ഡീസല്‍ വില കൂട്ടി; മുന്നറിയിപ്പില്ലാതെ പണിമുടക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

Saturday 1 February 2014 1:14 pm IST

കൊച്ചി: ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഡീസല്‍ വിലയില്‍ പ്രതിഷേധിച്ച് മുന്നറിയിപ്പില്ലാതെ പണിമുടക്കുമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസലിന് 50 പൈസ കൂട്ടിയെന്നു പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കൂടുന്നത് നികുതിയടക്കം 63 പൈസയാണ്. ഇപ്പോള്‍ത്തന്നെ നഷ്ടത്തിലായ വ്യവസായത്തിന്റെ നടുവൊടിക്കുന്നതാണ് ഈ വര്‍ദ്ധനയെന്ന് ബസ്സുടമകള്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സ്വകാര്യ ബസ്സുകള്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം മാറ്റിവെയ്ക്കാന്‍ ബസ്സുടമകള്‍ തയ്യാറായി. താന്‍ വകുപ്പ് ഏറ്റെടുത്തിട്ട് അധികകാലമായിട്ടില്ലെന്നും പഠിക്കാന്‍ സമയം വേണമെന്നുമുള്ള മന്ത്രിയുടെ അഭ്യര്‍ത്ഥന ബസ്സുടമകള്‍ മാനിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും ഡീസല്‍ വില കൂടിയതോടെ ആ സാഹചര്യം മാറിയെന്നാണ് ബസ്സുടമകളുടെ വാദം. ഡീസലിന്റെ വിലവര്‍ധനമൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മിനിമം ചാര്‍ജ് ആറില്‍ നിന്ന് എട്ടുരൂപയാക്കി വര്‍ധിപ്പിക്കണമെന്നുമായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ സൗജന്യ നിരക്ക് 25ല്‍ നിന്ന് 50 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നും മിനിമം ചാര്‍ജിന്റെ ദൂരപരിധി ആറില്‍ നിന്ന് അഞ്ചു കിലോമീറ്ററായി കുറയ്ക്കണമെന്നും ആവശ്യമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.