രാജീവ്‌ ഗാന്ധി വധം: വധശിക്ഷക്ക്‌ സ്റ്റേ

Tuesday 30 August 2011 3:28 pm IST

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ മൂന്നു പ്രതികളുടെ വധശിക്ഷ മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ്‌ എട്ട്‌ ആഴ്ചത്തേക്ക്‌ സ്റ്റേ ചെയ്തത്‌. ദയാ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്‌ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി വിധി. അഭിഭാഷകന്‍ രാംജെത്‌ മലാനിയാണ്‌ പ്രികള്‍ക്ക്‌ വേണ്ടി കോടതിയില്‍ ഹാജരായത്‌.
പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാല താമസം വരുതിതുയ കേന്ദ്രസര്‍ക്കാര്‍ എട്ട്‌ ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 20 വര്‍ഷത്തോളമായി തടവ്‌ അനുഭവിക്കുകയാണെന്നും ഇതിനു ശേഷമുള്ള വധശിക്ഷ നീതീകരിക്കാനാവില്ലെന്നുമാണ്‌ പ്രതികളുടെ വാദം. ദയാ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ താമസിച്ചതിനെയും പ്രതികള്‍ ചോദ്യം ചെയ്തിട്ടുണ്ട്‌. വെല്ലൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ വധശിക്ഷ അടുത്ത മാസം ഒന്‍പതിന്‌ നടക്കാനിരിക്കെയാണ്‌ വിധി.
ഈ മാസം 11 നാണ്‌ രാഷ്ട്രപതി ദയാ ഹര്‍ജി തള്ളിയത്‌. 2000 ത്തില്‍ ആണ്‌ പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്‌. 11 വര്‍ഷത്തോളം ഹര്‍ജി പരിഗണിക്കാതിരുന്ന കാര്യവും പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.