സിപിഎമ്മിന്‌ താക്കീതായി ബിജെപി കണ്‍വെന്‍ഷനും പൊതുയോഗവും

Sunday 2 February 2014 6:26 pm IST

പാനൂര്‍(കണ്ണൂര്‍): ബിജെപി പാട്യം പഞ്ചായത്ത്‌ കണ്‍വെന്‍ഷനും പൊതുയോഗവും സിപിഎം നേതൃത്വത്തിനും രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്കും ശക്തമായ താക്കീതായി. ആയിരങ്ങള്‍ ചെറുവാഞ്ചേരി വില്ലേജില്‍ നിന്നും ബിജെപി വിട്ട്‌ ചെങ്കൊടിയേന്തുമെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ചെറുവാഞ്ചേരി സ്വദേശിയും കഴിഞ്ഞ ദിവസം ബിജെപി വിട്ട്‌ സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.അശോകനും അവകാശപ്പെട്ടിരുന്നു . എന്നാല്‍ ഏതാനും ദിവസം മുമ്പ്‌ പാനൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സിപിഎം പൊതുയോഗത്തില്‍ പ്രലോഭിപ്പിച്ചും മറ്റും എത്തിച്ചത്‌ വിരലിലെണ്ണാവുന്ന ബിജെപി പ്രവര്‍ത്തകരെ മാത്രമായിരുന്നു. ചെറുവാഞ്ചേരിയില്‍ ഇന്നേവരെ സാക്ഷ്യം വഹിക്കാത്ത ജനസഞ്ചയത്തെയാണ്‌ കഴിഞ്ഞ ദിവസം നടന്ന ബിജെപി പരിപാടിയില്‍ കണ്ടത്‌. ഇത്‌ ചെറുവാഞ്ചേരി ജനത സംഘപരിവാര്‍ പ്രസ്ഥാനത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ഭീകരതയുടെ എത്തിനോട്ടം എത്താത്ത ചെറുവാഞ്ചേരിയില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാന്‍ കഴിഞ്ഞ കുറേ നാളുകളായി സിപിഎം നേതൃത്വം ശ്രമിക്കുകയായിരുന്നു. അതിനായി ചെറുവാഞ്ചേരിയിലെ മുന്‍ ബിജെപി നേതാവും കൂട്ടുചേര്‍ന്നു. ചെറുവാഞ്ചേരിയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആദര്‍ശത്തോടൊപ്പം അടിയുറച്ച്‌ നിന്ന്‌ അഗ്നിപരീക്ഷണത്തെ അതിജീവിച്ചതിന്റെ വ്യക്തമായ തെളിവായി പഞ്ചായത്ത്‌ കണ്‍വെന്‍ഷനും പൊതുയോഗവും.
കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്‌ ഉദ്ഘാടനം ചെയ്തു. നിസ്സാരമായ ചില സംഘടനാ പ്രശ്നങ്ങള്‍ മുതലാക്കാന്‍ സിപിഎം നടത്തിയ നാണംകെട്ട രാഷ്ട്രീയക്കളി മനസ്സിലാക്കാന്‍ അന്നം തിന്നുന്നവന്‌ ആകും. അതുകൊണ്ട്‌ വിവരവും വിവേചനബുദ്ധിയുള്ളവര്‍ സിപിഎമമില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. 1967ല്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ട്‌ സിപിഎം ആരംഭിച്ച കൊലപാതക രാഷ്ട്രീയത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടത്‌ നിരവധി പ്രവര്‍ത്തകരെയാണ്‌. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററും പന്ന്യന്നൂര്‍ ചന്ദ്രനുമടക്കം ഒട്ടനവധി ധീരന്മാര്‍ നമുക്ക്‌ നഷ്ടമായി. സംഘത്തെ ആയുധം കൊണ്ട്‌ തകര്‍ക്കാനായിരുന്നു പിണറായിയുടെ നേതൃത്വത്തില്‍ ചോരപ്പുഴയൊഴുക്കിയത്‌. അതേ കരങ്ങള്‍ പുല്‍കാന്‍ ശ്രമിച്ചവര്‍ കാലത്തിന്‌ മുന്നില്‍ മാപ്പിരക്കേണ്ടിവരുമെന്നത്‌ നിസ്തര്‍ക്കമാണ്‌. പിണറായി ആയിരം ജന്മമെടുത്താലും സംഘപ്രസ്ഥാനങ്ങളെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി ഇന്ത്യ ഭരിക്കാന്‍ പോവുകയാണ്‌. അതിന്റെ അലയൊലികള്‍ രാജ്യത്താകമാനം ഉയരുകയാണ്‌. അതിനായി മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചെറുവാഞ്ചേരി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍ പാട്യം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.രഞ്ചിത്ത്‌, എന്‍.ചന്ദ്രന്‍, പി.സുധീര്‍, കെ.അജേഷ്‌ എന്നിവര്‍ സംസാരിച്ചു.
സ്വാര്‍ത്ഥ താല്‍പ്പര്യത്തിന്‌ വേണ്ടി പണയ വസ്തുക്കളായവര്‍ സിപിഎമ്മിന്റെ വഞ്ചന തിരിച്ചറിയണമെന്ന്‌ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ്‌ എം.ടി.രമേശ്‌ അഭ്യര്‍ത്ഥിച്ചു. കണ്‍വെന്‍ഷന്‌ ശേഷം ചെറുവാഞ്ചേരി ടൗണില്‍ നടന്ന ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച്‌ ചിലര്‍ വഞ്ചിക്കുകയാണ്‌. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം അധ:പതിച്ചതിന്റെ ദൃഷ്ടാന്തമാണ്‌ പാനൂരില്‍ കണ്ടത്‌. കാവി പിടിച്ച കരങ്ങള്‍ ചെങ്കൊടിയേന്തുമെന്ന്‌ കള്ളക്കണക്ക്‌ പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. ചുവന്ന കൊടിക്ക്‌ പകരം കാവിക്കൊടിയേന്തി പ്രവര്‍ത്തകര്‍ അണിനിരക്കാന്‍ പോകുകയാണ്‌. ചെറുവാഞ്ചേരിയിലെ പ്രവര്‍ത്തകരുടെ കൂടെ രാജ്യത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാകും. അനുകരണീയ മാതൃക കാട്ടി ആദര്‍ശത്തോടൊപ്പം ഉറച്ച്‌ നിന്നവരാണ്‌ ഇവിടുത്തുകാര്‍.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലും മോദി അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു.അവര്‍ മോദിയുടെ അനുയായികളായി മാറുന്ന കാഴ്ചയാണ്‌ ഇന്ന്‌ പല മേഖലകളിലും ഉള്ളത്‌. സിപിഎം സമരങ്ങള്‍ പരാജയപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. രാജ്യം മോദിയെ നെഞ്ചേറ്റിക്കഴിഞ്ഞു.
സുശക്തമായ ഭരണത്തിന്‌ സാരഥ്യം ഏറ്റെടക്കാന്‍ നരേന്ദ്രമോദിയെ രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണെന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. ആര്‍.വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.