ഭുള്ളറിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

Friday 31 January 2014 10:15 pm IST

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ദേവീന്ദര്‍പാല്‍ സിങ്‌ ഭുള്ളറിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. വധശിക്ഷ കാത്ത്‌ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നത്‌ ഭുള്ളറിന്റെ മാനസിക നില തകരാറിലാക്കിയെന്ന കുടുംബത്തിന്റെ വാദം കേട്ട കോടതി ഭുള്ളറിന്റെ മാനസികാരോഗ്യം പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഉത്തരവിട്ടു. ഭുള്ളറിന്റെ വധശിക്ഷ സംബന്ധിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ അഭിപ്രായം അറിയിക്കാനും ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം അദ്ധ്യക്ഷനായ ബെഞ്ച്‌ ആവശ്യപ്പെട്ടു.
ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കാലതാമസമുണ്ടായെന്ന ഭുള്ളറിന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്‌ വധശിക്ഷയ്ക്ക്‌ സുപ്രീംകോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്‌. ഹര്‍ജിയില്‍ ഫെബ്രുവരി 19ന്‌ വീണ്ടും കോടതി വാദം കേള്‍ക്കും. ശിക്ഷ നടപ്പാക്കുന്നത്‌ വൈകുന്നതുകൊണ്ട്‌ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനാവില്ലെന്ന്‌ ഭുള്ളര്‍ കേസില്‍ നേരത്തെ സുപ്രീം കോടതി വിധിച്ചിരുന്നു. കോടതി വിധിക്കെതിരായി നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചാണ്‌ ജസ്റ്റിസുമാരായ ആര്‍. എം ലോധ,എച്ച്‌.എല്‍ ദത്തു, എസ്‌.ജെ മുഖോപാധ്യായ എന്നിവര്‍ കൂടി അടങ്ങിയ ബെഞ്ച്‌ വധശിക്ഷയ്ക്ക്‌ താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്‌.
ദല്‍ഹിയില്‍ 1993ല്‍ നടന്ന കാര്‍ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ്‌ ഖലിസ്ഥാന്‍ തീവ്രവാദി ദേവിന്ദര്‍പാല്‍ സിങ്‌ ഭുള്ളര്‍ക്ക്‌ വധശിക്ഷ ലഭിച്ചത്‌. ഡല്‍ഹി റെയ്സിന റോഡിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ ആസ്ഥാനമന്ദിരത്തിന്‌ പുറത്തുണ്ടായ കാര്‍ബോംബ്‌ സ്ഫോടനത്തില്‍ ഒമ്പതുപേരാണ്‌ മരിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന എം.എസ്‌. ബിട്ട ഉള്‍പ്പെടെ 36 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2001 ആഗസ്തില്‍ വിചാരണക്കോടതി ഭുള്ളര്‍ക്ക്‌ വധശിക്ഷ വിധിച്ചത്‌ ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും 2002ല്‍ ശരിവെച്ചിരുന്നു. ഭുള്ളറുടെ റിവ്യൂഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി നേരത്തെ തള്ളിയതാണ്‌. 2003ല്‍ രാഷ്ട്രപതിക്ക്‌ നല്‍കിയ ദയാഹര്‍ജി 2011ല്‍ രാഷ്ട്രപതിയും തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.