എയര്‍കേരള നടപ്പാക്കും: മുഖ്യമന്ത്രി

Saturday 1 February 2014 10:06 pm IST

നെടുമ്പാശ്ശേരി : എയര്‍ കേരള വിമാനപദ്ധതി നടപ്പിലാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ്‌ നാടുകളില്‍ ഏറെ ബുദ്ധിമുട്ടുന്ന പ്രവാസി മലയാളികളുടെ നിരന്തരമായ ആവശ്യമായിരുന്ന ഈ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ രണ്ട്‌ നിബന്ധനകളായിരുന്നു തടസ്സമായി നിന്നിരുന്നത്‌. ഈ രണ്ട്‌ വ്യോമയാന നിയമങ്ങള്‍ മാറ്റുവാന്‍ തത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇത്‌ പ്രാബല്യത്തില്‍ വന്നാല്‍ ഉടന്‍തന്നെ എയര്‍കേരള പദ്ധതിയുമായി മുന്നോട്ടുപോകും.
സംസ്ഥാനത്ത്‌ പുതിയതായി തുടങ്ങിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തന്നെ തീര്‍ക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പലമേഖലകളിലും കേരളം മുന്‍പന്തിയിലാണെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ നാം വളരെ പിറകിലാണ്‌. ഇത്‌ മാറേണ്ടതുണ്ട്‌. ഇതിന്‌ എല്ലാവരും ഒരുമിച്ചുനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിയാലിലെ ചെറുകിട ഓഹരി ഉടമകള്‍ക്ക്‌ അവകാശ ഓഹരി നല്‍കുന്നതിന്‌ സര്‍ക്കാര്‍ അനുകൂലമാണ്‌. എന്നാല്‍ ഇപ്പോള്‍ ഇത്‌ നല്‍കുവാന്‍ ചില തടസ്സങ്ങളുണ്ട്‌. ഈ തടസ്സങ്ങള്‍ മാറ്റി ചെറുകിട ഓഹരി ഉടമകള്‍ക്ക്‌ അവകാശ ഓഹരികള്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. കൂടാതെ വിമാനത്താവളം വന്നതുമൂലം മുറിഞ്ഞു പോയ റോഡുകള്‍ കൂട്ടിചേര്‍ത്തുകൊണ്ട്‌ ഒരു റിംഗ്‌ റോഡ്‌ നിര്‍മ്മിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം സമയബന്ധിതമായി തീര്‍ക്കും.
കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ശിലാസ്ഥാപനത്തോടൊപ്പം ഏവിയേഷന്‍ സുരക്ഷാ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും, പുതുക്കിപണിത അത്യാധുനീക ഈ ഡ്യൂട്ടി ഫ്രീ വെയര്‍ഹൗസിന്റെയും, പുതുക്കിപണിത സിയാല്‍ ഗോള്‍ഫ്‌ കോഴ്സിന്റെയും, ഗോള്‍ഫ്‌ അക്കാദമിയുടെയും, സംയോജിത എയര്‍പോര്‍ട്ട്‌ മാനേജ്മന്റ്‌ സംവിധാനത്തിന്റെയും, 1.100 മെഗാവാട്ട്‌ ശേഷിയുള്ള സോളാര്‍ പവര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനവും നടന്നു. ചടങ്ങില്‍ ഫിഷറീസ്‌ മന്ത്രിയും സിയാല്‍ ഡയറക്ടര്‍ബോര്‍ഡ്‌ അംഗവുമായ കെ. ബാബു അദ്ധ്യക്ഷത വഹിച്ചു.
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എം. മാണി, കേന്ദ്ര കൃഷി മന്ത്രി കെ.വി. തോമസ്‌, പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌, ഭക്ഷ്യ-സിവില്‍സപ്ലെസ്‌ മന്ത്രി അനൂപ്‌ ജെയ്ക്കബ്‌, കെ.പി. ധനപാലന്‍ എം.പി., പി. രാജീവ്‌ എം.പി., അഡ്വ: ജോസ്തെറ്റയില്‍ എം.എല്‍.എ., അന്‍വര്‍ സാദത്ത്‌ എം.എല്‍.എ., അങ്കമാലി നഗരസഭ ചെയര്‍മാന്‍ സി.കെ. വര്‍ഗീസ്‌, ശ്രീമൂലനഗരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. മാര്‍ട്ടിന്‍, കാഞ്ഞൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി വര്‍ഗീസ്‌, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വൈ. വര്‍ഗീസ്‌, അങ്കമാലി നഗരസഭ വൈസ്‌ ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസ്‌, സിയാന്‍ ഡയറക്ടര്‍മാരായ സി.വി. ജേക്കബ്‌, ഡോ: പി. മുഹമ്മദാലി, എന്‍.വി. ജോര്‍ജ്‌, ഇ.എം. ബാബു, എം.എ. യൂസഫലി, സിയാന്‍ മാനേജിംഗ്‌ ഡയറക്ടര്‍ വി.ജെ. കുര്യന്‍, എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എം.എം. ഷബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
800 കോടി രൂപ മുടക്കിയാണ്‌ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്‌. 15 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ പണികഴിപ്പിക്കുന്ന പുതിയ ടെര്‍മിനലില്‍ ഒരു മണിക്കൂറില്‍ നാലായിരം യാത്രക്കാര്‍ക്ക്‌ യാത്രചെയ്യുവാന്‍ സൗകര്യം ഉണ്ടായിരിക്കും. കേരളീയ ക്ഷേത്ര വസ്തു ശില്‍പ മാതൃകയില്‍ രൂപകല്‍പന. ടെര്‍മിനലിന്റെ മുകളിലത്തെ നില പുറപ്പെടുന്ന യാത്രക്കാര്‍ക്കും, താഴത്തെ നില ആഗമന യാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്ന നിലയിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്‌. 112 ചെക്ക്‌ ഇന്‍ കൗണ്ടറുകള്‍, ഇന്‍ലൈന്‍ ബാഗേജ്‌ പരിശോധന സംവിധാനം, 100 എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, 19 ബോര്‍ഡിംഗ്‌ ഗേറ്റുകള്‍, 15 എയ്‌റോബ്രിഡ്ജുകള്‍, ആറ്‌ ബാഗേജ്കെയര്‍ ബെല്‍റ്റുകള്‍ എന്നീ സൗകര്യങ്ങള്‍ പുതിയ ടെര്‍മിനലില്‍ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.