊഫസറാണിപ്പോള്‍.
പോപ്പുലര്‍ സയന്‍സിലെ മികച്ച പുസ്തകമായി ഡോ. എം.എന്‍.ശ്രീധരന്‍നായരുടെ ‘കണഭൗതികവും ദൈവകണ’വും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലെ രചനകള്‍ക്ക് മാതൃഭൂമി പത്രാധിപസമിതി അംഗമായ ഡോ.കെ.ശ്രീകുമാര്‍ ശാസ്ത്രപത്രപ്രവര്ത്തനത്തിനുള്ള പുരസ്കാരം നേടി. കലാകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.ഡി. ശെല്രാജിന് ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്കാരം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: