എരുമേലിയിലെ അനധികൃത പാലം നിര്‍മ്മാണം: ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധത്തിനെതിരെ സമരസമിതി

Saturday 1 February 2014 9:58 pm IST

എരുമേലി: സര്‍ക്കാര്‍ നിയമങ്ങളെ കാറ്റില്‍ പറത്തി രഹസ്യമായി തുടങ്ങിയ കൊച്ചുതോടിന് കുറുകെയുള്ള അനധികൃത പാലം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു. എരുമേലി ടൗണില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള തോടുപുറമ്പോക്ക് ഭൂമി കയ്യേറിയാണ് സ്വകാര്യവ്യക്തി പാലം നിര്‍മ്മാണ തുടങ്ങിയത്. ഇതിനായി പ്രാദേശിക ഭരണകൂടമായ പഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയും വാങ്ങിയില്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം പ്രതിഷേധവുമായി എത്തിയ സമരക്കാരെ സ്വകാര്യവ്യക്തിയുടെ 70 ഓളം വരുന്ന ഗുണ്ടകള്‍ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണിതുടങ്ങാനുള്ള നീക്കമാണ് സമരക്കാരെ ഏറെ പ്രകോപിതരാക്കിയത്. അനധികൃതപാലം നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയെങ്കിലും പരാതി വായിച്ചുനോക്കാന്‍ പോലും കൂട്ടാക്കാതെ വലിച്ചെറിയുകയാണ് വില്ലേജ് ഓഫീസര്‍ ചെയ്തതതെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. അനധികൃതപാലം നിര്‍മ്മിക്കാന്‍ ഗുണ്ടകളെ ഇറക്കിയ സ്വകാര്യവ്യക്തിക്കെതിരെയും ഇതിന് കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എരുമേലി പഞ്ചായത്തിലെ നൂറുകണക്കിന് വരുന്ന മിച്ചഭൂമി പുറമ്പോക്ക് ഭൂമി കയ്യേറ്റങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡിന് സമീപം നടത്തുന്ന അനധികൃത പാലം നിര്‍മ്മാണത്തിനെതിരെ പഞ്ചായത്ത് അധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പാലം പണിയാനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു. അനധികൃതപാലം പൊളിച്ചുമാറ്റുന്നതുവരെ സമരം നടത്തുമെന്നും ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ എരുമേലി പഞ്ചായത്തിലെ 23 അംഗങ്ങള്‍ക്കെതിരെയും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. യോഗം യുടിയുസി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സി.എന്‍.ബാബു അദ്ധ്യക്ഷനായിരുന്നു. മുണ്ടക്കയം സോമന്‍, ടോമി, ഷാജി ഫിലിപ്പ്, ബാബൂ കെ.പി, സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.