കെപിബി ദ മോസ്റ്റ്‌ വാണ്ടഡ്‌

Saturday 1 February 2014 11:05 pm IST

വാണ്ടഡില്‍നിന്ന്‌ മോസ്റ്റ്‌ വാണ്ടഡിലേക്ക്‌ കടന്നു കയറാന്‍ 50 വര്‍ഷം വേണ്ടിവന്നു. അലെങ്കിലും നല്ല കാര്യങ്ങള്‍ക്കു സമയമേറെ വേണം. അതുകൊണ്ടുതന്നെയാണ്‌ കെ.പിബി ഇന്നു മോസ്റ്റ്‌ വാണ്ടഡ്‌ ആയിരിക്കുന്നത്‌. പരസ്യ മേഖലയിലെ മോസ്റ്റ്‌ വാണ്ടഡ്‌.
"ഒരു ക്ലാസിഫൈഡ്‌ പരസ്യത്തിന്‌ അന്നു രണ്ടര രൂപയായിരുന്നു ചാര്‍ജ്ജ്‌. കമ്മീഷന്‍ 10 ശതമാനവും. ഞങ്ങളുടെ ആദ്യത്തെ ക്ലാസിഫൈഡ്‌ പരസ്യം കോട്ടയത്തെ ബി.സി.എം. കോളജിന്റെ വാണ്ടഡ്‌ എന്നതും ഡിസ്പ്ലേ പരസ്യം ചങ്ങനാശ്ശേരി മറീന ഹോട്ടലിന്റെ ഉദ്ഘാടനവും ആയിരുന്നുവെന്ന്‌ ടി.ഒ. ഫിലിപ്പ്‌ അനുസ്മരിക്കുന്നു." അഞ്ചു ദശകം തികച്ച സുവര്‍ണ്ണ നേട്ടങ്ങളുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന കെപിബി എന്ന പരസ്യക്കമ്പനിയുടെ ഇപ്പോഴത്തെ അമരക്കാരനാണ്‌ ഫിലിപ്പ്‌.
പരേതനായ ടി.ഒ.കുര്യാക്കോസും സഹോദരനും ഇന്നത്തെ ഭരണസാരഥിയായ ടി.ഒ. ഫിലിപ്പും പ്രതിസന്ധികളെ അതിജീവിച്ച്‌ വിശ്വസ്തതയോടെ ഇടപാടുകാരുടെ സംതൃപ്തി നേടിക്കൊണ്ട്‌ തുടക്കംകുറിച്ച കെപിബി എന്ന കേരള പബ്ലസിറ്റി ബ്യൂറോ കേരളത്തിലെ ആദ്യത്തെ ഐഇഎന്‍എസ്‌ അക്രഡിറ്റഡ്‌ പരസ്യ ഏജന്‍സിയാണ്‌.
ടി.ഒ.കുര്യാക്കോസ്‌ ആദ്യം കോട്ടയത്തെ പള്ളത്ര ബ്രിക്സ്‌ ആന്റ്‌ ടെയില്‍സ്‌ ലിമിറ്റഡിലെ ഒരു ജീവനക്കാരനായിരുന്നു. പിന്നീട്‌ അഡ്വട്ടൈസിംഗ്‌ മാനേജര്‍ എന്ന നിലയില്‍ 'കേരളധ്വനി'യിലെ ഔദ്യോഗിക ജീവിതത്തിലെത്തി. തന്റെ പ്രവര്‍ത്തനമണ്ഡലം പരസ്യരംഗമായി മാറ്റാന്‍ അദ്ദേഹത്തിന്‌ പ്രേരണയായത്‌. ലക്ഷ്യപ്രാപ്തിയിലെത്തി, വിജയം കൈവരിച്ച്‌ സന്മാര്‍ഗ നിഷ്ഠമായ മൂല്യങ്ങളെ അവശേഷിപ്പിച്ചാണ്‌ 1988 ജൂലൈ 30ന്‌ ടി.ഒ. കുര്യാക്കോസ്‌ വിടവാങ്ങിയത്‌. 1964ല്‍ കോട്ടയത്ത്‌ ആരംഭിച്ച കെപിബിയുടെ അഭിവൃദ്ധിയില്‍ ഇരുസഹോദരന്മാര്‍ക്കുമുള്ള സ്ഥാനം തികച്ചും സുപ്രധാനമാണ്‌.
കേരളത്തിലെ പരസ്യമേഖലയെ ഇന്നത്തെ നിലയില്‍ വളര്‍ത്തി എടുക്കുന്നതിന്‌ കെപിബി നല്‍കിയ സംഭാവനകള്‍ അതുല്യമാണ്‌. കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ പരസ്യ ഏജന്‍സി എന്ന്‌ കെപിബിയെ വിശേഷിപ്പിക്കാം. കേരളത്തിലെ ആര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റോടുകൂടിയ ആദ്യത്തെ പരസ്യ ഏജന്‍സി എന്ന ബഹുമതിയും കെപിബിക്ക്‌ സ്വന്തമാണ്‌. വളര്‍ച്ചയുടെ പാളത്തിലൂടെ കുതിച്ച്‌ കെപിബി 1967ല്‍ എറണാകുളത്തെത്തി.
കെപിബിയുടെ വികസനചരിത്രത്തിലെ ഒരു സുപ്രധാനവര്‍ഷമായിരുന്നു 1973. അന്നാണ്‌ ഇന്ത്യന്‍ ആന്റ്‌ ഈസ്റ്റേണ്‍ ന്യൂസ്‌ പേപ്പര്‍ സൊസൈറ്റിയും (ഐഇഎന്‍എസ്‌) ഇന്ത്യാ ഗവണ്മെന്റിന്റെ ഡയറക്ടറേറ്റ്‌ ഓഫ്‌ അഡ്വട്ടൈസിംഗ്‌ & വിഷ്വല്‍ പബ്ലിസിറ്റിയും (ഡിഎവിപി) കെപിബിയെ കേരളത്തിലെ പ്രഥമ അക്രഡിറ്റഡ്‌ പരസ്യ ഏജന്‍സിയായി അംഗീകരിച്ചത്‌. ഇതിലൂടെ ഇന്ത്യയുടെ പരസ്യഭൂപടത്തില്‍ കേരളത്തിന്റെ പ്രതീകമായി.
1977ല്‍ കോഴിക്കോട്ടും 1980-ല്‍ തിരുവനന്തപുരത്തും കെപിബി ശാഖകള്‍ തുടങ്ങി. 1984ല്‍ കെപിബിയെ ഒരു പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാക്കി മാറ്റി. 1984-85 കാലഘട്ടത്തില്‍ ഇന്ത്യന്‍ പരസ്യമേഖലയില്‍ കെപിബി 11-ാ‍ം സ്ഥാനം നേടി. 1987ല്‍ മദ്രാസില്‍ ഒരു ബ്രാഞ്ച്‌ തുടങ്ങി. ഈ കാലയളവില്‍ വളര്‍ച്ചയോടൊപ്പം കമ്പനിയുടെ നിലനില്‍പ്പിന്റെ പ്രശ്നങ്ങളും തലയുയര്‍ത്തി. 1988 ജൂലൈ 30ലുണ്ടായ ടി.ഒ. കുര്യാക്കോസിന്റെ ആകസ്മിക വേര്‍പാട്‌ കമ്പനിക്ക്‌ വലിയ ആഘാതമായിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം സധൈര്യം നേരിട്ടു. 1990ല്‍ കെപിബി ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍ എന്നീ മാധ്യമങ്ങളുടെ അംഗീകാരം നേടി.
അഞ്ച്‌ ദശാബ്ദത്തോളം കാലത്തെ അനുഭവസമ്പത്തോടുകൂടിയ പ്രവര്‍ത്തനത്തിനിടയില്‍ കേരളത്തിലെ വ്യാവസായിക വളര്‍ച്ചയിലും കെപിബിയുടെ പങ്ക്‌ സ്തുത്യര്‍ഹമാണ്‌. പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്ന പരസ്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ എന്നും ശ്രദ്ധ ചെലുത്തല്‍ നടത്തുന്ന കെപിബി പരസ്യ കലാരംഗത്തെ കാലാനുസൃതമായ മാറ്റങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
1985ല്‍ അഡ്വട്ടൈസിംഗ്‌ ക്ലബ്‌ ചെന്നൈയില്‍ സംഘടിപ്പിച്ച പത്താമത്‌ ആര്‍ട്ട്‌ എക്സിബിഷനില്‍ ആലപ്പാട്ട്‌ ജൂവലറി ഉദ്ഘാടന പരസ്യത്തിന്‌ 'പ്രസ്‌ അഡ്വര്‍ട്ടൈസിംഗ്‌ അവാര്‍ഡ്‌' കെപിബി കരസ്ഥമാക്കി. അതേ വര്‍ഷം 'റേഡിയോ സ്പോട്ട്‌ ഡെവലപ്പ്ഡ്‌ അവാര്‍ഡും', 2010 ല്‍ 'ഫുക്ക അവാര്‍ഡും' ലഭിച്ചു. പത്രമാധ്യമങ്ങളുടെ ബിസിനസ്‌ ടേണ്‍ ഓവറില്‍ വര്‍ഷങ്ങളോളം ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുവാന്‍ കെപിബിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
കമ്പനിയുടെ ഭരണ സാമ്പത്തിക ക്രമീകരണങ്ങളെ മുന്‍നിര്‍ത്തി കെപിബിയുടെ കോട്ടയത്തെ ആഫീസിന്റെ പ്രവര്‍ത്തനം കേരള പബ്ലിസിറ്റി ബ്യൂറോ എന്ന പേരില്‍ ടി.ഒ. ഫിലിപ്പിന്റെ പുത്രന്‍മാരായ ജെയിസണ്‍ ഫിലിപ്പിന്റെയും, ജെബിസണ്‍ ഫലിപ്പിന്റെയും നേതൃത്വത്തിലും കൊച്ചിയിലെ ഓഫീസിന്റെ പ്രവര്‍ത്തനം കെപിബി അഡ്വട്ടൈസിംഗ്‌ എന്ന പേരില്‍ ടി.ഒ. കുര്യാക്കോസിന്റെ പുത്രന്‍ കുര്യാക്കോസ്‌ ജോസിന്റെ നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ ചുമതലകളും ബാദ്ധ്യതയും ഉത്തരവാദിത്തത്തോടും സത്യസന്ധതയോടും കാര്യക്ഷമതയോടും നിറവേറ്റുന്നവര്‍ക്ക്‌ ദൈവത്തിന്റെ കരുണയും കരുതലും സംരക്ഷണവും ഉണ്ടാകുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ്‌ കെപിബിയും അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുമെന്ന്‌ ടി.ഒ ഫിലിപ്പ്‌ വിശ്വസിക്കുന്നു.
ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ ഫെബ്രുവരി അഞ്ചിന്‌ വൈകുന്നേരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ തുടക്കമാകും.
കെ.ഡി.ഹരികുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.