നികുതിവരുമാനത്തില്‍ വന്‍ ഇടിവ്‌

Wednesday 29 January 2014 10:15 pm IST

തിരുവനന്തപുരം: ബജറ്റില്‍ കണക്കുകള്‍കൊണ്ട്‌ ധനമന്ത്രി കെ.എം.മാണി മായാജാലപ്രകടനങ്ങള്‍ നടത്തുമ്പോഴും അവതരിപ്പിച്ച ബജറ്റ്‌ കണക്കുകളും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്‌ ഒന്‍പതുമാസത്തെ നികുതിവിഹിതം വ്യക്തമാക്കുന്നു. നടപ്പുസാമ്പത്തികവര്‍ഷം കേന്ദ്രനികുതിവിഹതവും സംസ്ഥാന നികുതി വിഹിതവും ഉള്‍പ്പെടെ പ്രതീക്ഷിച്ച നികുതിവരുമാനത്തിന്റെ 53.26 ശതമാനം മാത്രമാണ്‌ ഇതുവരെ പിരിച്ചെടുക്കാനായത്‌. സംസ്ഥാന നികുതിവരുമാനത്തില്‍ 52 ശതമാനം മാത്രമാണ്‌ ഖജനാവിലെത്തിയത്‌
2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ എസ്റ്റിമേറ്റ്‌ പ്രകാരം 38771.10 കോടി രൂപയാണ്‌ സംസ്ഥാനത്തിന്റെ തനത്‌ നികുതിവരുമാനം പ്രതീക്ഷിക്കുന്നത്‌. കേന്ദ്രനികുതിവിഹിതം 8143.79 കോടി രൂപയും. ഇതില്‍ സംസ്ഥാന നികുതിവിഹിതത്തില്‍ 20337.10 കോടി രൂപമാത്രമാണ്‌ പിരിഞ്ഞുകിട്ടിയത്‌. കേന്ദ്രനികുതി വിഹിതത്തിലാകട്ടെ 4453.6 കോടി രൂപയും.
അക്കൗണ്ടന്റ്‌ ജനറലിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ 31 വരെ നികുതി വിഹിതത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌ വില്‍പ്പനനികുതിമേഖലയാണ്‌. പ്രതീക്ഷിച്ച 28456 കോടി രൂപയില്‍ 15797 കോടി രൂപ ലഭിച്ചിട്ടുണ്ട്‌. 55.52 ശതമാനം മാത്രമാണിത്‌.
വാഹനനികുതിയിനത്തില്‍ പ്രതീക്ഷിച്ച 2570.65 കോടിയില്‍ ഇതു 1388.44 കോടി മാത്രമാണ്‌ ലഭിച്ചത്‌(54.01). ക്രയവസ്തു, സേവനനികുതി ഇനങ്ങളിലായി 203.86 കോടി പ്രതീക്ഷിച്ചപ്പോള്‍ ഇതുവരെ പിരിഞ്ഞുകിട്ടിയത്‌ 102.07 കോടി മാത്രം(50.07). എക്സൈസ്‌ നികുതി 2801.75 കോടി പ്രതീക്ഷിച്ചിടത്ത്‌ കിട്ടിയത്‌ 1252.81 കോടി(44.72ശതമാനം). സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ നികുതി പ്രതീക്ഷിച്ച മുദ്രപത്രവും രജിസ്ട്രേഷന്‍ വിഭാഗത്തില്‍ നിന്ന്‌ പിരിഞ്ഞുകിട്ടിയത്‌ പ്രതീക്ഷിച്ചതിന്റെ 39.67 ശതമാനം മാത്രമാണ്‌. 4207 കോടി രൂപയാണ്‌ ഇതുവഴി പ്രതീക്ഷിച്ചത്‌. കിട്ടിയത്‌ ഇതുവരെ 1668.73 കോടി രൂപയും. ഭൂനികുതിയില്‍ 135.49 കോടിയില്‍ ലഭിച്ചത്‌ 61.07 കോടി(45.07 ശതമാനം). കൃഷിഭൂമി ഒഴികെയുള്ള സ്ഥാവര വസ്തുനികുതി വഴി 87.59 കോടി പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത്‌ 35.93 കോടി (41.02 ശതമാനം). കാര്‍ഷികാദായ നികുതിയില്‍ പിരിച്ചെടുക്കാനായത്‌ വെറും 20.23 ശതമാനംമാത്രമാണ്‌. 23.98 കോടി പ്രതീക്ഷിച്ചപ്പോള്‍ വരവ്‌ വെറും 4.85 കോടി. വൈദ്യുതി നികുതി തീരുവയിലാണ്‌ ഏറ്റവും കുറവ്‌. 9.2 ശതമാനം മാത്രമാണ്‌ നികുതിയിനത്തില്‍ ലഭിച്ചത്‌. 284.15 കോടി പ്രതീക്ഷിച്ചിടത്തുനിന്നും ഇതുവരെ കിട്ടിയത്‌ വെറും 25.62 കോടി രൂപ.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കാര്‍ഷികാദായ നികുതി ലക്ഷ്യമിട്ട തുകയേക്കാള്‍ 2.94 കോടി രൂപയും വാഹന നികുതി 230.13 കോടി രൂപയും അധികമായി പിരിച്ചെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം പെട്രോളില്‍ നിന്ന്‌ നികുതിയായി 1619.96 കോടി രൂപയും ഡീസലില്‍ നിന്ന്‌ 2269.15 കോടിയും ലഭിച്ചപ്പോള്‍ നടപ്പുവര്‍ഷം ലഭിച്ചത്‌ യഥാക്രമം 1274.82 കോടിയും 1913.67 കോടിയുമാണ്‌. 2012-13 സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന 32122.21 കോടി രൂപയില്‍ 30076.61 കോടി രൂപ(93.63 ശതമാനം) പിരിച്ചെടുക്കാനായിരുന്നു.
ഈ വര്‍ഷം നികുതി വരുമാനത്തില്‍ വന്‍ ഇടിവുണ്ടാവുമെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. വാഹനവില്‍പ്പനയിലും മുദ്രപത്രരജിസ്ട്രേഷനിലും പ്രതീക്ഷിച്ച നികുതിവരുമാനം ലഭിക്കില്ല.
റബ്ബര്‍, ഏലം, കുരുമുളക്‌ തുടങ്ങിയവയിലും പ്രധാനനാണ്യവിളകളിലുമുണ്ടായ വിലയിടിവും അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവും നിര്‍മ്മാണ മേഖലയിലുണ്ടായ മാന്ദ്യവും ബിവറേജസ്‌ കോര്‍പ്പറേഷന്റെ വിറ്റുവരവിലുണ്ടായ ഗണ്യമായ ഇടിവ്‌ എക്സൈസ്‌ നികുതി വരുമാനത്തിനും തിരിച്ചടിയാവും. വൈദ്യുതി നികുതി തീരുവകള്‍ കഴിഞ്ഞ വര്‍ഷവും ലക്ഷ്യത്തിനടുത്തുപോലും എത്തിയിരുന്നില്ല. കഴിഞ്ഞവര്‍ഷം ലക്ഷ്യ തുകയുടെ 9.88 ശതമാനം മാത്രമാണ്‌ ഖജനാവിലെത്തിയത്‌. ഇത്തവണയും മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
സി.രാജ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.