അധര്‍മ്മികളെ തള്ളിപ്പറയണം: സ്വാമി കാശികാനന്ദഗിരിജി മഹാരാജ്‌

Sunday 2 February 2014 9:59 pm IST

ചെറുകോല്‍പ്പുഴ: ധര്‍മ്മം സംരക്ഷിക്കുന്നതിനോടൊപ്പം അധര്‍മ്മികളെ തള്ളിപ്പറയാനും നമ്മള്‍ തയാറാകണമെന്ന്‌ മുംബൈ കാന്തിവല്ലി ആനന്ദഭവന്‍ ആശ്രമ മഠാധിപതി സ്വാമി കാശികാനന്ദഗിരിജി മഹാരാജ്‌. 102-മത്‌ അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ വിദ്യാധിരാജ നഗറില്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു സ്വാമിജി.
ധര്‍മ വിരുദ്ധരെ ഉപേക്ഷിക്കുന്നതോടൊപ്പം തന്നെ നന്മ ചെയ്യുന്നവരെ അനുമോദിക്കാനുള്ള മനസ്സും നമുക്കുണ്ടാവണം. മനസ്സ്‌ ശുദ്ധമാണെങ്കില്‍ മാത്രമേ ഈശ്വരന്റെ കടാക്ഷമുണ്ടാകൂ. സകല മനുഷ്യരും ഏകോദര സഹോദരങ്ങളെപോലെ ജീവിക്കാനാണ്‌ ഹിന്ദുമതം പഠിപ്പിക്കുന്നത്‌. സകലചരാചരങ്ങളിലും ഈശ്വരാംശം ഉണ്ടെന്നാണ്‌ ഹൈന്ദവര്‍ വിശ്വസിക്കുന്നത്‌. ഇതിനാല്‍ ഹൈന്ദവര്‍ മറ്റ്‌ സഹജീവികളെ ഉപദ്രവിക്കുന്നവരല്ല എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ ടി.കെ.എ നായര്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥപാദരാണ്‌ കാശികാനന്ദഗിരിജിയുടെ പ്രസംഗം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരി, സ്വാമി സന്ദീപാനന്ദ ഗിരി, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ ടി.എന്‍. ഉപേന്ദ്രനാഥകുറുപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ പി.എസ്‌.നായര്‍, സെക്രട്ടറി എം.പി. ശശിധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന അതിഥിയായെത്തിയ കാശികാനന്ദഗിരി മഹാരാജിന്‌ വിദ്യാധിരാജ നഗറില്‍ ഭക്തിനിര്‍ഭരമായ സ്വീകരണമാണ്‌ നല്‍കിയത്‌. പുഷ്പവൃഷ്ടിയോടെയാണ്‌ സ്വാമിജിയെ സമ്മേളന നഗരിയിലേക്ക്‌ ആനയിച്ചത്‌.
പരിഷത്ത്‌ നഗറിലെത്തിയ വിദ്യാധിരാജ ജ്യോതിയെയും ചട്ടമ്പിസ്വാമിയുടെ ഛായാചിത്ര ഘോഷയാത്രയെയും പതാക ഘോഷയാത്രയെയും രാവിലെ ചെറുകോല്‍പ്പുഴയില്‍ സ്വീകരിച്ചു. തുടര്‍ന്ന്‌ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ്‌ പതാക ഉയര്‍ത്തിയതോടെയാണ്‌ ഹിന്ദുമത പരിഷത്തിന്‌ തുടക്കമായത്‌.
ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ സ്വാമി ഉദിത്‌ ചൈതന്യയും നാളെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠയും വൈകുന്നേരം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചറും പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.