ഭാഗവതാമൃതസത്രം ഭക്തിസാന്ദ്രം

Tuesday 28 January 2014 8:55 pm IST

കോട്ടയം: മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവതാമൃതസത്രത്തില്‍ അഞ്ചാം ദിവസമായ ഇന്നലെ ഗജേന്ദ്രമോക്ഷം, കൂര്‍മ്മാവതാരം, വാമനാവതാരം, മത്സ്യാവതാരം, ശ്രീരാമപരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്ത് പ്രഭാഷണം നടന്നു. രാവിലെ 8.30ന് ആരംഭിച്ച ഭാഗവത പ്രഭാഷണപരമ്പരയില്‍ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖരവര്‍മ്മ, എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ, പെരുമ്പള്ളി കേശവന്‍ നമ്പൂതിരി, കല്ലാനിക്കാട്ട് ചന്ദ്രശേഖരന്‍ നമ്പൂതിരി എന്നിവര്‍ ഭാഗവത കഥകളിലൂടെ പങ്കാളികളായി. ഗജേന്ദ്രമോക്ഷം, കൂര്‍മ്മാവതാരം എന്നീ ഭാഗവത കഥയുടെ ഭാഗങ്ങളാണ് വെണ്‍മണി കൃഷ്ണന്‍നമ്പൂതിരി പാരായണം ചെയ്തത്. ഗജേന്ദ്രമോക്ഷം കഥ സകലജീവജാലങ്ങളുടെയും കഥയാണ്. നമ്മുടെ കഥയാണ് ഗജേന്ദ്രമോക്ഷമെന്ന് നാമോരോരുത്തരും മനസ്സിലാക്കണം. മനുഷ്യനുമാത്രം ഉള്ള വിവേകം ആനയായി നിന്ന ഗജേന്ദ്രന് ഗുരുവായൂരപ്പന്‍ കൊടുത്തു. ലോകത്തുള്ള സകലര്‍ക്കും ആശ്രയിക്കാനുള്ള ഒരു കാരുണ്യമൂര്‍ത്തിയേയുള്ളൂ, അത് ഗുരുവായൂരപ്പനാണ്. ആരൊക്കെ ഉപേക്ഷിച്ചാലും തന്റെ ഭക്തരെ ഭഗവാന്‍ ഉപേക്ഷിക്കില്ലെന്ന് ഗജേന്ദ്രമോക്ഷം കഥയിലൂടെ മനസിലാകുമെന്ന് അദ്ദേഹം വിവരിച്ചു. എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ വാമനാവതാരം, മത്സ്യാവതാരം എന്നീ ഭാഗവതകഥകളാണ് പാരായണം ചെയ്തത്. മന്വന്തരാവതാരമായതിനാല്‍ വാമനാവതാരം പ്രശസ്തമാണ്. അര്‍ഹതയില്ലാത്തവര്‍ക്ക് അറിവുകിട്ടിയാല്‍ അത് തര്‍ക്കിക്കാന്‍ ഉപയോഗിക്കും. അര്‍ഹതയില്ലാത്തവര്‍ക്ക് ധനം കിട്ടിയാല്‍ അഹങ്കാരികളാകും. എതുസമയത്തും വാമനാവതാരം കഥ പാരായണം ചെയ്യാം. എന്റെ മുമ്പില്‍ യാചിച്ചയാള്‍ മറ്റൊരാളുടെ മുമ്പില്‍ യാചിക്കാന്‍ പാടില്ലെന്ന ബലിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. മനസിന് തൃപ്തിയില്ലാത്തവന്‍ ദരിദ്രനാണ്. മൂന്നടിമണ്ണുകൊണ്ട് തൃപ്തിയാകാത്തവന് ത്രിലോകങ്ങള്‍ കിട്ടിയാലും തൃപ്തിയാകില്ല. ചിങ്ങമാസത്തിലെ തിരുവോണദിനത്തിലാണ് വാമനാവതാരം നടന്നതെന്ന് ചൂണ്ടിക്കാട്ടി. അംബരീഷചരിതമാണ് കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി പാരായണം ചെയ്തത്. മനുഷ്യന്‍ സത്യം പറഞ്ഞാല്‍ ഈശ്വരന്‍ സന്തോഷിക്കും. അസത്യം പറഞ്ഞാല്‍ എനിക്ക് ഭാരമാണ്. സത്യം ഈശ്വരന്‍ മാത്രമേയുള്ളൂ. ഈശ്വരനെ മുറുകെപ്പിടിച്ചാല്‍ സത്യത്തെ മുറുകെ പിടിക്കുന്നതു പോലെയാണ് എന്തുകണ്ടാലും അത് ഈശ്വരന്റെയാണ് എന്നാണ് അംബരീഷചരിതം നമ്മെ പഠിപ്പിക്കുന്നത്. എല്ലാം ഈശ്വരഭാവമായി കണ്ടാല്‍ അത് ത്യാഗമായി. ഭാഗവതത്തിലെ മത്സ്യാവതാരമാണ് കുറുവല്ലൂര്‍ ഹരി നമ്പൂതിരി പാരായണം ചെയ്തത്. ഇതോടൊപ്പം രാമായണ സന്ദേശവും അദ്ദേഹം പ്രഭാഷണം നടത്തി. ജീവിതത്തിലെ കാറ്റിലും കോളിലും പെട്ട് തകരാതിരിക്കാന്‍ സത്യസ്വരൂപനായ ഈശ്വരനിലേക്ക് മനസിനെ സദാ ചേര്‍ത്തു നിര്‍ത്തണം. എന്നാല്‍ മത്സ്യാവതാരം കാണിച്ചുതരുന്നത് അങ്ങനെ ചെയ്യുന്നവര്‍ ഒരിക്കലും ദുഃഖിക്കുകയില്ലെന്നു ഉപനിഷത്തുകളിലൂടെ പറയുന്നു. സൂര്യവംശത്തിലെ രാജകഥകളും ശ്രീരാമ ചരിത്രവും അതുതന്നെ പറയുന്നു. ആത്മാവബോധത്തില്‍ സദാ മനസ്സ് അര്‍പ്പിച്ചതാണ് ശ്രീരാമന്റെ എല്ലാ വിജയങ്ങളുടെയും രഹസ്യം. അല്ലെങ്കില്‍ ശ്രീരാമന്‍ ജീവിത പ്രശ്‌നങ്ങളില്‍പ്പെട്ട് എന്നേ തകര്‍ന്നുപോയേനേ. അതാണ് രാമായണം നമുക്കു തരുന്ന ശരിയായ സന്ദേശം. കല്ലാനിക്കാട് ചന്ദ്രശേഖരന്‍ നമ്പൂതിരി പരശുരാമചരിതം പരായണം ചെയ്തു. ദുഷ്ടന്മാരായ ക്ഷത്രിയരില്‍ നിന്ന് ഭൂമിയുടെ അധികാരം ശിഷ്ടന്മാരായ ബ്രാഹ്മണരിലേക്ക് കൈമാറി. ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ നന്മയ്ക്കായല്ല, ഭരിയ്ക്കുന്നതെങ്കില്‍ പിന്നെ ഭഗവാന്‍ തന്നെ അവതരിച്ച് നന്മയെ പുനഃസ്ഥാപിക്കും. വൈകുന്നേരം മഞ്ഞപ്രമോഹനന്റെ നേതൃത്വത്തില്‍ സമ്പ്രദായ ഭജന കലാമണ്ഡപത്തില്‍ അരങ്ങേറി. ഇന്ന് ചലച്ചിത്ര പിന്നണിഗായിക അഭിരാമി അജിത് സംഗീതസദസ്സ് അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.