ജമാഅത്തെ ഇസ്ലാമി എന്ന നീരാളി

Friday 31 January 2014 8:52 pm IST

ഒടുവില്‍ കേരള സര്‍ക്കാരിനും സമ്മതിക്കേണ്ടിവന്നു ജമാഅത്തെ ഇസ്ലാമി അപകടകാരിയാണെന്ന്‌. പക്ഷേ രാഷ്ട്രീയ നേതൃത്വം നടപടിയിലേക്ക്‌ നീങ്ങാന്‍ തയ്യാറാകുമോ ? ഒരു സംശയവും വേണ്ട. കേരളത്തിലെ ഇടത്‌-വലത്‌ മുന്നണികള്‍ തരവും തക്കവും നോക്കി ജമാഅത്തെ ഇസ്ലാമിയുടെ ചങ്ങാതിയും സംബന്ധക്കാരുമാണ്‌. ഇന്നലെ കണ്ടത്‌ അതാണ്‌. നാളെ കാണാന്‍ പോകുന്നതും മറ്റൊന്നല്ല. വാവടുക്കുമ്പോള്‍ കാസരോഗികളെപ്പോലെയാണവര്‍.
തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ജമാഅത്തെ ഇസ്ലാമിയുടെ അന്തപ്പുരങ്ങളില്‍ തലയില്‍ മുണ്ടിട്ട്‌ കയറും. ബന്ധങ്ങള്‍ ഉറപ്പിക്കും. ഇന്ന്‌ വലത്‌ മുന്നണിയാണെങ്കില്‍ നാളെ ഇടതു മുന്നണി. ലാഭം നോക്കി ഏത്‌ മുന്നണിയുമായും ചായാന്‍ അവര്‍ക്ക്‌ മടിയില്ല. അതാണ്‌ കേരളത്തിലെ ജമാ അത്തിന്റെ ചരിത്രം. ഇപ്പോള്‍ ചില കാര്യങ്ങള്‍ കോടതിയില്‍ തുറന്നുപറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌ നിര്‍ബന്ധിത സാഹചര്യം കൊണ്ടു മാത്രം. ഇന്ത്യന്‍ ഭരണഘടനക്കും നിയമവാഴ്ചക്കും എതിരായാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം എന്നാണ്‌ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. 1957 ല്‍ എഴുതിയുണ്ടാക്കിയ ജമാ അത്തെ ഇസ്ലാമി ഭരണഘടന പ്രകാരം ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിനുവേണ്ടിയാണ്‌ സംഘടന പ്രവര്‍ത്തിക്കുന്നത്‌. ഇവിടുത്തെ ഭരണഘടന, കോടതികള്‍, നീതിന്യായ വ്യവസ്ഥ എന്നിവയൊന്നും അംഗീകരിക്കരുതെന്നും ജമാഅത്തെ ഇസ്ലാമി ഭരണഘടന അംഗങ്ങളോട്‌ നിര്‍ദ്ദേശിക്കുന്നു.
ദേശീയത, ജനാധിപത്യം എന്നീ സങ്കല്‍പ്പങ്ങള്‍ക്ക്‌ ജമാ അത്തെ ഇസ്ലാമി എതിരാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഇത്രയും ദേശദ്രോഹകരമായി പ്രവര്‍ത്തിക്കുന്ന സംഘടനക്കെതിരെ ഇക്കാലമത്രയും സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട്‌ അബ്ദുള്‍ സമദ്‌ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്‌. ആഭ്യന്തര വകുപ്പ്‌ അണ്ടര്‍ സെക്രട്ടറി മേരി ജോസഫ്‌ ആണ്‌ സത്യവാങ്മൂലം സമര്‍പ്പിച്ചത്‌.
ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും സത്യവാങ്മൂലത്തിലുണ്ട്‌. ദേശവിരുദ്ധ ആശയങ്ങളുള്ള പുസ്തകങ്ങളും മാസികകളും ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ചതായി തെളിവുണ്ടെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്‌. എന്നാല്‍ ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. കേരള ഘടകത്തിന്റെ പ്രവര്‍ത്തനത്തിന്‌ വിദേശത്തു നിന്ന്‌ പണം ലഭിക്കുന്നുണ്ടെന്നും ഇതിെ‍ന്‍റ സ്രോതസ്സുകള്‍ ദുരൂഹമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നിരോധിത സംഘടനകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ- ഭീകര സംഘടനകളുമായി ജമാ അത്തെ ഇസ്ലാമിക്കു ബന്ധമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാവോവാദികള്‍ ഉള്‍പ്പെടെയുള്ള നിരോധിത ഇടതു തീവ്രവാദി സംഘടനകള്‍, നിരോധിക്കപ്പെട്ട മുസ്ലീം ഭീകര പ്രസ്ഥാനം സിമി, പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ, ഡിഎഛ്‌ആര്‍എം എന്നീ സംഘടനകളുമായി സജീവ ബന്ധമുണ്ട്‌. സിമി, എന്‍ഡിഎഫ്‌, പോപ്പുലര്‍ ഫ്രണ്ട്‌ എന്നിവയൊക്കെ ജമാ അത്തെ ആശയങ്ങളില്‍ നിന്ന്‌ രൂപപ്പെട്ട തീവ്രവാദ പ്രസ്ഥാനങ്ങളാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും പിതൃത്വം ജമാഅത്തെ ഇസ്ലാമിക്കാണെന്ന്‌ കണ്ടെത്താനാകും. പരിസ്ഥിതി പ്രശ്നങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ സംഘടന കാണിക്കുന്ന അമിതമായ താത്പര്യം കാപട്യമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നു.
ഇന്ത്യയിലെ നിലവിലുളള ഭരണ സംവിധാനവുമായി ഒരുതരത്തിലും സഹകരിക്കരുതെന്നാണ്‌ ജമാ അത്തെ ഇസ്ലാമി അണികള്‍ക്ക്‌ നല്‍കുന്ന നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലികള്‍ പോലും സ്വീകരിക്കരുത്‌. കോടതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുത്‌. രാജ്യത്ത്‌ മുസ്ലീം ഭരണം സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണം. അനുകൂലമായ അവസരം വരുമ്പോള്‍ ഇതിനായി രംഗത്തിറങ്ങണം. ഭീകര ആക്രമണങ്ങളില്‍ ജമാ അത്തെ ഇസ്ലാമി നേരിട്ട്‌ പങ്കെടുത്തതിന്‌ തെളിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നത്‌ ആ വിധത്തിലുള്ള ഒരന്വേഷണത്തിന്‌ ഇതുവരെയും മുതിര്‍ന്നില്ല എന്നതുകൊണ്ടുമാത്രം. ആഗോള തലത്തില്‍ തന്നെ വേരുകളുള്ള മുസ്ലീം തീവ്രവാദ പ്രസ്ഥാനമാണ്‌ ജമാ അത്തെ ഇസ്ലാമി. ലോകത്ത്‌ പല രാജ്യങ്ങളും സംഘടനയെ നിരോധിച്ചിട്ടുണ്ട്‌. ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇതിലുള്‍പ്പെടുന്നു. ഇന്ത്യയിലെ പ്രസ്ഥാനം സ്വതന്ത്രമാണെന്ന നിലപാടാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഘടനയുടെ ഇന്ത്യന്‍ നേതാക്കള്‍ സ്വീകരിക്കാറ്‌. എന്നാല്‍ കാശ്മീര്‍ ഭീകര പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ച്‌ ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി സംഘടനക്കെതിരെ ഇതിനു മുന്‍പും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്‌. അന്നൊക്കെ അവരെ സഹായിക്കാനും സംരക്ഷിക്കാനും മനുഷ്യാവകാശ സംഘടനകളെന്ന ഇവരുടെ 'പെയ്ഡ്‌ എന്‍ജിഒ' കള്‍ രംഗത്തിറങ്ങുന്നതാണ്‌ കണ്ടുവരുന്നത്‌. പൊതുസമൂഹത്തില്‍ മതിപ്പും മാന്യതയും നേടിയെടുക്കാന്‍ അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും വരുത്തിത്തീര്‍ക്കാന്‍ ശ്രദ്ധിക്കുന്ന സംഘടനയാണിത്‌. അതുകൊണ്ട്‌ തന്നെ മതേതരത്വത്തിന്റെ മാലാഖമാര്‍ ചമയുന്ന സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ സംഘടനകള്‍ ഇവരെ സഹായിക്കാനെത്തും. ഇവരുടെ വേദികളില്‍ അണിനിരന്ന്‌ മാന്യത നേടിക്കൊടുക്കാന്‍ മത്സരിക്കുന്നതും പതിവാണ്‌.
1941 ഓഗസ്റ്റ്‌ 26ന്‌ അവിഭക്ത ഇന്ത്യയില്‍ മൗദൂദിയുടെ നേതൃത്വത്തിലാണ്‌ ഈ സംഘടന സ്ഥാപിതമായത്‌. സയ്യിദ്‌ മൗദൂദി ഹൈദരാബാദില്‍ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആനിന്‌ കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അക്കാലത്ത്‌ പ്രചാരമുണ്ടായിരുന്നു. 1935 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദ്‌ മാസികയില്‍ മൗലാനാ മൗദൂദിയുടെ ലേഖനങ്ങളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. കെ.എം. മൗലവിയായിരുന്നു ഇതിന്റെ പത്രാധിപരും വിവര്‍ത്തകനും. ഇതിലൂടെ കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ മൗദൂദിയുടെ ആശയങ്ങളോട്‌ ആഭിമുഖ്യമുണ്ടായി. 1948 ജനുവരി 30ന്‌ കോഴിക്കോട്ടാണ്‌ കേരളത്തിലെ ആദ്യത്തെ ഘടകം നിലവില്‍ വന്നത്‌. തുടര്‍ന്ന്‌ പതുക്കെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക്‌ ജമാഅത്തെ ഇസ്ലാമി വ്യാപിക്കുകയായിരുന്നു. ഇന്നും ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ആസ്ഥാനം കോഴിക്കോട്‌ തന്നെ.
ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍തന്നെ സ്ത്രീകളേയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. സ്ത്രീകള്‍ക്ക്‌ ശരിയായ ഇസ്ലാമിക വിജ്ഞാനവും സംസ്കാരവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളില്‍ പ്രത്യേകം വനിതാക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാ ഘടകങ്ങളായി മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക്‌ അവസരം നല്‍കിയതിന്‌ പുറമെ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി മദ്രസകളും കോളേജുകളും സ്ഥാപിച്ചു. ജമാഅത്തെ ഇസ്ലാമി കേരള രൂപീകരിച്ച യുവജന സംഘടനയാണ്‌ സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ്‌. വിദ്യാര്‍ത്ഥി യുവജനസംഘടനയായിട്ടാരംഭിച്ച എസ്‌.ഐ.ഒ 2002 മുതല്‍ കാമ്പസുകളെ കേന്ദ്രീകരിക്കുന്ന വിദ്യാര്‍ത്ഥി സംഘടന മാത്രമായി. 1982 ഒക്ടോബര്‍ 19നാണ്‌ വിദ്യാര്‍ഥി യുവജനങ്ങള്‍ക്കായി സ്റ്റുഡന്റ്സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ (എസ്‌.ഐ.ഒ) രൂപവത്കരിച്ചത്‌. പഠനം, സമരം, സേവനം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച്‌ കാമ്പസുകളില്‍ വിദ്യാര്‍ഥി മുന്നേറ്റം സൃഷ്ടിക്കുക എന്നതാണ്‌ എസ്‌.ഐ.ഒ ലക്ഷ്യം. കലാ സാഹിത്യ സാംസ്കാരിക തലങ്ങളെ ഇസ്ലാമികമായി വിലയിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ എസ്‌.ഐ.ഒവിനു കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വേദിയാണ്‌ സംവേദന വേദി. ഗാനപ്രഭാഷണ കാസറ്റുകള്‍ പുറത്തിറക്കുക, സാഹിത്യ ശില്‍പശാലകള്‍, നാടക ക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചാ സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയാണ്‌ ഇവരുടെ ചുമതല.
വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടി 1984 ജൂലൈ 7ന്‌ രൂപീകൃതമായ സംഘടനയാണ്‌ ഗേള്‍സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്‍. (ജി.ഐ.ഒ.). വിദ്യാര്‍ത്ഥിനികള്‍ക്കും യുവതികള്‍ക്കും ഇസ്ലാമികവും ആധുനികവുമായ വിജ്ഞാനം നല്‍കി സ്ത്രീ സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിക്കുക എന്ന പേരിലാണ്‌ ഇവരെ രംഗത്തിറക്കിയത്‌. ശിക്ഷണശീലങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ജി.ഐ.ഒ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി ടീന്‍സ്‌ സര്‍ക്കിളുകള്‍ പ്രവര്‍ത്തിക്കുന്നു. 2003 ആഗസ്റ്റിലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. ഇതിനുമുമ്പ്‌ 15 വയസ്സിന്‌ താഴെയുള്ളവരുടെ ബാലികാ സമാജം എന്ന സംഘടനയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. ജി.ഐ.ഒയുടെ മുഖപത്രമായാണ്‌ ആരാമം വനിതാ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്‌.
കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ്‌ മലര്‍വാടി ബാലസംഘം. 15 വയസ്സ്‌ വരെയുള്ള ബാലികാബാലന്‍മാരാണ്‌ മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമി കേരളക്ക്‌ കീഴിലാണ്‌ മലര്‍വാടി ബാലസംഘം പ്രവര്‍ത്തിക്കന്നത്‌. ജമാഅത്തെ ഇസ്ലാമി കേരളയുടെ മുഖപത്രമാണ്‌ പ്രബോധനം വാരിക. 1948 ഓഗസ്റ്റ്‌ 21ന്‌ കോഴിക്കോട്ടു ചേര്‍ന്ന ജമാഅത്ത്‌ സംസ്ഥാന സമ്മേളനത്തിലാണ്‌ പ്രബോധനം ആരംഭിക്കാന്‍ തീരുമാനമെടുത്തത്‌. ഗേള്‍സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985ലാണ്‌ ആരാമം വനിതാ മാസിക ആരംഭിച്ചത്‌. നിലവില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം വനിതാമാസികകളില്‍ ആദ്യത്തേതാണ്‌ ആരാമം. വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ്‌ എന്ന മുദ്രാവാക്യവുമായി 1987 ജൂണ്‍ ഒന്നിനാണ്‌ മാധ്യമം ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്‌. കോഴിക്കോട്‌ വെള്ളിമാട്കുന്നില്‍ കുല്‍ദീപ്‌ നയ്യാറാണ്‌ മാധ്യമം പ്രകാശനം ചെയ്തത്‌. ജമാഅത്തെ ഇസ്ലാമി കേരളക്ക്‌ കീഴിലുള്ള ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റാണ്‌ മാധ്യമത്തിന്റെ പ്രസാധകര്‍. വൈക്കം മുഹമ്മദ്‌ ബഷീര്‍ മാധ്യമത്തിന്റെ ഉദയത്തെക്കുറിച്ച്‌ പറഞ്ഞത്‌ വെള്ളിമാടുകുന്നില്‍നിന്ന്‌ ഒരു വെള്ളി നക്ഷത്രം ഉദിച്ചിരിക്കുന്നു എന്നാണ്‌.
സ്വദേശത്ത്‌ ഒമ്പതും വിദേശത്ത്‌ എട്ടും (ഗള്‍ഫ്‌ മാധ്യമം) എഡിഷനുകളുമായി കേരളത്തില്‌ ഏറ്റവും കൂടുതല്‍ എഡിഷനുകളുള്ള പത്രമാണിന്ന്‌ മാധ്യമം.വാരാദ്യ മാധ്യമം, തൊഴില്‍ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസിനസ്‌ മാധ്യമം, ഇന്‍ഫോ മാധ്യമം, സര്‍വീസ്‌ മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം എന്നിങ്ങനെ വിവിധങ്ങളായ പംക്തികള്‍ മാധ്യമം പ്രസിദ്ധീകരിക്കുന്നു.
ഏറ്റവും ഒടുവിലാണ്‌ ദൃശ്യമാധ്യമ രംഗത്ത്‌ ജമാഅത്തിന്റെ കണ്ണുവീണത്‌. തുടര്‍ന്ന്‌ മീഡിയാ വണ്‍ എന്ന ചാനലും തുടങ്ങി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു നീരാളിയെപ്പോലെ പടര്‍ന്നു കയറാന്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ലോകമാകെ ഇസ്ലാമീകരിക്കുക എന്ന അന്തിമ ലക്ഷ്യമാണ്‌ ലോകമാകെ പ്രവര്‍ത്തിക്കുന്ന സമാനമായ പ്രസ്ഥാനങ്ങള്‍ക്കുള്ളത്‌. തന്ത്രപരമായ നീക്കങ്ങളും അടവുനയങ്ങളുമാണ്‌ അവര്‍ ഇവിടെ പ്രയോഗിക്കുന്നത്‌. ഒരിക്കല്‍ അവര്‍ മറനീക്കി പുറത്തുവന്നു. ഇവരുടെ പോഷക സംഘടനയായ 'സിമി' ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന അപകടകരമായ മുദ്രാവാക്യം മുന്നോട്ടുവച്ചത്‌ ഒരു ടെസ്റ്റ്‌ ഡോസായാണ്‌. അതിനെതിരെ കേരളത്തിലന്ന്‌ 'ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍ തന്നെ' എന്ന പ്രതി മുദ്രാവാക്യം ഉയര്‍ന്നപ്പോഴാണ്‌ പലരുടെയും കണ്ണുതുറന്നത്‌. എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം അറിഞ്ഞുകൊണ്ടുതന്നെ ചിലര്‍ അതിനെ ആലിംഗനം ചെയ്യുന്നതും കാണാനാകും.
കെ. കുഞ്ഞിക്കണ്ണന്‍ e-mail: kunhikannantvm@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.