തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഭാഗികമായി കാഴ്ചശക്തിയില്ലാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തിരുവനന്തപുരം കാലടി സ്വദേശി ഹരിശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പൂജപ്പുര മഹിളാമന്ദിരത്തിലെ അന്തേവാസിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. തമ്പാനൂരില്‍ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ പെണ്‍കുട്ടിയെ ഡ്രൈവര്‍ ഹരിശങ്കര്‍ മെഡിക്കല്‍ കോളേജിന് പിന്നിലുള്ള ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് കൊണ്ടു പോകാനായിരുന്നു ഇയാളുടെ നീക്കം. എന്നാല്‍ ഇതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം വാങ്ങിക്കൊടുക്കുമ്പോള്‍ അവിടെയുണ്ടായ സ്ത്രീക്ക് സംശയം തോന്നി പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഇതിനിടെ ഹരിശങ്കര്‍ രക്ഷപ്പെടുകയും ചെയ്തു.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഹരിശങ്കറെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: