കൊച്ചി: ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 26 മുതല്‍ ആരംഭിക്കും. മാര്‍ച്ച് അഞ്ച് വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തുള്ള ജിമ്മി ജോര്‍ജ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയമാണ് വേദിയാകുന്നത്.
കേരള വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ കിഴക്കമ്പലം സ്പോര്‍ട്സ് ക്ലബ്ബാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന 62-ാം സീനിയര്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച പുരുഷ ടീമുകളും സെമിഫൈനലില്‍ കളിച്ച വനിതാ ടീമുകളുമാണ് ഫെഡറേഷന് കാപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുള്ളവര്‍.
പുരുഷ വിഭാഗത്തില്‍ കേരളം, തമിഴ്നാട്, ഉത്തരാഖണ്ഡ്, സര്‍വ്വീസസ്, പഞ്ചാബ്, രാജസ്ഥാന്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നീ ടീമുകളും വനിതാവിഭാഗത്തില്‍ റെയില്‍വേസ്, കേരളം, തമിഴ്നാട്, ആന്ധ്ര ടീമുകളും മത്സരിക്കും. ഇന്ത്യന്‍ സീനിയര്‍ ടീം കോച്ചിംഗ് ക്യാമ്പിലേക്കുള്ള കളിക്കാരെ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് തിരഞ്ഞെടുക്കുക.
ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കേന്ദ്രമന്ത്രി കെ.വി. തോമസ്, സംസ്ഥാന മന്ത്രിമാരായ പി.കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.സി. ചാക്കോ എംപി, സംസ്ഥാന വോളിബോള്‍ അസോസിയേഷന് പ്രസിഡന്റ് ചാര്‍ളി ജേക്കബ് എന്നിവര്‍ രക്ഷാധികാരികളും എം.പി. രാജന് (ചെയര്മാന്), കെ.പി. ആന്റണി (ജനറല്‍ കണ്‍വീനര്‍), സംസ്ഥാന വോളിബോള്‍ അസോസിയേഷന് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരുള്‍പ്പെട്ട 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: