സാമ്പത്തിക പ്രതിസന്ധി ഗുരുതരം സര്‍ക്കാര്‍ 1000 കോടി കൂടി കടമെടുക്കുന്നു

Tuesday 28 January 2014 11:11 pm IST

കൊച്ചി: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത്‌ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണുള്ളത്‌. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1000 കോടിയുടെ കടപ്പത്രം കൂടി സര്‍ക്കാര്‍ ഇന്ന്‌ പുറത്തിറക്കുകയാണ്‌. രണ്ടാഴ്ച മുമ്പാണ്‌ 500 കോടിയുടെ കടപ്പത്രം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്‌. താത്കാലികമായുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടപ്പത്രം വഴി കഴിയുമെങ്കിലും സര്‍ക്കാരിനെ ഇത്‌ കൂടുതല്‍ കടക്കെണിയിലാക്കും. ഇപ്പോള്‍ 9500 കോടിയുടെ കടപ്പത്രമാണ്‌ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇറക്കിയിട്ടുള്ളത്‌.
സംസ്ഥാന ബജറ്റിനു തൊട്ടു പിന്നാലെ സര്‍ക്കാര്‍ വിപണിയില്‍ കടപ്പത്രമിറക്കുന്നത്‌ വിമര്‍ശനത്തിനിടയാക്കുന്നുണ്ട്‌. ബജറ്റില്‍ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചു വക്കുകയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട്‌ വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ട്‌ മാസം മാത്രം അവശേഷിക്കെ നിയന്ത്രണം മൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ പദ്ധതികള്‍ മിക്കതും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്‌. സര്‍ക്കാര്‍ ഗ്രാന്റ്‌ മൂലം പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെയും സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിക്കുകയാണ്‌. സമര്‍പ്പിച്ച ബില്ലുകള്‍ പോലും മാറിക്കിട്ടാത്ത സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. ഈ സാഹചര്യത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും കടലാസില്‍ ഒതുങ്ങും. ജനുവരിയിലെ ശമ്പളം കൊടുക്കാന്‍ പോലും ട്രഷറിയില്‍ പണമില്ലാത്ത സാഹചര്യത്തിലാണ്‌ 1000 കോടിയുടെ കടപ്പത്രം പുറത്തിറക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.