ക്ഷമയാചിച്ചും ക്ഷമിച്ചും ജൈനോത്സവ ചടങ്ങ്‌ നടന്നു

Saturday 3 September 2011 10:45 pm IST

മട്ടാഞ്ചേരി: 'അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ക്ക്‌ ക്ഷമ...' ജൈനര്‍ പരസ്പരം ക്ഷമയാചിച്ചും ക്ഷമിച്ചും നടന്ന "മിച്ചാമി ദുഃഖടം" ആഘോഷം മാതൃകയായി. ജൈന സമൂഹത്തിന്റെ പരിയൂഷന്‍ പര്‍വ്വ്‌ ഉത്സവത്തോടനുബന്ധിച്ചാണ്‌ ഒന്‍പതാം ദിനം ക്ഷമാപണ്‍ ആഘോഷം നടന്നത്‌. കൊച്ചി ഗുജറാത്തി റോഡ്‌ സ്വേതാംബര്‍ ജൈനക്ഷേത്രത്തില്‍ ഒത്തുകൂടിയ കുഞ്ഞുകുട്ടി-ആബാലവൃദ്ധജനസമൂഹം കൈകള്‍ കൂപ്പി...തലകുമ്പിട്ട്‌ മിച്ചാമി ദുഃഖടം എന്ന്‌ പറഞ്ഞാണ്‌ ക്ഷമായാചനം നടത്തിയത്‌. തങ്ങളുടെ ലൗകിക ജീവിതത്തില്‍ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ, നേരിട്ടോ അല്ലാതെയോ, മനസാവാചാ കര്‍മ്മണാ ചെയ്തുപോയ തെറ്റുകള്‍ക്കാണ്‌ ജൈനര്‍ ക്ഷമായാചനം നടത്തുന്നത്‌. ക്ഷേത്രത്തില്‍ വെച്ച്‌ സമാജാംഗങ്ങളോടും തുടര്‍ന്ന്‌ സമൂഹത്തോടും ഇവര്‍ ക്ഷമായാചനം നടത്തും. എട്ട്‌ ദിവസത്തെ ഉത്സവാഘോഷത്തിന്‌ ശേഷമാണ്‌ ക്ഷമാപണ്‍ ചടങ്ങ്‌ നടക്കുക. പ്രായ-ലിംഗ-വര്‍ണ്ണഭേദമെന്യേയുള്ള മിച്ചാമി ദുഃഖടം തെറ്റുകള്‍ക്കായുള്ള ക്ഷമായാചനത്തോടൊപ്പം പരസ്പരാരാധന വളര്‍ത്തുന്ന ചടങ്ങ്‌ കൂടിയാണിതെന്ന്‌ പഴമക്കാര്‍ പറയുന്നു. ക്ഷമാപണ്‍ ചടങ്ങിന്‌ ശേഷം ജൈനമതഗ്രന്ഥമായ കല്‍പ്പസൂത്രയും ഭഗവാന്‍ ഉറങ്ങുന്ന പല്ലക്കുമായി ക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന നഗരപ്രദക്ഷിണം ഉച്ചയോടുകൂടി ക്ഷേത്രത്തിലെത്തി സമാപിച്ചു. ഞായറാഴ്ച ഉത്സവത്തിന്‌ സമാപനം കുറിച്ച്‌ ഘോഷയാത്ര നടക്കും. മഹാവീര്‍ ജനനത്തിന്‌ മുമ്പുണ്ടായ സ്വപ്ന പ്രതിമകള്‍, പ്രഛന്നവേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, മതഗ്രന്ഥമേന്തിയ സമാജാംഗങ്ങള്‍, കീര്‍ത്തനങ്ങളുമായി സ്ത്രീസമൂഹം തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. ക്ഷേത്രത്തില്‍ ഘോഷയാത്ര സമാപിക്കുന്നതോടെ പ്രസാദവിതരണവും നടക്കും. ആഘോഷചടങ്ങുകള്‍ക്ക്‌ സ്വേതാംബര്‍ ജൈന്‍ സംഘ്‌ ഭാരവാഹികളായ കിഷോര്‍ ശ്യാംജി, ഭരത്ഖോന, രമേശ്‌ ജേട്ടാഭായ്‌, ദിലീപ്‌ മേത്ത, വിരേഷ്‌ ഖോന തുടങ്ങിയവര്‍ നേതൃത്വം നല്‍കും.