പിണറായിക്കെതിരെ തെളിവുകളേറെ

Saturday 1 February 2014 10:24 am IST

കൊച്ചി: സുപ്രധാന രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയാണ്‌ ലാവ്ലിന്‍ അഴിമതിക്കേസില്‍നിന്ന്‌ കീഴ്ക്കോടതി പിണറായി വിജയനേയും മറ്റും ഒഴിവാക്കിയതെന്ന്‌ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സിബിഐ പുനപ്പരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു. സിപിഎം നേതാവ്‌ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കേസില്‍ നിന്നു വിടുതല്‍ ചെയ്ത തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിവിധിക്കെതിരേയാണ്‌ ഹര്‍ജി. ഹര്‍ജി ചൊവ്വാഴ്ച ജസ്റ്റീസ്‌ എന്‍.കെ.ബാലകൃഷ്ണന്റെ ബഞ്ച്‌ പരിഗണിക്കും. ലാവ്ലിന്‍ കേസില്‍ ടി.പി.നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും. കേസില്‍ പ്രതികളായ വിദേശികളുടെ മൊഴി എടുക്കുകയോ കേസില്‍ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്ന ഹര്‍ജിയിലെ വാദം സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കാന്‍ ഇടയാക്കിയേക്കുമെന്ന്‌ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
കേസിലെ മുഴുവന്‍ തെളിവുകളും പരിഗണിക്കാതെയാണ്‌ തിരുവനന്തപുരം സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നും പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസിലെ സുപ്രധാന രേഖകള്‍ പലതും കീഴ്ക്കോടതി സൂക്ഷ്മമായി പരിശോധിക്കുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ലെന്ന്‌ സിബിഐ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ അഴിമതിയാണ്‌ ലാവ്ലിന്‍ കരാര്‍. പൊതുഖജനാവിന്‌ ഇതുവഴി നഷ്ടമായത്‌ 374 കോടി രൂപയാണ്‌. ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണ്‌ വീഴ്ച എന്ന കീഴ്ക്കോടതി നിഗമനം ശരിയല്ല. ഭരണത്തിന്റെ തലപ്പത്തുള്ള രാഷ്ട്രീയ നേതൃത്വം അറിയാതെ ഇത്തരമൊരു കരാര്‍ ഉണ്ടാക്കാന്‍ കഴിയില്ല.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ കനേഡിയന്‍ കമ്പനിയുമായി വ്യക്തമായ കരാര്‍ ഉണ്ടാക്കാതെ പോയത്‌ വീഴ്ചയാണെന്നും സിബിഐ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പിണറായി വിജയന്‍ അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന മൂലമാണ്‌ സംസ്ഥാനത്തിനു ലഭിക്കേണ്ട പണം നഷ്ടമായത്‌. കേസിലെ മുഖ്യ പ്രതികളായ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയെടുക്കുകയും തെളിവുകള്‍ ശേഖരിക്കുകയും വേണം. എന്നാല്‍ ഈ പ്രതികള്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയോ ഹാജരാകുകയോ ചെയ്തിട്ടില്ല. ഇതൊന്നും പരിഗണിക്കാതെയാണ്‌ വിചാരണക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്ന്‌ ഹര്‍ജി വിശദീകരിക്കുന്നു.
മുഴുവന്‍ പ്രതികളേയും കോടതിക്കു മുന്‍പില്‍ എത്തിക്കുന്നതിനു മുന്‍പേ വിചാരണക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്‌ ശരിയല്ലെന്നും കേസ്‌ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നുമാണ്‌ ഹര്‍ജിയിലെ അപേക്ഷ.
സിബിഐയുടെ കൊച്ചി യൂണിറ്റാണ്‌ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്‌. ക്രൈം പത്രാധിപര്‍ നന്ദകുമാറും കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്‌. സിബിഐ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ നന്ദകുമാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ നാല്‌ ജഡ്ജിമാര്‍ പിന്‍വാങ്ങിയിരുന്നു. ജഡ്ജിമാര്‍ പിന്‍വാങ്ങാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്‌. കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സുധാകരന്‍ അന്വേഷണമാവശ്യപ്പെട്ട്‌ സുപ്രീം കോടതിയിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്‍വാങ്ങുന്നത്‌ നിയമവൃത്തങ്ങളിലും അമ്പരപ്പ്‌ സൃഷ്ടിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.