ജയില്‍ വാര്‍ഡന്റെ വീട്ടിലേയ്ക്ക്‌ ബോംബേറ്‌; അഞ്ച്‌ പ്രതികള്‍ പിടിയില്‍

Saturday 1 February 2014 10:19 pm IST

പെരുമ്പാവൂര്‍: ആലുവ ജയില്‍ വാര്‍ഡന്‍ കാലടി ചെങ്ങല്‍ സ്വദേശി അജുമോന്റെ വീട്ടില്‍ ബോംബെറിഞ്ഞ കേസിലെ പ്രധാനികളായ അഞ്ച്‌ പ്രതികളെ കുറുപ്പംപടി സിഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ്‌ ചെയ്തു. 24 പ്രതികളാണ്‌ സംഭവത്തിന്‌ പിന്നിലുള്ളതെന്ന്‌ പിടിയിലായ പ്രതികള്‍ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു.
ഒക്കല്‍ പെരിയാര്‍ പൈപ്പ്‌ കമ്പനിക്ക്‌ സമീപം ആപ്പനകുഴി യദു (22), അയ്യമ്പുഴ കൂളിരാംതോട്‌ ഭാഗത്ത്‌ പ്ലാന്റേഷനില്‍ വടോപ്പിള്ളി പോത്തന്‍ ബൈജു എന്ന വിളിക്കുന്ന ബൈജു (38), അയ്യമ്പുഴ ചുള്ളിക്കരയില്‍ കുറ്റിപ്പാറ ഭാഗത്ത്‌ കോടിതോട്‌ വീട്ടില്‍ അജീഷ്‌ (27), തവളപ്പാറ ചെങ്ങനാട്ട്‌ രഞ്ചീഷ്‌ (23), മറ്റൂര്‍ തോട്ടകം കൈതാരത്ത്‌ ബിനോയി (27) എന്നിവരാണ്‌ പിടിയിലായത്‌.
കഴിഞ്ഞ ജനുവരി 27-ന്‌ രാത്രിയിലാണ്‌ സംഭവം. അഞ്ച്‌ ബൈക്കിലെത്തിയ പത്തംഗ സംഘമാണ്‌ ആക്രമണം നടത്തിയത്‌. നെടുമ്പാശ്ശേരി പോലീസ്‌ സ്റ്റേഷനിലെ കേസുകളില്‍ റിമാന്‍ഡില്‍ ആയിരുന്ന പ്രതികളില്‍ ചിലര്‍ക്കും ഇവരുടെ ഉറ്റ സുഹൃത്തുക്കള്‍ക്കും ജയില്‍ വാര്‍ഡനോടുള്ള വൈരാഗ്യമാണ്‌ ആക്രമണത്തിന്‌ പിന്നില്‍. പ്രതികള്‍ ജയിലില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ അജുമോന്‍ ചോദ്യം ചെയ്തതാണ്‌ വൈരാഗ്യത്തിന്‌ കാരണമെന്നും കുറുപ്പംപടി സിഐ ക്രിസ്പിന്‍ സാം പറഞ്ഞു.
അജുമോന്റെ മാതാവ്‌ ജമീല സഹോദരി അംജത്‌ എന്നിവരെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പ്രതികള്‍ക്കെതിരെ കേസുണ്ട്‌. ഒരുലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ്‌ വീട്ടില്‍ സംഭവിച്ചിട്ടുള്ളത്‌. കുറുപ്പംപടി, കാലടി പോലീസ്‌ ചേര്‍ന്നാണ്‌ കാലടിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌. മറ്റ്‌ പ്രതികളെ ഉടനെ പിടികൂടുമെന്ന്‌ ക്രിസ്പിന്‍ സാം പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.