കമല്‍നാഥിന്റെ ആസ്തി 263 കോടി

Saturday 3 September 2011 5:25 pm IST

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാര്‍ സ്വത്ത്‌ വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റിലാണ്‌ മന്ത്രിമാരുടെ ആസ്തിയുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ആസ്തി അഞ്ച് കോടിയാണ്‌. പ്രതിരോധമന്ത്രി എ കെ ആന്റണിക്കാണ്‌ ഏറ്റവും കുറഞ്ഞ ആസ്തിയുളളത്‌. 34 ലക്ഷം രൂപയാണ്‌ ആന്റണിയുടെ ആസ്തി. ഏറ്റവും കൂടുതല്‍ ആസ്തിയുളള കേന്ദ്രമന്ത്രി കമല്‍നാഥാണ്‌. 263 കോടിയുടെ ആസ്തിയാണ്‌ കമല്‍നാഥിനുളളത്‌. കേന്ദ്രമന്ത്രിയായ ശരത്‌ പവാറിന്‌ 12 കോടിയും പ്രണബ്‌ മുഖര്‍ജിക്ക്‌ 1.8 കോടിയുമാണ്‌ ആസ്തി. വയലാര്‍ രവിക്ക്‌ 1.38 കോടിയും ദയാനിധി മാരന്‌ 2.94 കോടിയുടെയും സ്വത്താണുളളത്‌. പത്ത് മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ ഇനിയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് ചണ്ടീഗഡില്‍ 90ലക്ഷം രൂപയുടെ വീടും തെക്കന്‍ ദല്‍ഹിയിലെ വസന്ത്കുഞ്ജില്‍ 88 ലക്ഷം രൂപയുടെ ഫ്ലാറ്റും ഉണ്ട്‌. 1.8 കോടിയുടെ വസ്തുവകകളും, 3.2 കോടി രൂപയുടെ ബാങ്ക്‌ നിക്ഷേപങ്ങളുമുണ്ട്‌. മന്ത്രിസഭയിലെ ദരിദ്രനായ എ.കെ.ആന്റണിക്ക്‌ തിരുവനന്തപുരം ജഗതിയില്‍ ഒരു വീടും 1,69,000 രൂപ വിലയുള്ള ഒരു സെക്കന്‍ഡ്‌ ഹാന്‍ഡ്‌ വാഗണ്‍ ആര്‍ കാറും ഉണ്ട്‌. രണ്ട്‌ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളിലായി 1,82,000 രൂപയുടെ നിക്ഷേപങ്ങളുമുണ്ട്‌. ഭാര്യ എലിസബത്തിന്റെ പേരില്‍ 30 ലക്ഷം രൂപയുടെ സ്വത്തുണ്ട്‌. ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനു 11 കോടിയുടെ സ്വത്തും ഭാര്യയ്ക്ക്‌ 12.8 കോടിയുടെ സ്വത്തുമുണ്ട്‌. ധനമന്ത്രി പ്രണബ്‌ മുഖര്‍ജിക്ക്‌ 1.8 കോടിയുടെ സ്വത്താണുള്ളത്‌. ഇതില്‍ 62 ലക്ഷം രൂപയുടെ വസ്തുവകകളും, 1.2 കോടി രൂപയുടെ ബാങ്ക്‌ നിക്ഷേപങ്ങളമുണ്ട്‌. മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയ്ക്കും ഭാര്യയ്ക്കും കൂടി 15.2 കോടി രൂപയുടെ സ്വത്തുണ്ട്‌. ഉരുക്ക്‌ വ്യവസായ മന്ത്രി പ്രഫുല്‍ പട്ടേലിന്റെ ആസ്‌തി 98 കോടി രൂപയാണ്‌. വിദേശകാര്യ മന്ത്രി എസ്‌.എം.കൃഷ്‌ണയ്ക്ക്‌ 22 ലക്ഷം രൂപയുടെ സ്വത്തും, ഭാര്യയ്ക്ക്‌ 21 ലക്ഷം രൂപയുടെ സ്വത്തുമുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.