ചിലിയില്‍ 21 യാത്രക്കാരുമായി വിമാനം കാണാതായി

Saturday 3 September 2011 5:05 pm IST

സാന്റിയാഗോ: 21 യാത്രക്കാരുമായി ചിലി എയര്‍ഫോഴ്‌സ്‌ വിമാനം പസഫിക്ക്‌ സമുദ്രത്തിന്‌ മുകളില്‍ കാണാതായി. പസഫിക്കിന്‌ സമീപമുള്ള ജുന്‍ ഫെര്‍ണാണ്ടസ്‌ ദ്വീപിലേക്കുള്ള കാസ 212 വിമാനമാണ്‌ കാണാതായത്‌. വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായും ആരും രക്ഷപ്പെട്ടില്ലെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. വിമാനം അപകടത്തില്‍പ്പെട്ടതായി സൂചന ലഭിച്ചയുടനെ സുരക്ഷാപ്രവര്‍ത്തകര്‍ ബോട്ടിലെത്തി പരിശോധനകള്‍ നടത്തിയെങ്കിലും ലഗേജുകള്‍ മാത്രമാണ്‌ കണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന്‌ ജുന്‍ ഫെര്‍ണാണ്ടസ്‌ മേയര്‍ ലിയോ പോള്‍ഡോ ഗോന്‍സലേസ്‌ പറഞ്ഞു. രണ്ടു തവണയായി ദ്വീപില്‍ നിലം തൊടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും പിന്നീട്‌ വിമാനത്തില്‍ നിന്ന്‌ റേഡിയോ സന്ദേശങ്ങള്‍ നഷ്‌ടപ്പെടുകയായിരുന്നുവെന്നും പ്രതിരോധ വകുപ്പ്‌ മന്ത്രി എന്‍ഡ്രിസ്‌ അല്‍മണ്ട്‌ വ്യക്തമാക്കി. അപകടത്തില്‍ ചിലിയിലെ പ്രമുഖ ടി.വി ചാനല്‍ അവതാരകനായ ഫിലിപ്പ്‌ കാമിറോഗയും ഉള്‍പ്പെട്ടതായും സൂചനയുണ്ട്‌. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 ന്‌ സുനാമിക്ക്‌ ശേഷം ദ്വീപിന്റെ അതിജീവനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കാനുള്ള യാത്രയിലായിരുന്നു കാമിഗോറ.