ടി പി കേസ്‌: ഡി വൈഎസ്പിക്ക്‌ സ്ഥലം മാറ്റം

Tuesday 28 January 2014 10:00 pm IST

കൊച്ചി: ടി പി വധക്കേസ്‌ അന്വേഷിച്ച പോലീസുദ്യോഗസ്ഥന്‌ കേസിന്റെ വിധി വന്ന ദിവസം തന്നെ സ്ഥലം മാറ്റ ഉത്തരവ്‌. കേസില്‍ മുഖം നോക്കാതെ നടപടിയെടുത്ത ഡി വൈഎസ്പി പി ഷൗക്കത്തലിയെയാണ്‌ എന്‍ഐഎയിലേക്ക്‌ മാറ്റിയത്‌.
കേസ്‌ നടക്കുമ്പോള്‍ കണ്ണൂര്‍ ഡിവൈഎസ്പി ആയിരുന്ന ഷൗക്കത്തലി ഇപ്പോള്‍ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പിയാണ്‌. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്നാണ്‌ സൂചന. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കാതെയും മുഖം നോക്കാതെയും നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു ഷൗക്കത്തലി. കൊടി സുനിയും കൂട്ടരും ഒളിവില്‍ കഴിഞ്ഞിരുന്ന രഹസ്യകേന്ദ്രത്തില്‍ നിന്ന്‌ ഇവരെ പിടികൂടിയതും ടികെ രജീഷിനെ വലയിലാക്കിയതും ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
സിപിഎം നേതൃത്വം ഷൗക്കത്തലിക്കെതിരെ നടപടി വേണമെന്ന്‌ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേസില്‍ വിധി വന്ന ദിവസം തന്നെ ഷൗക്കത്തലിയെ എന്‍ഐഎയിലേക്ക്‌ മാറ്റിയത്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ രാഷ്ട്രീയനേതൃത്വത്തിന്റെ താക്കീതായാണ്‌ വിലയിരുത്തുന്നത്‌. എന്‍ഐഎയിലേക്ക്‌ മാറ്റുന്നത്‌ പോലീസുദ്യോഗസ്ഥരെ സംബന്ധിച്ച്‌ ശിക്ഷാ നടപടിയായാണ്‌ കണക്കാക്കുന്നത്‌.എന്‍ഐഎ യുടെ കൊച്ചി യൂണിറ്റിലേക്കാണ്‌ ഷൗക്കത്തലിയെ മാറ്റിയിട്ടുള്ളത്‌. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണമാണ്‌ എന്‍ഐഎ നടത്തുന്നത്‌. കേസ്‌ അട്ടിമറിക്കാന്‍ സിപിഎം -കോണ്‍ഗ്രസ്‌ നേതൃത്വങ്ങള്‍ ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമാണ്‌. കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക്‌ നേരെ സിപിഎമ്മിന്റെ താത്പര്യ പ്രകാരം ആഭ്യന്തര വകുപ്പ്‌ നടപടികള്‍ സ്വീകരിക്കുന്നത്‌ പോലീസ്‌ സേനക്കുള്ളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്‌.
ടി.എസ്‌. നീലാംബരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.