ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം

Thursday 30 January 2014 7:45 pm IST

ജമാ അത്തെ ഇസ്ലാമിയുടെ ഭരണഘടന ദേശവിരുദ്ധമാണെന്നും നിയമവാഴ്ചക്കെതിരാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന്‌ തൊട്ടുപിന്നാലെയാണ്‌ തിരൂരില്‍ രണ്ടു സിപിഎമ്മുകാരെ എസ്ഡിപിഐക്കാര്‍ ആക്രമിച്ച സംഭവം നടന്നത്‌. ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം ലക്ഷ്യമിട്ട്‌ ഇവിടുത്തെ കോടതികള്‍, ഭരണവ്യവസ്ഥ മുതലായവ അംഗീകരിക്കുന്നില്ലെന്നും ദേശീയത, ജനാധിപത്യം മുതലായ സങ്കല്‍പ്പങ്ങള്‍ക്ക്‌ അത്‌ എതിരാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ അബ്ദുള്‍ സമദ്‌ എന്നൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്‌. ദേശവിരുദ്ധ ആശയങ്ങളുള്ള പുസ്തകങ്ങളും ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയിലും കേരളത്തിലും ഇസ്ലാമിക ഭീകരത വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നത്‌ സര്‍ക്കാരുകളുടെ ന്യൂനപക്ഷ പ്രീണനം കൊണ്ടാണ്‌. സിമി, പോപ്പുലര്‍ ഫ്രണ്ട്‌, എസ്ഡിപിഐ എന്നിങ്ങനെയുള്ള ഭീകരവാദ സംഘടനകള്‍ ഇവിടെ സജീവമാണ്‌. ഭരണസംവിധാനങ്ങളുമായി സഹകരിക്കരുതെന്ന്‌ അണികള്‍ക്ക്‌ നിര്‍ദ്ദേശമുണ്ട്‌. സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കരുതെന്ന്‌ നിര്‍ദ്ദേശിക്കുന്ന സംഘടന അവസരം വരുമ്പോള്‍ മുസ്ലിം ഭരണം സ്ഥാപിക്കാന്‍ രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്യുന്നു.
ലോകത്ത്‌ പല രാജ്യങ്ങളും സംഘടനയെ നിരോധിച്ചെങ്കിലും ഇന്ത്യയില്‍ പ്രസ്ഥാനം സ്വതന്ത്രമാണ്‌. ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി സംഘടനക്കെതിരെ ആരോപണമുയരുമ്പോഴും സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ നിസ്സംഗരാണ്‌. ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ഹൗസ്‌ പ്രസിദ്ധീകരിച്ച 97 പുസ്തകങ്ങള്‍ പരിശോധിച്ചതില്‍ 14 എണ്ണം രാജ്യദ്രോഹപരമായ ആശയങ്ങള്‍ അടങ്ങുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമാണെന്നുമാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. മറ്റ്‌ സമൂഹങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഫണ്ടമെന്റലിസ്റ്റ്‌ കാഴ്ചപ്പാടുകള്‍ക്ക്‌ ഇരയാകുന്നത്‌ തുടരെ കാണുന്ന കാഴ്ചകളാണ്‌. വ്യാഴാഴ്ച തിരൂരില്‍ രണ്ടു സിപിഎമ്മുകാര്‍ നടുറോഡിലാണ്‌ ആക്രമിക്കപ്പെട്ടത്‌. സിപിഎം നേതാവ്‌ പിണറായി വിജയന്‍ പറയുന്നത്‌ അക്രമികള്‍ എസ്ഡിപിഐക്കാരാണെന്നാണ്‌. ഈ അക്രമികള്‍ക്ക്‌ മുസ്ലിംലീഗിന്റെ പിന്തുണ ഉണ്ടെന്നും ആരോപണം ഉയരുന്നു. ഏതാക്രമണമുണ്ടായാലും ലീഗ്‌-പോപ്പുലര്‍ ഫ്രണ്ട്‌ ബന്ധത്തെപ്പറ്റിയോ ലീഗിന്‌ എന്‍ഡിഎഫുമായുള്ള ബന്ധത്തെപ്പറ്റിയോ അന്വേഷിക്കുന്നതില്‍ കേരള പോലീസ്‌ നിഷ്ക്രിയമാണ്‌. മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതുകൊണ്ടുതന്നെ ഇവിടെ സജീമാണ്‌. സംഘടനയുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നെന്നും ദേശ-സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ തെളിവൊന്നും കിട്ടിയിട്ടില്ലെന്നുമാണ്‌ ആഭ്യന്തര വകുപ്പ്‌ അണ്ടര്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്‌.
ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹപരമാണെന്ന്‌ കണ്ടെത്തിയാല്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രവുമായി ആലോചിച്ച്‌ തീരുമാനിക്കും എന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങള്‍ രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ആയതിനാല്‍ അവ നിരോധിക്കണമെന്നും ആവശ്യം ഉയരുമ്പോഴും പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കാനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന്‌ മാത്രമാണ്‌ സര്‍ക്കാര്‍ വിശദീകരണം. മതന്യൂനപക്ഷങ്ങള്‍ തെരഞ്ഞെടുപ്പ്‌ വിധി നിര്‍ണായകമാകുന്നതിനാല്‍ അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിരീക്ഷണത്തിന്‌ വിധേയമാക്കാതിരിക്കുന്നു. ഇത്‌ തിരിച്ചറിയുന്ന പോലീസ്‌ നിസ്സംഗത പാലിക്കുകയും ചെയ്യുമ്പോള്‍ അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ദേശസുരക്ഷ അട്ടിമറിക്കുമെന്നുറപ്പാണ്‌. രാവിലെ പള്ളിയില്‍ പോയിവരുന്ന കന്യാസ്ത്രീയുടെ കയ്യില്‍ കടന്നുപിടിച്ച്‌ റോഡില്‍ക്കൂടി വലിച്ചിഴച്ചതും ഒരു മുസ്ലിം യുവാവായിരുന്നു. കന്യാസ്ത്രീ ആശുപത്രിയിലായി എങ്കിലും ആക്രമി പോലീസ്‌ സംരക്ഷണത്തില്‍ സുരക്ഷിതന്‍. ജമാഅത്തെ ഇസ്ലാമി ദേശവിരുദ്ധമാണെന്ന്‌ സര്‍ക്കാര്‍ തന്നെ അംഗീകരിച്ച്‌ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കെ മുസ്ലിം തീവ്രവാദികള്‍ക്ക്‌ നേരെയും കര്‍ശനമായ നടപടിയ്ക്ക്‌ ന്യൂനപക്ഷ പ്രീണനം കൈവെടിഞ്ഞ്‌ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്‌. എന്നാല്‍ ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിക്കാനാണ്‌ എല്ലാ സാധ്യതയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.