പരിസ്ഥിതി ലോല മേഖലകളില്‍ പുനര്‍നിര്‍ണയമില്ലെന്ന്‌ കേന്ദ്രം

Tuesday 28 January 2014 10:05 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതിലോല മേഖലകള്‍ പുനര്‍നിര്‍ണ്ണയിക്കുമെന്ന നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതിലോല മേഖലയില്‍ തന്നെയാണെന്നും മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട്‌ കഴിഞ്ഞ നവംബര്‍ 13ന്‌ പുറത്തിറക്കിയ ഉത്തരവ്‌ നിലനില്‍ക്കുന്നതാണെന്നും വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. പരിസ്ഥിതിലോല മേഖലകള്‍ പുന:പരിശോധിക്കുമെന്ന ഡിസംബറിലെ ഉത്തരവ്‌ നിലനില്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡിസംബറിലെ ഉത്തരവിന്റെ മറവില്‍ പശ്ചിമഘട്ട മേഖലയില്‍ രണ്ടായിരത്തോളം ക്വാറികള്‍ക്ക്‌ കേരളസര്‍ക്കാര്‍ അനുമതി നല്‍കിയ സംഭവം ഗൗരവകരമാണെന്നും സംസ്ഥാനം പത്തു ദിവസത്തിനകം കോടതിക്ക്‌ വിശദീകരണം നല്‍കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്‌.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച്‌ നവംബര്‍ 13നു പുറത്തിറക്കിയ വിജ്ഞാപനം നിലനില്‍ക്കുകയാണ്‌. പരിസ്ഥിതിലോല മേഖലകള്‍ നിര്‍ണയിക്കുന്നതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുന്ന ഡിസംബര്‍ 20ലെ ഓഫീസ്‌ മെമ്മോറാണ്ടത്തിനു സാധുതയില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം നേരത്തെ തന്നെ തേടിയതിനു ശേഷമാണ്‌ നവംബര്‍ 13ലെ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും അതില്‍ മാറ്റം വരുത്തില്ലെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ നീലം റാത്തോഡും സയ്യദ്‌ അന്‍വറും ഇന്നലെ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
ഡിസംബര്‍ 20ന്‌ വനം പരിസ്ഥിതി മന്ത്രിയായി വീരപ്പ മൊയ്‌ലി പുറപ്പെടുവിച്ച തല്‍സ്ഥിതിരേഖ വന്നതോടെ നവംബര്‍ 13ലെ വിജ്ഞാപനം അസാധുവായെന്ന പ്രതീതിയുണ്ടെന്ന്‌ ഗോവ ഫൗണ്ടേഷന്‍ ഇന്നലെ വാദത്തിനിടെ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ്‌ പരിസ്ഥിതി ലോല മേഖലകള്‍ പുനപരിശോധിക്കുമെന്ന ഡിസംബറിലെ ഉത്തരവിന്‌ പ്രസക്തിയില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്‌.
പുതിയ വനം-പരിസ്ഥിതി മന്ത്രി പുറപ്പെടുവിച്ച ഡിസംബറിലെ ഉത്തരവിന്റെ മറവില്‍ കേരള സര്‍ക്കാര്‍ പരിസ്ഥതി ദുര്‍ബല മേഖലയില്‍ രണ്ടായിരത്തോളം ക്വാറികള്‍ക്ക്‌ അനുമതി നല്‍കിയ കാര്യം ഗോവ ഫൗണ്ടേഷന്‍ കോടതിയില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ പത്തു ദിവസത്തിനകം കേരളം മറുപടി നല്‍കണമെന്ന്‌ ജസ്റ്റിസ്‌ സ്വതന്ത്രകുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടിട്ടുണ്ട്‌. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ അപ്രസക്തമായെന്ന വാദം കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ വാദം കേള്‍ക്കുന്നത്‌ അടുത്ത തവണത്തേക്ക്‌ മാറ്റി.
പശ്ചിമഘട്ട സംരക്ഷണക്കാര്യത്തില്‍ നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റമില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലിനെ അറിയിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ ശുപാര്‍ശകള്‍ അപ്രസക്തമാകുമെന്നും ഉറപ്പായിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.