ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

Friday 31 January 2014 2:10 pm IST

ന്യൂദല്‍ഹി: 1993ലെ ദല്‍ഹി സ്‌ഫോടന കേസിലെ പ്രതിയും കൊടും ഭീകരനുമായ ദേവേന്ദ്ര സിംഗ് ഭുള്ളറുടെ വധ ശിക്ഷ സൂപ്രീം കോടതി സ്റ്റേ ചെയ്തു. ഇതു സംബന്ധിച്ച നോട്ടീസ് സുപ്രീം കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി സര്‍ക്കാരിനും കൈമാറി. ഭുള്ളറിന്റെ മാനസിക നില സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടും കോടതി ആരാഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രത്തിന്റേയും ദല്‍ഹി സര്‍ക്കാരിന്റെയും നിരീഷണങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വന്ന കാലതാമസവും പ്രതിയുടെ മാനസികനിലയും പരിഗണിച്ചാണ് വധശിക്ഷ സ്റ്റേ ചെയ്യാന്‍ കാരണമായതെന്ന് ചീഫ് ജസ്റ്റീസ് സദാശിവം അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ അടിസ്ഥാനത്തില്‍ ഭുള്ളറുടെ ഭാര്യ നവനീത് കൗര്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് നടപടി. വധശിക്ഷ നടപ്പാക്കുന്നതില്‍ ദീര്‍ഘമായ കാലതാമസമുണ്ടായാല്‍ വധശിക്ഷയില്‍ ഇളവ് ചെയ്യാമെന്നും മാനസിക പ്രശ്‌നമുള്ളവരെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും സുപ്രീംകോടതി പുതിയ ഉത്തരവില്‍ പറഞ്ഞിരുന്നു. 11 വര്‍ഷത്തോളമായി ഭുള്ളര്‍ ഏകാന്ത തടവില്‍ കഴിയുകയാണെന്നും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നവനീത് കൗര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയിന്മേല്‍ ഫെബ്രുവരി 19ന് കോടതി വാദം കേള്‍ക്കും. മാനസിക ആരോഗ്യം സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്നും അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇത്രയും കാലം ഭുള്ളറിന്റെ വധശിക്ഷ നടപ്പാക്കാതിരുന്നത്. 2003 ജനുവരിയില്‍ രാഷ്ട്രപതിക്ക് ഭുള്ളര്‍ സമര്‍പ്പിച്ച ദയാഹര്‍ജി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി തള്ളിയിരുന്നു. 1993ല്‍ ദല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.