കോടികളുടെ തട്ടിപ്പ്‌; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Wednesday 29 January 2014 10:20 pm IST

മാന്നാര്‍(ആലപ്പുഴ): സംസ്ഥാനത്ത്‌ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കോടിരൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ പോലീസിനെ വെട്ടിച്ചു നടന്ന പ്രതി അറസ്റ്റില്‍. തലവടി നീരേറ്റുപുറം ശ്രീകൃഷ്ണവിലാസത്തില്‍ പ്രകാശി (45)നെയാണ്‌ മാന്നാര്‍ സിഐ: ബിനുകുമാര്‍, എസ്‌ഐ: എസ്‌.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ തലവടിയിലെ വീടു വളഞ്ഞ്‌ പിടികൂടിയത്‌.
നിരവധി വാറന്റുണ്ടായിരുന്ന പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിന്‌ സാധിച്ചിരുന്നില്ല. ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍നായര്‍ക്ക്‌ കോടതി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. എടത്വ പോലീസ്‌ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പ്രതി രക്ഷപ്പെട്ടിരുന്നത്‌. അതിനാല്‍ എടത്വാ പോലീസിനെ അറിയിക്കാതെയായിരുന്നു പോലീസ്‌ നടപടി.
അങ്കണവാടികളിലും സ്കൂളിലുകളിലും സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക്‌ വിതരണം ചെയ്യാനെന്ന വ്യാജേന വണ്ടിചെക്ക്‌ നല്‍കി 12 ലക്ഷം രൂപയുടെ സ്കൂള്‍ ബാഗ്‌ തട്ടിയെടുത്ത കേസിലാണ്‌ ഇപ്പോള്‍ അറസ്റ്റിലായത്‌.
വീട്ടിലുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന്‌ പോലീസ്‌ വീടുവളയുകയായിരുന്നു. പോലീസ്‌ എത്തിയതറിഞ്ഞ്‌ വീട്ടിനുള്ളിലെ സാധനസാമഗ്രികള്‍ ഇയാള്‍ തകര്‍ത്തു. തുടര്‍ന്ന്‌ പോലീസ്‌ ഗാമപഞ്ചായത്തംഗത്തിന്റേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ്‌ കസ്റ്റഡിയിലെടുത്തത്‌. വീടിന്‌ ചുറ്റും സിസി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള ആഡംബര വീടാണ ഇയാളുടേത്്‌. കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിരവധി തട്ടിപ്പാണ്‌ ഇയാള്‍ നടത്തിയിരിക്കുന്നത്‌.
കൂത്താട്ടുകുളത്ത്‌ സ്വകാര്യകമ്പനിയില്‍ നിന്നും 25 ലക്ഷം രൂപയുടെ കുട കടംവാങ്ങി തട്ടിപ്പ്‌ നടത്തിയിരുന്നു. ഫോര്‍ട്ട്‌ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന്‌ എട്ടുലക്ഷം രൂപയുടെ ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങി കബളിപ്പിച്ചു. മൂവാറ്റുപുഴയിലെ ഹാര്‍ഡ്‌വേര്‍ സ്ഥാപനത്തില്‍ നിന്നും മൂന്നുലോഡ്‌ സിമന്റും രണ്ടുലോഡ്‌ കമ്പിയും ഇയാള്‍ വാങ്ങി തട്ടിപ്പ്‌ നടത്തി.
ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങിയും തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌. മാന്നാര്‍ ശക്തി ചാനലിന്‌ കേബിള്‍ നല്‍കാമെന്ന്‌ പറഞ്ഞ്‌ 70,000 രൂപ തട്ടിയെടുത്തു. മങ്കൊമ്പിലെ കൃഷി ഓഫീസില്‍ ഡ്രൈവറുടെ ഒഴിവില്‍ നിയമനം നടത്താമെന്ന്‌ പറഞ്ഞ്‌ നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റി. കമ്പത്ത്‌ നിന്നും പച്ചക്കറി വാങ്ങി മൊത്തവ്യാപാരം നടത്തി പച്ചക്കറി വ്യാപാരികളേയും കബളിപ്പിച്ചതായി പരാതിയുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും കെട്ടിടം നിര്‍മ്മിച്ചാല്‍ സബ്സിഡി ലഭിക്കുമെന്ന്‌ വിശ്വസിപ്പിച്ചും നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തു. ഇയാള്‍ അറസ്റ്റിലായ വിവരം അറിഞ്ഞ്‌ നിരവധി പേര്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്‌.
വിലകൂടിയ ആഡംബര കാറുകള്‍ വാടകയ്ക്ക്‌ എടുത്ത്‌ ഇതില്‍ യാത്ര ചെയ്താണ്‌ തട്ടിപ്പ്‌ നടത്തുന്നത്‌. പത്തനംതിട്ട തൃക്കൊടിത്താനം, കണ്ണൂര്‍, മൂവാറ്റുപുഴ, ഫോര്‍ട്ട്കൊച്ചി ഉള്‍പ്പെടെ നിരവധി പോലീസ്‌ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്‌. ഇയാളുടെ അമ്മ ഗൗരിയമ്മയും ചെക്കുകേസുകളില്‍ പ്രതിയാണ്‌. ഡിവൈഎസ്പി പ്രസന്നന്‍നായരുടെ നിര്‍ദ്ദേശാനുസരണം മാന്നാര്‍ സിഐ, എസ്‌ഐ എന്നിവര്‍ക്കൊപ്പം സിപിഒമാരായ പ്രതാപചന്ദ്ര മേനോന്‍, വി.പ്രമോദ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.