കാവാലം കാളിദാസന്റെ നാട്ടിലെത്തി; ഒരു കണ്ടെയ്നര്‍ നിറഞ്ഞ്‌...

Saturday 1 February 2014 10:52 pm IST

മഹാകവി കാളിദാസന്റെ മണ്ണില്‍ ഫെബ്രുവരി മൂന്നു മുതല്‍ നടക്കാന്‍ പോകുന്ന സോപാനം ഫെസ്റ്റിവലിലെ കാവാലം നാരായണപ്പണിക്കര്‍ റിട്രോസ്പെക്ടീവിനെക്കുറിച്ച്‌ കാവാലം ശശികുമാര്‍
കാവാലം എത്തും മുമ്പേ കാവാലം ഭോപ്പാലിലെത്തി; ഒരു വലിയ കണ്ടെയ്നറില്‍. കാളിദാസന്റെ നാട്ടില്‍, ഭാസന്റെ വഴിതുടര്‍ച്ചക്കാരനായ കാവാലം ഒരാഴ്ച അക്ഷരാര്‍ത്ഥത്തില്‍ ഇനി അരങ്ങു വാഴും. മധ്യപ്രദേശിലെ ശിവരാജ്സിംഗ്‌ ചൗഹാന്‍ സര്‍ക്കാര്‍ കേരളത്തിന്റെ കലാപൈതൃകത്തെ തിരിച്ചറിഞ്ഞതിന്റെ സാക്ഷ്യമാകുന്നത്‌ ഉജ്ജയിനിയുടെ നാടിന്റെ പുതിയ ചില ഉറങ്ങാത്ത രാപ്പകലുകള്‍.
ഭോപ്പാലിലെ ഭാരത്ഭവന്‍ പ്രസിദ്ധമാണ്‌. ഏക്കര്‍ കണക്കിന്‌ പ്രദേശത്ത്‌ ഏഥന്‍സിലെ തീയറ്റര്‍ സംവിധാനങ്ങളോടു കിടപിടിക്കുന്ന സാങ്കേതികതകളുള്ള രംഗവേദികളും ഭാരതത്തിന്റെ സാംസ്ക്കാരിക വൈവിധ്യത്തിന്റെ മിനിയേച്ചറുകളും നിറഞ്ഞ സാംസ്ക്കാരിക കേന്ദ്രം. അര്‍ജുന്‍ സിംഗെന്ന രാഷ്ട്രീയക്കാരനെ അഴിമതിയും അവഗണനയും പോലുള്ള വാക്കുകള്‍ക്കൊപ്പമാണധികവും ഓര്‍മ്മിക്കുക. എന്നാല്‍ ഒരിക്കലെങ്കിലും ഭോപ്പാലിലെ ഭാരത്ഭവന്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക്‌ സിംഗിന്റെ സാംസ്ക്കാരിക ബോധത്തെ, രാഷ്ട്രീയം കലരാത്ത രാഷ്ട്രബോധത്തെ പ്രശംസിക്കാന്‍ തോന്നിപ്പോകും. അവിടെ 2014 ഫെബ്രുവരി മൂന്നു മുതല്‍ കാവാലം നാരായണപ്പണിക്കര്‍ റിട്രോസ്പെക്ടീവ്‌ അക്ഷരാര്‍ത്ഥത്തില്‍ അരങ്ങു വാഴാന്‍ പോവുകയാണ്‌, പത്തുവരെ. സോപാനം ഫെസ്റ്റിവലിലൂടെ.
കേരള നാടകപാരമ്പര്യത്തിന്റെ സ്വത്വം കണ്ടെത്താനിറങ്ങിയ നാരായണപ്പണിക്കര്‍ ഭാരത നാടകവേദിക്ക്‌ പുതിയൊരു നാടക വഴിത്താരതന്നെ സൃഷ്ടിക്കുകയായിരുന്നു. തനതു നാടകവേദി എന്ന മലയാളത്തിന്റെ ആ സങ്കല്‍പ്പം ഇന്ന്‌ ഒട്ടുമിക്ക ഭാരത സംസ്ഥാനങ്ങളിലും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. അതിന്‌ മാതൃകയായത്‌ കാവാലം നാരായണപ്പണിക്കരാണ്‌. അദ്ദേഹത്തിന്‌ മാര്‍ഗദര്‍ശിയായത്‌ ഭാസ നാടകങ്ങളാണ്‌, ആ വഴിയില്‍ ചുവടുവപ്പിച്ചത്‌ ജി.ശങ്കരപ്പിള്ളയെപ്പോലുള്ള ആദ്യകാല നാടക പ്രവര്‍ത്തകരാണ്‌; ഇരുണ്ട ഗുഹാവഴികളില്‍ തീവെട്ടി പിടിച്ചത്‌ ജി. അരവിന്ദനെപ്പോലുള്ള കലാപ്രേമികളാണ്‌; തനതിന്റെ തനിമ അരങ്ങത്തു പൊലിപ്പിച്ചത്‌ ഭരത്ഗോപിയെപ്പോലുള്ള അഭിനയ തപസ്വികളാണ്‌. നാല്‌ പതിറ്റാണ്ടിലെത്തുന്ന ആ നാടകജീവിതത്തിന്റെ ഉത്സവാഘോഷം കടലും കടന്ന്‌ പോയെങ്കിലും കാല്‍ച്ചുവട്ടിന്‌ ചുറ്റും ഇനിയും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയം തോന്നിപ്പോകാം. ഇപ്പോഴിതാ രണ്ടാം വിജയപര്യടനത്തിന്റെ പുതിയ തുടക്കം പോലെ തോന്നിപ്പിക്കുന്നൂ ഭോപ്പാലിലേക്കുളള ഈ പുറപ്പാട്‌.
കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടക സംഘം അവതരിപ്പിക്കുന്ന ആറ്‌ നാടകങ്ങളുടെ ഉത്സവമാണ്‌ സോപാനം ഫെസ്റ്റിവല്‍. നാല്‍പ്പതോളം നാടക പ്രവര്‍ത്തകരുടെ സംഘം ഭോപ്പാലിലെത്തിക്കഴിഞ്ഞു.
പക്ഷേ കാവാലം അവിടെ എത്തും മുമ്പേ കാവാലം എന്ന നാട്‌ അവിടെ എത്തിയെന്നതാണ്‌ വിശേഷ വാര്‍ത്ത. ഒരു വലിയ കണ്ടെയ്നറില്‍! അതെ, കാവാലത്തിന്റെ ഒരു മിനിയേച്ചര്‍ ഭോപ്പാലിലെ ഭാരത്ഭവനില്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ്‌ ഈ നാടകോത്സവം ഭാരത്ഭവനില്‍ തുടങ്ങിയത്‌. ഒരു സംസ്ഥാനത്തെ പ്രമുഖ നാടക പ്രവര്‍ത്തകന്റെ ജീവിതവും കലയും അദ്ദേഹത്തിന്റെ നാടിന്റെ സംസ്ക്കാരവും അവതരിപ്പിക്കുകയാണ്‌ മദ്ധ്യപ്രദേശ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ കാവാലത്തെ അവതരിപ്പിക്കുമ്പോള്‍ അവിടെ കാവാലം പുനഃസൃഷ്ടിക്കാതെ പറ്റില്ലല്ലൊ.
ഭാരത്ഭവന്‍ സാംസ്ക്കാരിക സെക്രട്ടറി രസ്തോഗി ഈ ഉത്സവത്തെക്കുറിച്ച്‌ കാവാലത്തോട്‌ സംസാരിക്കാനും ക്ഷണിക്കാനുമായി കേരളത്തില്‍ വന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ കാര്‍ഷിക പ്രദേശത്തെ പമ്പയും പുഞ്ചയും പച്ചപ്പും നിറഞ്ഞ കാവാലം കണ്ടപ്പോള്‍ രസ്തോഗി നിശ്ചയിച്ചു, കാവാലം നാടകങ്ങള്‍ കാവാലത്തു നാടിന്റെ പശ്ചാത്തലത്തില്‍ത്തന്നെ വേണം. പക്ഷേ അത്‌ ഭോപ്പാലിലെ ഭാരത്ഭവനിലാവുകയും വേണം. അതിനെന്താണു മാര്‍ഗ്ഗം. ഒടുവില്‍ നിശ്ചയിച്ചു കാവാലത്തെ ഒരു കണ്ടെയ്നറില്‍ കയറ്റിക്കൊണ്ട്‌ പോവുക. അങ്ങനെ ജനുവരി 19 ന്‌ ആ കണ്ടെയ്നര്‍ ഭോപ്പാലിലേക്ക്‌ തിരിച്ചുപോയി; നോഹയുടെ പെട്ടകത്തിന്റെ ഒരു മിനിപ്പതിപ്പ്‌, അതിനുള്ളില്‍ കാവാലത്തിന്റെ മിനിച്ചേറിന്‌ പറ്റുന്ന വിവിധ വസ്തുക്കളും.
തെങ്ങിന്‍ കുരുത്തോല 20 എണ്ണം, വാഴ വേരു പോകാതെ ഏഴെണ്ണം, തഴപ്പായ, കലപ്പ, ചക്രം, മുപ്പറക്കൊട്ട, പറ, നാഴി, ചങ്ങഴി, തെങ്ങിന്‍ പൂക്കുല, തുഴ, പങ്കായം, മമ്മട്ടി, മണ്‍കോരി, കൊയ്ത്തരിവാള്‍ തുടങ്ങി കാര്‍ഷികോപകരണങ്ങള്‍ തന്നെ ഇരുപത്തഞ്ചോളം വരും. തീര്‍ന്നില്ല, എട്ടു കതിര്‍മാടങ്ങളാണ്‌ കണ്ടെയ്നര്‍ കയറിയത്‌. ഒരു വലിയ പ്രത്യേക കതിര്‍മാടവും ഏഴെണ്ണവും!! സോപാനം ഫെസ്റ്റിവലില്‍ കാവാലം നാടകം കാണാനൊരുങ്ങുന്നവര്‍ ഭോപ്പാലിലെ ഭാരത്ഭവനിലായിരിക്കില്ല, കാവാലത്തിന്റെ അന്തരീക്ഷത്തിലായിരിക്കും നാടകം കാണുക. കാവാലത്തെ അവിടെ പുനഃസൃഷ്ടിക്കാന്‍ സോപാനത്തിന്റെ രംഗവേദി ഒരുക്കുന്ന ഒരു സംഘം കിച്ചുആര്യാടിന്റെ നേതൃത്വത്തില്‍ ജോലി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്‌.
തീര്‍ന്നില്ല, കാവാലവും കാവാലവും മാത്രം പോരല്ലോ കേരളത്തിനെ സമഗ്രമായി തിരിച്ചറിയാന്‍. കേരളത്തിന്റെ തനതു സംഗീതം സോപാനമാണെന്ന്‌ കണ്ടെത്തിയ കാവാലം കേരളത്തിന്റെ സംഗീത പാരമ്പര്യവും അവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അതിനായി കിട്ടാവുന്നത്ര പഴക്കമുള്ള സംഗീതോപകരണങ്ങള്‍ കണ്ടെയ്നറില്‍ കയറ്റിയിരുന്നു. നന്തുണി, പുള്ളുവ വീണ, ഇടയ്ക്ക, മദ്ദളം, ചേങ്ങില, ചെണ്ട, മൃദംഗം, ഗഞ്ചിറ തുടങ്ങിയവ. അവയില്‍ നാട്ടിമ്പുറത്തെ തനി നാടന്‍സംഗീതോപകരണങ്ങളുമുണ്ട്‌. തീരുന്നില്ല, സംഗീതസാമ്രാട്ടായിരുന്ന സ്വാതിതിരുനാള്‍ രാജാവിന്റെ സംഗീതോപകരണ ശേഖരത്തിന്റെ അത്യപൂര്‍വ വാദ്യോപകരണങ്ങള്‍ പ്രദര്‍ശനത്തിനായി കൊണ്ടുപോയിട്ടുണ്ട്‌. കേരളത്തിന്റെ സംഗീത പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഒരു മികച്ച പ്രദര്‍ശനം തന്നെയാകുമത്‌.
കാവാലം നാരായണപ്പണിക്കരുടെ കലാജീവിതം ആദ്യന്തം നേരിട്ടറിയാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ആറു നാടകങ്ങളാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. രണ്ട്‌ നാടകങ്ങള്‍ സംസ്കൃതത്തില്‍-രണ്ടും ഭാസന്റെ നാടകങ്ങള്‍, പ്രതിമാ നാടകവും ഊരുഭംഗവും. രണ്ടെണ്ണം മലയാളത്തില്‍, കല്ലുരുട്ടിയും ഭഗവദജ്ജുകവും. രണ്ട്‌ ഹിന്ദി നാടകങ്ങളുണ്ട്‌, ഉത്തര രാമചരിതവും സംഗമനീയവും. ഇതിനു പുറമേ ശാകുന്തളത്തിന്‌ കാവാലം രചിച്ച പുതിയ രംഗഭാഷ്യമായ ഛായാ ശാകുന്തളം നാഷണല്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ ദല്‍ഹി പ്രൊഫഷണല്‍ സംഘം അവതരിപ്പിക്കുന്നുണ്ട്‌. ആദ്യത്തെ ആറു നാടകങ്ങളും അവതരിപ്പിക്കുന്നത്‌ സോപാനം കലാകാരന്മാര്‍ തന്നെയാണ്‌.
ഇതോടൊപ്പം മൂന്നു ദിവസം കാവാലംനാടകത്തേയും കവിതയേയും സംഗീതത്തേയും അധികരിച്ച്‌ ദേശീയ സെമിനാറും നടക്കും. സോപാന സംഗീതം അവതരിപ്പിക്കാന്‍ മകന്‍ കാവാലം ശ്രീകുമാര്‍ ഉണ്ട്‌. കാവാലം എഴുതിയ കൃതികളാണ്‌ സോപാനസമ്പ്രദായത്തില്‍ ആലപിക്കുക. ദല്‍ഹിയില്‍നിന്ന്‌ മലയാളിയായ കോഴിക്കോട്‌ സ്വദേശി ജയപ്രഭാ മോഹന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിന്റെ കൃതികളും കാവാലത്തിന്റേതു തന്നെ.
കേരളത്തിന്റെ പ്രത്യേകതയായ ആനച്ചമയങ്ങള്‍, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട, നെറ്റിപ്പട്ടം തുടങ്ങിയവ കണ്ടെയ്നറില്‍ കയറി. വടക്കന്‍ കേരളത്തിന്റെ തെയ്യത്തിന്‌ തെയ്യത്തെയ്യക്കാരനെ പരിചയപ്പെടുത്തുന്നതില്‍ ഒരു പ്രധാന സ്ഥാനമുണ്ടല്ലൊ. അങ്ങനെ തെയ്യക്കോലവും വെളിച്ചപ്പാടും തൊപ്പിപ്പാളയും എല്ലാമെല്ലാം കയറ്റിയാണ്‌ കാവാലം കണ്ടെയ്നര്‍ ഭോപ്പാലിലേക്കു പോയത്‌.
അവിടെ കാവാലത്തിന്റെ നാടകങ്ങളിലെ മുഴുവന്‍ വേഷങ്ങളുടേയും ചമയങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതില്‍ അവനവന്‍ കടമ്പക്ക്‌ സംവിധായകന്‍ ജി.അരവിന്ദന്‍ സ്വന്തം കൈകൊണ്ടുണ്ടാക്കിയ നാടകച്ചമയങ്ങളുണ്ട്‌. ആദ്യകാല നടന്മാരായ ഭരത്‌ ഗോപിയും ജഗന്നാഥവര്‍മയും നെടുമുടി വേണുവും മറ്റും അണിഞ്ഞ വേഷങ്ങളുമുണ്ടാകും. 20 കൂറ്റന്‍ പെട്ടികളില്‍ നിറച്ച നാടക ചമയങ്ങള്‍ ആദ്യത്തെ നാടകത്തിന്റെ ആടകളും ആമാടങ്ങളും മറ്റും അടങ്ങിയതാണ്‌.
കഥാപാത്രങ്ങളുടെ ഡമ്മിയുണ്ടാക്കി അതില്‍ വേഷം ചാര്‍ത്തിച്ച്‌ നാടക ഗ്രാമത്തില്‍ അവ പ്രദര്‍ശിപ്പിക്കും. അവിടെ ദൈവത്താറും, പറങ്കിയും, ഉമ്പ്രാശനും തെയ്യത്തെയ്യവും നാടകോത്സവത്തിന്‌ സാക്ഷിയായി നില്‍ക്കും. കാവാലത്തിന്റെ സമഗ്ര കലാജീവിതത്തിലെ അപൂര്‍വ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഫോട്ടോകളുടെ പ്രദര്‍ശനമാണ്‌ മറ്റൊരു ആകര്‍ഷണം. ഇല്യായണവുമായി ഗ്രീക്കു നാടകവേദികളെ കീഴടക്കിയ ചരിത്രമുഹൂര്‍ത്തവും ഇങ്ങു ജന്മഗ്രാമത്തില്‍ സപ്തതി ആഘോഷത്തിന്‌ നാടന്‍ പാട്ടുകാരിയായ കാവാലം രംഭയോടൊപ്പം കയ്യടിച്ചു പാടുന്ന കാവാലം ചിത്രവും ആ പ്രദര്‍ശിനിയിലുണ്ടാവും.
ടോട്ടല്‍ ആക്ടര്‍, മോഹന്‍ലാലിന്റെ വെബ്സൈറ്റിന്റെ പേരങ്ങനെയാണ്‌, സ്വന്തം വിശേഷണമായാലും ആരാധകരുടെ അര്‍ച്ചനയാണെങ്കിലും കാവാലവും ലാലിനെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്‌. (കാവാലത്തിന്റെ കര്‍ണഭാരം എന്ന നാടകത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി മോഹന്‍ലാല്‍ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും അര്‍പ്പണവും തന്നെ അതിന്‌ കാരണം.) ആ മോഹന്‍ലാലിന്റെ വിസ്മയ എന്ന അനിമേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ തയ്യാറാക്കിയ കാവാലത്തിന്റെ പടുകൂറ്റന്‍ കാരിക്കേച്ചറുമുണ്ട്‌ കണ്ടെയ്നറില്‍. അതും ഭാരത്ഭവനില്‍ പ്രദര്‍ശനത്തിനു കണ്ടെനര്‍ കയറിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.