കാന്‍സര്‍ സെന്ററിനായി കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം

Friday 31 January 2014 9:48 pm IST

കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി കാന്‍സര്‍ സെന്ററിനെ അവഗണിച്ചതുള്‍പ്പെടെ നഗരവികസനത്തെ കണ്ടില്ലെന്നു നടിച്ചതിനെതിരെ നഗരസഭ പ്രതിഷേധിക്കണമെന്ന ആവശ്യം നിരാകരിച്ച മേയറുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷവും ഐ ഗ്രൂപ്പ്‌ കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ചു.
പ്രതിപക്ഷ നേതാവ്‌ കെ ജെ ജേക്കബും പ്രതിപക്ഷാംഗങ്ങളും ഐ ഗ്രൂപ്പിന്റെ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ടി ജെ വിനോദും രത്നമ്മരാജുവും ബിജെപി കൗണ്‍സിലര്‍ ശ്യാമള പ്രഭുവും സംസ്ഥാന ബജറ്റില്‍ കൊച്ചിയെ അവഗണിച്ചതിനെതിരെ പ്രതിഷേധിക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും മറുപടിപ്രസംഗത്തില്‍ മേയര്‍ കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അവഗണിച്ചിട്ടില്ലെന്നും ഡി പി ആര്‍ തയ്യാറാക്കാന്‍ ഡോ. ഗംഗാധരനെ നിയമിച്ചിട്ടുണ്ടെന്നുമുള്ള അവ്യക്തമായ മറുപടിയാണ്‌ പറഞ്ഞത്‌. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 5 കോടി രുപ മതിയെന്നും കൂടുതല്‍ വേണമെങ്കില്‍ മന്ത്രിസഭയ്ക്ക്‌ തുക വകയിരുത്താന്‍ കഴിയുമെന്ന മേയറുടെ മറുപടിയോട്‌ യോജിക്കാന്‍ കഴിയില്ലെന്നറിയിച്ചുകൊണ്ട്‌ പ്രതിപക്ഷാംഗങ്ങളും ഐഗ്രൂപ്പ്‌ ബിജെപി അംഗങ്ങളും കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു.
ഐ ഗ്രൂപ്പ്‌ കൗണ്‍സിലറായ ലിനോ ജേക്കബാണ്‌ ബജറ്റില്‍ ക്യാന്‍സര്‍ സെന്ററിനെ അവഗണിച്ചതിനെതിരെ നഗരസഭ പ്രതിഷേധിക്കണമെന്ന ആവശ്യം കൗണ്‍സിലില്‍ ഉന്നയിച്ചത്‌. ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രമുഖര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബജറ്റില്‍ ക്യാന്‍സര്‍ സെന്ററിന്‌ തുക അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ലിനോ ജേക്കബ്‌ പറഞ്ഞു. എം എല്‍ എമാരുടെ സമ്മര്‍ദ്ദംകൊണ്ട്‌ വെറും 5 കോടി രൂപയാണ്‌ ബജറ്റ്‌ ചര്‍ച്ചയില്‍ ഇതിനായി മാറ്റിവച്ചത്‌. ഇതിനെതിരെ നഗരസഭ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ഇല്ലെങ്കില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ നഗരത്തെ പൂര്‍ണ്ണമായി അവഗണിച്ചിരിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ കെ ജെ ജേക്കബ്‌ ചര്‍ച്ചയില്‍ പറഞ്ഞു. ക്യന്‍സര്‍ സെന്ററിനെ അവഗണിച്ചതില്‍ കൗണ്‍സിലര്‍ ഏകകണ്ഠമായി പ്രതിഷേധിക്കണം. നഗരവികസനത്തിന്‌ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തെ ബജറ്റില്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്നും കാന്‍സര്‍ സെന്ററിന്റെ കാര്യം മുഖ്യമന്ത്രിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടിട്ടുള്ളതായിട്ടും ബജറ്റില്‍ പണം അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്നും സി എ ഷക്കീര്‍ പറഞ്ഞു. 11 എം എല്‍ എമാരും മൂന്ന്‌ മന്ത്രിമാരുമുണ്ടായിട്ടും ജില്ലയ്ക്ക്‌ ഇത്രയേറെ അവഗണന നേരിടേണ്ടിവന്നത്‌ ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില ഫ്ലൈ ഓവര്‍, സൗത്ത്‌ മേല്‍പ്പാലം എന്നിവയെ ബജറ്റില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തെ അവഗണിച്ച ബജറ്റിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധിക്കണമെന്ന്‌ അഡ്വ. എം അനില്‍കുമാര്‍ പറഞ്ഞു. നഗരസഭയുടെ വികാരം സര്‍ക്കാര്‍ അറിയേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സര്‍ സെന്ററിനെയും മെട്രോയ്ക്ക്‌ അനുബന്ധമായ ഗതാഗതവികസനങ്ങളെയും അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ്‌ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ അഡ്വ. കെ എന്‍ സുനില്‍ കുമാര്‍ പറഞ്ഞു. പാലായിലെ കുരിശുപള്ളി ജംഗ്ഷനില്‍ ഫ്ലൈ ഓവറിന്‌ പണം നീക്കിവച്ച ധനമന്ത്രി അറ്റ്ലാന്റിസ്‌ ഫ്ലൈ ഓവറിനെയും സൗത്ത്‌ മേല്‍പ്പാലത്തെയും അവഗണിച്ചു. ടൂറിസത്തിന്‌ 50 കോടി അനുവദിച്ചിട്ടും പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയ്ക്ക്‌ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‌ റവന്യു വരുമാനത്തിന്റെ മുഖ്യപങ്ക്‌ നല്‍കുന്ന കൊച്ചിയില്‍ ലോക നിലവാരത്തിലുള്ള ക്യാന്‍സര്‍ സെന്റര്‍ വേണമെന്നത്‌ കാലങ്ങളായുള്ള ആവശ്യമാണെനും ബജറ്റില്‍ കൊച്ചിയെ അവഗണിച്ചതിനില്‍ പ്രതിഷേധിച്ച്‌ 10 മിനിറ്റെങ്കിലും കൗണ്‍സില്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കണമെന്നും വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി ജെ വിനോദ്‌ പറഞ്ഞു. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ അവഗണിച്ച തീരുമാനം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിനോദ്‌ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളായ കെ വി മനോജ്‌, പി ആര്‍ റെനീഷ്‌, എം പി മഹേഷ്‌ കുമാര്‍, ബെനഡിക്ട്‌ ഫെര്‍ണാണ്ടസ്‌, ശ്യാമള എസ്‌ പ്രഭു എന്നിവരും ഭരണപക്ഷത്തെ തമ്പി സുബ്രഹ്മണ്യം, കെ ആര്‍ പ്രേംകുമാര്‍, ഗ്രേസി ജോസഫ്‌, കര്‍മിലി ആന്റണി, ഗ്രേസി ആന്റണി എന്നിവരും ബജറ്റില്‍ നഗരത്തെ അവഗണിച്ചതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചു.
കൗണ്‍സില്‍ അജണ്ടകള്‍ എകപക്ഷീയമായി പാസാക്കിയ മേയറുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ ചേംബറിന്‌ മുമ്പില്‍ കുത്തിയിരുന്നു. സംസ്ഥാന ബജറ്റില്‍ നഗരത്തെ അവഗണിച്ചതില്‍ പ്രതിഷേധിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത മേയറുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഐ ഗ്രൂപ്പ്‌ അംഗങ്ങളും പ്രതിപക്ഷ കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ച ഉടന്‍ അജണ്ടകള്‍ മുഴുവന്‍ പാസ്സാക്കിയെന്ന്‌ അറിയിച്ച്‌ മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ പോവുകയായിരുന്നു. എന്നാല്‍ പച്ചാളം ആര്‍ ഒ ബി ഉള്‍പ്പെടെ സുപ്രധാനമായ 127 ഓളം വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മേയറുടെ ഏകാധിപത്യ നിലപാട്‌ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.