ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

Sunday 2 February 2014 2:29 pm IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി കേന്ദ്ര ജലവിഭവമന്ത്രി ഹരീഷ് റാവത്ത് അധികാരമേറ്റു. ഇന്നലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നു രാജിവച്ച വിജയ് ബഹുഗുണയുടെ പിന്‍ഗാമിയായാണു റാവത്തിന്റെ സ്ഥാനാരോഹണം. ഹരീഷ് റാവത്തും 11 അംഗമന്ത്രിസഭയുമാണ് ഗവര്‍ണര്‍ അസീസ് ഖുറേഷിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മുഖം മിനുക്കല്‍ നടപടികളുടെ ഭാഗമായാണ് കോണ്‍ഗ്രസ് നേതൃത്വം വിജയ് ബഹുഗുണയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയത്. ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രകൃതിദുരന്തം നേരിടുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണവും പാര്‍ട്ടിയിലെ ചേരിപ്പോരുമാണ് വിജയ് ബഹുഗുണയ്ക്കു വിനയായത്. വെള്ളിയാഴ്ചയാണ് അദ്ദേഹം രാജിവച്ചത്. രണ്ടു തവണ കൈവിട്ടുപോയ മുഖ്യമന്ത്രിപദമാണു റാവത്തിനെ തേടിയെത്തിയത്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ റാവത്ത് മുഖ്യമന്ത്രിയാകുമെന്നു കരുതപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് റാവത്തിന്രെ പേര് നിര്‍ദ്ദേശിച്ചത്. നിലവില്‍ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ ഹരീഷ് റാവത്തിനെ  മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച്    കോണ്‍ഗ്രസ്  എം.പി  സത്പാല്‍ മഹാരാജിന്റെ അനുയായികള്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്ന് സത്യപ്രതിജ്ഞാചടങ്ങ്    നാലുമണിക്കൂര്‍ വൈകിയാണ് നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.