മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി ഇന്ന്

Saturday 1 February 2014 9:59 pm IST

കോട്ടയം: ഭാഗവതസന്ദേശം സ്വന്തം ജീവിതം കൊണ്ട് സ്വായത്തമാക്കിയ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 93-ാം ജയന്തി സമ്മേളനം ഇന്ന് നടക്കും. ഭക്തമനസ്സുകളില്‍ ഭാഗവതകഥയുടെ അമൃത് പകര്‍ന്ന് നല്‍കിയ മഹാതപസ്വിയുടെ ദീപ്തസ്മരണകള്‍ പുതുക്കുവാന്‍ മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രത്തിലേക്ക് ഭക്തര്‍ ഇന്ന് എത്തിച്ചേരും. ക്ഷേത്രസന്നിധിയില്‍ വച്ച് പത്ത്ദിവസമായി നടന്നുവരുന്ന രണ്ടാമത് ഭാഗവതാമൃത സത്രത്തിന് ഭക്തനിര്‍ഭരമായ ചടങ്ങുകളോടെ ഇന്നലെ സമാപനം കുറിച്ചു. സമാപനത്തിന്റെ ഭാഗമായി വിവിധ ആത്മീയാചാര്യന്മാരുടെ പ്രഭാഷണങ്ങളും കാവാലം ശ്രീകുമാര്‍ അവതരിപ്പിച്ച സംഗീതസദസ്സും നടന്നു. ഇന്ന് രാവിലെ 11.30 ന് ഭാഗവതഹംസജയന്തി സമ്മേളനവും മള്ളിയൂര്‍ ഗണേശപുരസ്‌കാര ദാനവും നടക്കും. മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ശോഭാ ഡവലപ്പേഴ്‌സ് ഉടമയുമായ പി.എന്‍സി മേനോന്‍, ചലച്ചിത്ര പിന്നണി ഗായകന്‍ ജി. വേണുഗോപാലിനുമാണ് ഗണേശപുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ തവണത്തെ ശങ്കരസ്മൃതി പുരസ്‌കാരം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന് നല്‍കും. സമ്മേളനത്തില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ജോസ് കെ.മാണി എം.പി, മോന്‍സ് ജോസഫ് എംഎല്‍എ, ചലച്ചിത്രതാരം സുരേഷ്‌ഗോപി, കുമ്മനം രാജശേഖരന്‍, എ.എന്‍ രാധാകൃഷ്ണന്‍, ഡോ. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 9 മുതല്‍ തൃപ്പൂണിത്തുറ രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സിദ്ധി-ബുദ്ധി കല്യാണം, കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി എന്നിവ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.