കസ്തൂരി രംഗന്‍: നിയമസഭ പ്രക്ഷുബ്ധമായി

Wednesday 29 January 2014 9:45 pm IST

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്‌ ഗ്രീന്‍ട്രൈബ്യൂണലിന്‌ മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ മാറ്റിയത്‌ നിയമസഭയെ പ്രക്ഷുബ്ധമാക്കി. നടുത്തളത്തിലിറിങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരില്‍ ചിലര്‍ സ്പീക്കറുടെ ഡയസില്‍ കയറിയതിനെ തുടര്‍ന്ന്‌ ഒന്നര മണിക്കൂര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ നല്‍കിയ കത്ത്‌ മുഖ്യമന്ത്രി വായിച്ചതോടെയാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. മലയോര മേഖലയില്‍ നിന്നുള്ള ഏഴ്‌ എംഎല്‍എമാരാണ്‌ സ്പീക്കറുടെ ഡയസില്‍ കയറിയത്‌. ഇ.എസ്‌. ബിജിമോള്‍, എസ്‌. രാജേന്ദ്രന്‍, കെ.കെ. ജയചന്ദ്രന്‍, ബി.ഡി. ദേവസി, ചിറ്റയം ഗോപകുമാര്‍, ഇ.കെ. വിജയന്‍, കെ. കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍. കെ.വി. വിജദാസ്‌ എന്നിവരാണ്‌ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത്‌ ചെന്ന്‌ മുദ്രാവാക്യം വിളിച്ചത്‌. ഒടുവില്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച്‌ സ്പീക്കര്‍ നടത്തിയ സമവായ ചര്‍ച്ചയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ഇന്ന്‌ പ്രത്യേകം ചര്‍ച്ച നടത്താന്‍ ധാരണയായി.
ഗ്രീന്‍ട്രൈബ്യൂണലിന്‌ മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ മാറ്റിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പഠിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ ഈ മാസം 31ന്‌ ഡല്‍ഹിയിലെത്തി കേന്ദ്രസര്‍ക്കാറിന്‌ കൈമാറും. ഗാഡ്കില്‍ റിപ്പോര്‍ട്ട്‌ തള്ളിയത്‌ പോലെ ഈ റിപ്പോര്‍ട്ട്‌ അംഗീകരിപ്പിക്കാനും കഴിയും. പരിസ്ഥിതി സംഘടനയായ ഗോവ ഫൗണ്ടേഷന്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകന്‍ വാക്കാല്‍ നടത്തിയ പരാമര്‍ശം ഉപയോഗിച്ച്‌ തെറ്റിദ്ധാരണ പരത്തുകയാണ്‌. ഇതില്‍ പുതുതായി ഒന്നുമില്ല. ഹര്‍ജി പരിഗണിക്കുന്നതിന്‌ മുമ്പുള്ള അതേസാഹചര്യമാണ്‌ ഇന്നും നിലനില്‍ക്കുന്നതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ഷകര്‍ മുഴുവന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ തള്ളണമെന്ന്‌ പറഞ്ഞപ്പോള്‍ അത്‌ വേണമെന്ന്‌ ആവശ്യപ്പെട്ടത്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടുകളില്‍ ജനവിരുദ്ധ നിര്‍ദേശങ്ങളുണ്ടെന്നും ഇതില്‍ ഭേദഗതി വേണമെന്ന്‌ തന്നെയാണ്‌ തന്റെ നിലപാടെന്നും പ്രതിപക്ഷനേതാവ്‌ വിഎസ്‌ പറഞ്ഞു. തുടര്‍ന്ന്‌ പ്രതിപക്ഷ നേതാവ്‌ വാക്കൗട്ട്‌ പ്രഖ്യാപിച്ചു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്‌ ആശയക്കുഴപ്പമുണ്ടാക്കി.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.